ഓരോ ട്രെയിൻ യാത്രക്കാരും ആഗ്രഹിച്ച പദ്ധതി അടുത്ത മാസം മുതൽ; ഇന്ത്യൻ റെയിൽവെ ഇനി വേറെ ലെവൽ
രാജ്യത്തെ റെയിൽവേ സേവനങ്ങൾ കൂടുതൽ എളുപ്പത്തിലാക്കാൻ പുതിയ ആപ്പ്. റെയിൽവേ മന്ത്രി അശ്വിനി വെെഷ്ണവാണ് ഇക്കാര്യം അറിയിച്ചത്. ഇതിലൂടെ റെയിൽവേയുടെ സേവനങ്ങൾ ഇനി ഒരു കുടക്കീഴിൽ ലഭ്യമാകും. 'സൂപ്പർ ആപ്പ്' എന്ന ആപ്പ് വഴിയാണ് ഇത് നടപ്പിലാക്കുക. റെയിൽവേ ടിക്കറ്റ് മുതൽ പാഴ്‌സൽ ബുക്കിംഗ് വരെ ഈ ആപ്പ് വഴി ചെയ്യാനാവും.
24 മണിക്കൂറിനുള്ളിൽ ടിക്കറ്റ് റീഫണ്ടിംഗ് നൽകുന്ന സംവിധാനവും ആപ്പിലുണ്ടാകും. ഇന്ത്യൻ റെയിൽവേ കേറ്ററിംഗ് ആൻഡ് ടൂറിസം കോർപറേഷനുമായി (ഐആർസിടിസി) സഹകരിച്ച് റെയിൽവേ മന്ത്രാലയത്തിന്റെ ഐടി വിഭാഗമാണ് സൂപ്പർ ആപ്പ് തയ്യാറാക്കുന്നത്. ആപ്പ് തുറക്കുമ്പോൾ പാസഞ്ചർ, ചരക്ക് എന്നിങ്ങനെ രണ്ട് ഓപ്ഷനുകൾ കാണാം. ടിക്കറ്റ് ബുക്കിംഗ്, റിസർവ് ചെയ്യാത്ത ടിക്കറ്റുകൾ എടുക്കൽ, പിഎൻആർ സ്റ്റാറ്റസ്, ട്രെയിൻ ട്രാക്കിംഗ്, ഭക്ഷണം എന്നിവയെല്ലാം പാസഞ്ചർ ഓപ്ഷനിലും ബൾക്ക് ബുക്കിംഗ്, പാഴ്സൽ ബുക്കിംഗ്, പാക്കേജുകൾ ട്രാക്ക് ചെയ്യൽ തുടങ്ങി ഓപ്ഷനുകൾ ചരക്ക് വിഭാഗത്തിലും ലഭിക്കും.കൂടാതെ ടൂർ പാക്കേജുകൾ, ടാക്സി ബുക്കിംഗ്, വിമാനടിക്കറ്റ്, ഹോട്ടൽ ബുക്കിംഗ് യാത്രക്കിടയിലുള്ള ഭക്ഷണ ഓർഡറുകൾ എന്നിവയും ലഭ്യമാകും. ഇതിന് ആവശ്യമായ പണമിടപാടുകളും ആപ്പിനുള്ളിൽ തന്നെ ചെയ്യാനാകും. അടുത്ത മാസത്തോടെ ആപ്പ് പുറത്തിറക്കുമെന്നാണ് റിപ്പോർട്ട്. വരാനിരിക്കുന്ന സൂപ്പർ ആപ്പ് യാത്രക്കാരുടെ ആവശ്യങ്ങൾ സമഗ്രമായി നിറവേറ്റുമെന്ന് പ്രതീക്ഷിക്കുന്നതായി റെയിൽവേ മന്ത്രി കൂട്ടിച്ചേർത്തു.
No comments
Post a Comment