Header Ads

  • Breaking News

    ഫർണിച്ചർ കമ്പനിയിൽ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്, വ്യാജ മെസേജുകളിൽ ക്ലിക്ക് ചെയ്യരുത് ; ജാഗ്രതാ നിർദ്ദേശവുമായി കേരള പോലീസ്




    കണ്ണൂർ :- ഫർണിച്ചർ കമ്പനിയിൽ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തുന്ന സംഘങ്ങൾക്കെതിരെ ജാഗ്രതാ നിർദ്ദേശങ്ങളുമായി കേരള പോലീസ്. ഫർണിച്ചർ കമ്പനിയുടെ പേരിൽ വരുന്ന SMS ക്ലിക്ക് ചെയ്യുന്നതോടെ നിങ്ങൾ ഒരു വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകും. തുടർന്ന് 2027 ൽ ആരംഭിക്കുന്ന ഇന്ത്യയിലെ ഏറ്റവും വലിയ ഫർണിച്ചർ കമ്പനിയിൽ ജോലി ലഭിക്കുന്നതിന് നിങ്ങളെക്കൊണ്ട് ഫർണിച്ചർ ബുക്ക് ചെയ്യിക്കുകയാണ് ഈ ഗ്രൂപ്പ് വഴി തട്ടിപ്പുകാർ ചെയ്യുന്നത്. തുടർന്നുള്ള ഓരോ ബുക്കിങ്ങിനും നിങ്ങൾക്ക് ലാഭവിഹിതം ലഭിക്കുമെന്നു പറഞ്ഞ് വിശ്വസിപ്പിച്ച് മണിച്ചെയിൻ മാതൃകയിലാണ് തട്ടിപ്പ് നടത്തുക. 

    വ്യാജ വെബ്‌സൈറ്റ് മുഖാന്തിരം അക്കൌണ്ട് ആരംഭിക്കാൻ അവർ നിങ്ങളെ പ്രേരിപ്പിക്കുന്നു. ഈ വെബ്സൈറ്റ് വഴി ലാഭവിഹിതം മനസ്സിലാക്കാമെന്ന് അവർ നിങ്ങളെ ധരിപ്പിക്കും. നിങ്ങൾ ഫർണിച്ചർ വാങ്ങുന്നതിനു പുറമെ കൂടുതൽ ആളുകളെ ചേർക്കണമെന്നും ഇത്തരത്തിൽ ചേർക്കുന്ന ഓരോരുത്തരും ഫർണിച്ചർ വാങ്ങുമ്പോൾ നിങ്ങൾക്ക് ലാഭവിഹിതം ലഭിച്ചുകൊണ്ടിരിക്കുമെന്നും അവർ പറഞ്ഞു വിശ്വസിപ്പിക്കുന്നു. വളരെ വൈകിയാകും ഇത് തട്ടിപ്പാണെന്ന് നിങ്ങൾക്ക് മനസ്സിലാവുക. 

    അമിതലാഭം ഉറപ്പുനൽകുന്ന ജോലിവാഗ്ദാനങ്ങളിലോ ഓൺലൈൻ നിക്ഷേപങ്ങളിലോ ഇടപാടുകൾ നടത്താതിരിക്കുക. ഇത്തരത്തിലുള്ള വെബ് സൈറ്റുകളുടെ ലിങ്കിൽ ക്ലിക്ക് ചെയ്യാതിരിക്കുക. ഇത്തരം ഓൺലൈൻ സാമ്പത്തിക കുറ്റകൃത്യങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ തന്നെ 1930 എന്ന സൗജന്യ നമ്പറിൽ ബന്ധപ്പെട്ടോ https://cybercrime.gov.in എന്ന വെബ്സൈറ്റ് മുഖേനയോ പരാതികൾ നൽകാം.

    No comments

    Post Top Ad

    Post Bottom Ad