മണിപ്പൂരില്‍ വീണ്ടും സംഘര്‍ഷം രൂക്ഷമായി, ഒരു സ്ത്രീ ഉള്‍പ്പടെ രണ്ടു പേര്‍ കൊല്ലപ്പെട്ടു.. 9 പേര്‍ക്ക് പരുക്ക്
മണിപ്പൂരില്‍ ഒരിടവേളയ്ക്കു ശേഷം വീണ്ടും സംഘര്‍ഷം രൂക്ഷമായി. സ്‌നിപ്പര്‍മാരെയും ഡ്രോണ്‍ ബോംബുകളും ഉപയോഗിച്ചു കൊണ്ടുള്ള ആക്രമണത്തില്‍ ഒരു സ്ത്രീ ഉള്‍പ്പെടെ 2 പേര്‍ കൊല്ലപ്പെടുകയും 9 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. ആക്രമണത്തിനു പിന്നില്‍ കുക്കി വിമതരെന്നു സംശയിക്കുന്ന ആളുകളാണെന്ന് പൊലീസ് പറഞ്ഞു. വെസ്റ്റ് ഇംഫാല്‍ ജില്ലയിലെ മെയ്‌തൈയ് മേഖലകളിലാണ് ആക്രമണം നടന്നത്. ആക്രമണത്തിന്റെ ഭാഗമായി ജനവാസ മേഖലയില്‍ ഡ്രോണുകള്‍ ഉപയോഗിച്ച് ബോംബെറിഞ്ഞത് സ്ഥിതി വഷളാക്കുമെന്ന് ആളുകള്‍ക്കിടയില്‍ ആശങ്കയുണ്ട്. മണിപ്പൂര്‍ കലാപത്തില്‍ ഡ്രോണ്‍ ഉപയോഗിച്ചുള്ള ബോംബേറ് സുരക്ഷാ സേനയ്ക്കും സാധാരണക്കാര്‍ക്കും വലിയ ഭീഷണിയാകുമെന്നാണ് വിലയിരുത്തല്‍. കാങ്പോക്പിയിലെ നാഖുജാങ് ഗ്രാമത്തില്‍നിന്ന് വെസ്റ്റ് ഇംഫാലിലെ കഡാങ്ബാന്റിലേക്കാണ് ആദ്യം ആക്രമണം തുടങ്ങിയത്. പ്രദേശത്തെ ഓരോ വീടിനു മുകളിലും ഒരു ഡ്രോണ്‍ വീതം ബോംബ് വര്‍ഷിച്ചെന്ന് കഡാങ്ബാന്‍ഡിലെ താമസക്കാര്‍ പറഞ്ഞു. 2023 മേയ് മൂന്നിനാണു മെയ്‌തെയ്, കുക്കി വിഭാഗങ്ങള്‍ തമ്മിലുള്ള വംശീയ സംഘര്‍ഷം തുടങ്ങിയത്. മെയ്‌തെയ് വിഭാഗക്കാര്‍ക്കു പട്ടികവര്‍ഗ പദവി നല്‍കണമെന്ന ആവശ്യം ശക്തമായതാണ് കാരണം.
No comments
Post a Comment