Header Ads

  • Breaking News

    ആറളം വന്യജീവിസങ്കേതത്തില്‍ കുരങ്ങുകള്‍ ചത്ത സംഭവം; മങ്കി മലേറിയ ബാധിച്ചെന്ന് റിപ്പോര്‍ട്ട്



    ഇരിട്ടി: ആറളം വന്യജീവിസങ്കേതത്തില്‍ വളയംചാലില്‍ നാല് കുരങ്ങുകള്‍ ചത്തത് മങ്കി മലേറിയ ബാധിച്ചെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. മേഖലയില്‍ ആദ്യമായാണ് മങ്കി മലേറിയ റിപ്പോര്‍ട്ട് ചെയ്യുന്നത്. കുരങ്ങുകളില്‍ നിന്ന് കുരങ്ങുകളിലേക്കും മനുഷ്യരിലേക്കും പടരാന്‍ സാധ്യതയുള്ള രോഗമാണിത്. കുരങ്ങുകളുടെ ജഡം കണ്ടെത്തിയ സംഭവത്തില്‍ വനംവകുപ്പ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു.

    കഴിഞ്ഞ തിങ്കളാഴ്ചയാണ് ആറളം-വളയംചാലിലെ ഉള്‍വനത്തില്‍ കുരങ്ങുകള്‍ ചത്തതായി കണ്ടെത്തിയത്. മൃതദേഹം പരിശോധിച്ചപ്പോള്‍ പരിക്കുകളോ ആന്തരികാവയവങ്ങളില്‍ വിഷാംശ സാന്നിധ്യമോ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. വിദഗ്ധ പരിശോധനയ്ക്കായി ആന്തരികാവയവങ്ങളുടെ സാമ്പിളുകള്‍ വയനാട്ടിലെ വന്യജീവിസങ്കേതം ലാബിലേക്ക് അയച്ച് നടത്തിയ പരിശോധനയിലാണ് കുരങ്ങുകള്‍ മരിച്ചത് മങ്കി മലേറിയ ബാധിച്ചാണെന്ന് സ്ഥിരീകരിച്ചത്.

    ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്റെ നിര്‍ദേശപ്രകാരം ആറളം വൈല്‍ഡ് ലൈഫ് വാര്‍ഡന്റെ നേതൃത്വത്തില്‍ ആറളം, കണ്ണൂര്‍ ഡിവിഷനുകളുടെ നേതൃത്വത്തില്‍ വന്യജീവിസങ്കേതത്തിനുള്ളില്‍ വ്യാപക പരിശോധന നടത്തിയിരുന്നു. വളയംചാല്‍, പൂക്കുണ്ട്, ചീങ്കണ്ണിപുഴയോരം, ആറളം ഫാമുമായി അതിര്‍ത്തിപങ്കിടുന്ന പ്രദേശം എന്നിവിടങ്ങളിലാണ് പരിശോധന നടത്തിയത്.

    പരിശോധനയില്‍ കൂടുതല്‍ കുരങ്ങുകളുടെ ജഡം കണ്ടെത്തുകയോ അസ്വാഭാവികമായ തരത്തിലുള്ള കുരങ്ങുകളെയോ കണ്ടെത്താന്‍ കഴിഞ്ഞില്ല. ഔദ്യോഗികമായി പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് കിട്ടിയിട്ടില്ലെന്നാണ് ആറളം വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ പറഞ്ഞത്. വനമേഖലയില്‍ കഴിഞ്ഞദിവസങ്ങളില്‍ നടത്തിയ പരിശോധനയില്‍ കൂടുതല്‍ കുരങ്ങുകള്‍ ചത്ത നിലയില്‍ കാണാത്തതിനാല്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ല. എങ്കിലും മുന്‍കരുതല്‍ നടപടികളും പ്രതിരോധപ്രവര്‍ത്തനങ്ങളും നടത്തുമെന്നും ആറളം വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ പറഞ്ഞു.

    No comments

    Post Top Ad

    Post Bottom Ad