നാലാംക്ലാസുകാരിയെ ചൂരൽകൊണ്ടടിച്ച് പരിക്കേൽപ്പിച്ച സംഭവം ; ട്യൂഷൻ അധ്യാപികയ്ക്കെതിരേ കേസ്
കാഞ്ഞങ്ങാട് :- നാലാംക്ലാസുകാരിയെ ചൂരൽകൊണ്ടടിച്ച് പരിക്കേൽപ്പിച്ച സംഭവത്തിൽ ട്യൂഷൻ അധ്യാപികയ്ക്കെതിരേ കേസ്. അജാനൂരിലെ സൂര്യക്ക് (22) എതിരേയാണ് ഹൊസ്‌ദുർഗ് പോലീസ് കേസെടുത്തത്. കാഞ്ഞങ്ങാട് തീരദേശഗ്രാമത്തിലെ ഒൻപതുവയസ്സുകാരിയെയാണ് ചൂരൽകൊണ്ട് അടിച്ചത്. ഞായറാഴ്ചയാണ് സംഭവം. വൈകീട്ട് നാലിന് ട്യൂഷന് പോയ കുട്ടി തിരിച്ചുവന്നത് ദേഹമാസകലം പരിക്കേറ്റ നിലയിലായിരുന്നുവെന്നും വലതു കൈ ഉയർത്താൻ പറ്റാത്തത്രയും വേദനയായിരുന്നുവെന്നും കുട്ടിയുടെ അമ്മ പറഞ്ഞു.
ജില്ലാ ആസ്പത്രിയിൽ ഡോക്ടർ പരിശോധിച്ചപ്പോഴാണ് കുട്ടിയുടെ വലതുകൈയുടെ പെരുവിരൽ ചതഞ്ഞിട്ടുണ്ടെന്ന് വ്യക്തമായത്. വിരൽ പ്ലാസ്റ്ററിട്ടിരിക്കുകയാണിപ്പോൾ. ഹൊസ്‌ദുർഗ് പോലീസിന് പുറമെ ബാലാവകാശ കമ്മിഷനും മാതാപിതാക്കൾ പരാതി നൽകിയിരുന്നു. ചൊവ്വാഴ്ച രാവിലെ കുട്ടിയുടെയും വീട്ടുകാരുടെയും മൊഴിയെടുത്ത പോലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു. ഭാരതീയ ന്യായസംഹിത 118 (1) വകുപ്പ് ഉൾപ്പെടുത്തി വടി കൊണ്ടടിച്ചതിനാണ് കേസെടുത്തതെന്ന് ഹൊസ്‌ദുർഗ് ഇൻ സ്പെക്ടർ പി.അജിത്ത് കുമാർ പറഞ്ഞു. ജുവനൈൽ ജസ്റ്റിസ് ആക്ട് 75-ാം വകുപ്പും ഉൾപ്പെടുത്തി.
No comments
Post a Comment