Header Ads

  • Breaking News

    ഏഴാം ക്ലാസ് വിദ്യാർഥികൾക്ക് കള്ള് വിറ്റു; രണ്ട് ഷാപ്പ് ജീവനക്കാർ അറസ്റ്റിൽ


    ചേര്‍ത്തല: സ്‌കൂള്‍ കുട്ടികള്‍ക്ക് കള്ള് വിറ്റതിനു രണ്ട് കള്ളുഷാപ്പ് ജീവനക്കാര്‍ അറസ്റ്റില്‍. ഷാപ്പിന്റെ ലൈസന്‍സ് റദ്ദാക്കുകയും ചെയ്തു.13ന് പള്ളിപ്പുറം, തൈക്കാട്ടുശ്ശേരി ഭാഗങ്ങളിലായാണ് സംഭവം. പള്ളിച്ചന്ത ഷാപ്പിലെത്തിയ നാലുകുട്ടികള്‍ക്ക് ജീവനക്കാര്‍ പണംവാങ്ങി കള്ളുകൊടുത്തുവെന്നാണ് എക്‌സൈസ് കണ്ടെത്തിയത്.

    പള്ളിപ്പുറം ക്ഷേത്രത്തിന് സമീപത്തെ കുറ്റിക്കാട്ടിലിരുന്ന് ഒരുകുപ്പി കള്ളുകുടിച്ചശേഷം ബാക്കി ബാഗിലാക്കി ഇവര്‍ സ്‌കൂളിലെത്തി. തുടര്‍ന്ന് സ്‌കൂളിലെ ശൗചാലയത്തില്‍വെച്ചും കുടിച്ചതായി പറയുന്നു. അവശനിലയിലായ കുട്ടിയെ ആദ്യം തുറവൂര്‍ താലൂക്ക് ആശുപത്രിയിലും തുടര്‍ന്ന് ചേര്‍ത്തലയിലെ സ്വകാര്യ ആശുപത്രിയിലും അവിടെനിന്ന് ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു.

    രണ്ടുദിവസം തീവ്രപരിചരണവിഭാഗത്തിലായിരുന്ന കുട്ടിയുടെ ആരോഗ്യനില മെച്ചപ്പെട്ടതോടെ ഡോക്ടര്‍മാരുടെ നിരീക്ഷണത്തില്‍ വീട്ടിലേക്കുമാറ്റി. ജീവനക്കാര്‍ക്ക് പുറമേ ലൈസന്‍സികളായ നാലുപേര്‍ക്കുമെതിരെയും ചേര്‍ത്തല എക്‌സൈസ് റേഞ്ച് ഓഫീസ് കേസെടുത്തു.

    ഷാപ്പു ജീവനക്കാരനായ മനോഹരനും മാനേജര്‍ മോഹനനുമാണ് അറസ്റ്റിലായത്. ലൈസന്‍സികളായ ചന്ദ്രപ്പന്‍, രമാദേവി, അശോകന്‍, എസ് ശ്രീകുമാര്‍ എന്നിവര്‍ മൂന്നുമുതല്‍ ആറുവരെ പ്രതികളാണ്. ആരോഗ്യനില സാധാരണ നിലയിലാകുന്ന മുറയ്ക്ക് കുട്ടിക്ക് കൗണ്‍സലിങ് നല്‍കുമെന്ന് എക്‌സൈസ് അധികൃതര്‍ പറഞ്ഞു.

    No comments

    Post Top Ad

    Post Bottom Ad