Header Ads

  • Breaking News

    ശ്രീക്കുട്ടി പിൻസീറ്റിൽ, പുറത്തിറക്കി അജ്മൽ, കാർ തടയുന്ന ദൃശ്യം പുറത്ത്; മദ്യം മാത്രമല്ലെന്നും സംശയം

    കൊല്ലം: മൈനാഗപ്പള്ളി ആനൂര്‍ക്കാവില്‍ സ്‌കൂട്ടര്‍ യാത്രക്കാരിയെ ഇടിച്ചിട്ട് കാര്‍ കയറ്റിയിറക്കി കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതികളെ നാട്ടുകാര്‍ തടയുന്ന ദൃശ്യങ്ങള്‍ പുറത്ത്. കരുനാഗപ്പള്ളി പുതിയ കോടതിമുക്കിന് സമീപത്തുവെച്ചാണ് പ്രതികളായ അജ്മലിനെയും ഡോ. ശ്രീക്കുട്ടിയെയും നാട്ടുകാര്‍ പിന്തുടര്‍ന്നെത്തി തടഞ്ഞത്. തുടര്‍ന്ന് കാറില്‍നിന്ന് പുറത്തിറങ്ങിയ അജ്മല്‍ നാട്ടുകാരോട് കയര്‍ത്ത് സംസാരിക്കുന്നതും നാട്ടുകാരില്‍ ചിലര്‍ ഇയാളെ കൈകാര്യംചെയ്യുന്നതും ദൃശ്യങ്ങളില്‍ കാണാം. ഇതിനുപിന്നാലെയാണ് അജ്മല്‍ സ്ഥലത്തുനിന്ന് മതില്‍ച്ചാടി ഓടിരക്ഷപ്പെട്ടത്.

    അമിതവേഗത്തിലെത്തിയ കാര്‍ കോടതിമുക്കില്‍ മതിലിനോട് ചേര്‍ന്നാണ് ഇടിച്ചുനിര്‍ത്തിയത്. ഇതോടെ കാറിനെ പിന്തുടര്‍ന്ന് ബൈക്കുകളിലെത്തിയ യുവാക്കള്‍ വാഹനം തടഞ്ഞിട്ടു. തുടര്‍ന്ന് കാറോടിച്ചിരുന്ന അജ്മലിനെ പുറത്തിറക്കുകയും അപകടത്തിന്റെ കാരണം തിരക്കുകയുംചെയ്തു. ഇതിനിടെ അജ്മല്‍ യുവാക്കളോട് കയര്‍ത്ത് സംസാരിക്കുകയായിരുന്നു. തുടര്‍ന്ന് കാറിന്റെ പിന്‍സീറ്റിലായിരുന്ന ഡോ.ശ്രീക്കുട്ടിയെ അജ്മല്‍ തന്നെ ഡോര്‍ തുറന്ന് പുറത്തിറക്കുകയായിരുന്നു.

    അല്പസമയം കാറിന്റെ വശത്തുനിന്ന ശ്രീക്കുട്ടി പിന്നീട് വീണ്ടും കാറില്‍കയറി. ഇതിനിടെ കയര്‍ത്തുസംസാരിച്ച അജ്മലിനെ നാട്ടുകാരില്‍ ചിലര്‍ കൈയേറ്റംചെയ്തു. തുടര്‍ന്ന് പോലീസിനെ വിളിച്ചു. പോലീസ് വരാന്‍ കാത്തുനില്‍ക്കുന്നതിനിടെ അജ്മല്‍ തൊട്ടടുത്ത വീടിന് സമീപത്തേക്ക് പോയി. തുടര്‍ന്നാണ് വീടിന്റെ മതില്‍ച്ചാടിക്കടന്ന് ഇയാള്‍ ഓടിരക്ഷപ്പെട്ടത്. ഇയാളെ പിന്നീട് തിങ്കളാഴ്ച പുലര്‍ച്ചെ ശൂരനാട്ടെ ബന്ധുവീട്ടില്‍നിന്നാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. അതിനിടെ, കാറിലുണ്ടായിരുന്ന ശ്രീക്കുട്ടി ഈസമയം തൊട്ടടുത്ത വീട്ടില്‍ അഭയംതേടിയിരുന്നു. ഡോക്ടറെ നാട്ടുകാര്‍ പിടികൂടി പോലീസിലേല്‍പ്പിക്കുകയായിരുന്നു.

    ഇടിച്ചുതെറിപ്പിച്ചത് ആറുപേരെ…

    ആനൂര്‍ക്കാവില്‍ വീട്ടമ്മയെ ഇടിച്ചുവീഴ്ത്തി കാര്‍ കയറ്റിയിറക്കിയ ശേഷം കരുനാഗപ്പള്ളി കോടതിമുക്കില്‍ കാര്‍ നിര്‍ത്തുന്നത് വരെയുള്ള പാച്ചിലിനിടെ ആറുപേരെയാണ് അജ്മല്‍ ഇടിച്ചുതെറിപ്പിച്ചത്. ഇവരില്‍ മിക്കവരും ആശുപത്രികളില്‍ ചികിത്സതേടി.

    ആനൂര്‍ക്കാവിലെ അപകടത്തിന് പിന്നാലെ ഏതാനുംമീറ്ററുകള്‍ക്കപ്പുറം കാര്‍ തടയാന്‍ ശ്രമിച്ച നാട്ടുകാര്‍ക്ക് നേരേയാണ് അജ്മല്‍ ആദ്യം കാറോടിച്ച് കയറ്റിയത്. കാര്‍ തങ്ങളുടെ നേര്‍ക്ക് പാഞ്ഞുവരുന്നത് കണ്ട് നാട്ടുകാര്‍ ഓടിമാറി. ഇതോടെ ചില യുവാക്കള്‍ ബൈക്കുകളില്‍ കാറിനെ പിന്തുടര്‍ന്നു. ഇതിനിടെ ഒമ്പോണ്ടില്‍മുക്കില്‍വെച്ച് കാര്‍ ഒരു വീടിന്റെ മതിലിലിടിച്ചു. പിന്നാലെ സമീപത്തെ ട്രാന്‍സ്‌ഫോമറിലും ഇടിച്ചു. കാരൂര്‍ക്കടവ് ജങ്ഷനില്‍ ചായക്കട നടത്തുന്ന റജി ഉള്‍പ്പെടെ ആറുപേരെയാണ് കരുനാഗപ്പള്ളി വരെയുള്ള യാത്രയ്ക്കിടെ കാര്‍ ഇടിച്ചുതെറിപ്പിച്ചത്.

    മദ്യം മാത്രമല്ലെന്ന് സംശയം, രണ്ട് പ്രതികളും റിമാന്‍ഡില്‍…

    സ്‌കൂട്ടര്‍ യാത്രക്കാരിയെ ഇടിച്ചിട്ട് കാര്‍ കയറ്റിയിറക്കി കൊലപ്പെടുത്തിയ സംഭവത്തില്‍ അറസ്റ്റിലായ അജ്മലും ഡോ.ശ്രീക്കുട്ടിയും റിമാന്‍ഡിലാണ്. പ്രതികളെ കസ്റ്റഡിയില്‍ വാങ്ങാനായി ബുധനാഴ്ച പോലീസ് കോടതിയില്‍ അപേക്ഷ നല്‍കും. വ്യാഴാഴ്ചയോ വെള്ളിയാഴ്ചയോ കോടതി കസ്റ്റഡി അപേക്ഷ പരിഗണിക്കും. പ്രതികളെ കസ്റ്റഡിയില്‍ വിട്ടുകിട്ടിയാല്‍ വിശദമായി ചോദ്യംചെയ്യാനാണ് പോലീസിന്റെ നീക്കം.

    സംഭവദിവസം കാറോടിച്ചിരുന്ന അജ്മലും ഒപ്പമുണ്ടായിരുന്ന ഡോ. ശ്രീക്കുട്ടിയും മദ്യലഹരിയിലായിരുന്നുവെന്ന് പോലീസ് കണ്ടെത്തിയിരുന്നു. എന്നാല്‍, ഇരുവരും മദ്യം മാത്രമല്ല മറ്റുലഹരിവസ്തുക്കളും ഉപയോഗിച്ചിരുന്നതായാണ് പോലീസിന് സംശയം. കഴിഞ്ഞദിവസം നടത്തിയ പ്രാഥമിക ചോദ്യംചെയ്യലില്‍ ഇതുസംബന്ധിച്ച സൂചന ലഭിച്ചതായാണ് വിവരം. മറ്റുലഹരിവസ്തുക്കള്‍ പ്രതികള്‍ ഉപയോഗിച്ചിട്ടുണ്ടെങ്കില്‍ ഇതുപ്രകാരവും പോലീസ് കേസെടുത്തേക്കും. അതിനിടെ, അജ്മലിന്റെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യുമെന്ന് മോട്ടോര്‍ വാഹനവകുപ്പ് അറിയിച്ചു. ഇതിന്റെ നടപടികളുടെ ഭാഗമായി അജ്മലിന് ആദ്യം നോട്ടീസ് നല്‍കും.


    No comments

    Post Top Ad

    Post Bottom Ad