Header Ads

  • Breaking News

    കണ്ണൂരിലെത്തുന്ന അതിഥികള്‍ക്ക് ഇനി റേറ്റിംഗ് നോക്കി താമസിക്കാം

    കണ്ണൂർ: അതിഥികളായി കണ്ണൂരില്‍ എത്തുന്നവർക്ക് ഇനി റേറ്റിംഗ് നോക്കി താമസിക്കാം. അതിഥികള്‍ക്ക് താമസസൗകര്യം ഒരുക്കുന്ന ഗ്രാമീണ മേഖലയിലെ ഹോം സ്റ്റേകള്‍, ഹോട്ടലുകള്‍, റിസോർട്ടുകള്‍ എന്നിവയുടെ ശുചിത്വ മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ടു നല്‍കുന്ന സ്വച്ഛത ഗ്രീൻ ലീഫ് റേറ്റിംഗ് രജിസ്ട്രേഷൻ ജില്ലയില്‍ പൂർത്തിയായി.87 സ്ഥാപനങ്ങളില്‍ നിന്നുള്ള അപേക്ഷകളാണ് ജില്ലയില്‍ ലഭിച്ചത്. ഇതില്‍ 63 അപേക്ഷകളുടെ പരിശോധന പൂർത്തിയായി.അടുത്ത ആഴ്ച കളക്ടറുടെ ചേംബറില്‍ ചേരുന്ന ജില്ലാ കമ്മിറ്റിയില്‍ അപേക്ഷകള്‍ പരിശോധിച്ചശേഷമാണ് എത്ര സ്ഥാപനങ്ങള്‍ക്ക് റേറ്റിംഗ് നല്‍കുന്ന കാര്യത്തില്‍ തീരുമാനമെടുക്കുന്നത്. റേറ്റിംഗ് നല്‍കി കഴിഞ്ഞാല്‍ ജില്ലയില്‍ എത്തുന്ന ഏവർക്കും ശുചിത്വ റേറ്റിംഗ് നോക്കി താമസിക്കാൻ സ്ഥലം കണ്ടെത്താം.

    കേന്ദ്ര ടൂറിസം വകുപ്പും സ്വച്ഛത ഭാരത് മിഷനും ചേർന്നുനല്‍കുന്ന സ്വച്ഛത ഗ്രീൻ ലീഫ് റേറ്റിംഗ് പ്രവർത്തനങ്ങള്‍ സംസ്ഥാനത്ത് ഏകോപിപ്പിക്കുന്നത് ശുചിത്വമിഷനാണ്. നിലവില്‍ ജില്ലയിലെ മലയോര മേഖലാ ടൂറിസം കേന്ദ്രങ്ങളാണ് റേറ്റിംഗ് നടപ്പാക്കുന്നത്.നടുവില്‍, ഉദയഗിരി, ആലക്കോട്, ഏരുവേശി, ഉളിക്കല്‍, പേരാവൂർ, ഇരിട്ടി തുടങ്ങിയ ഇടങ്ങളില്‍നിന്നാണ് കൂടുതല്‍ അപേക്ഷകള്‍ എത്തിയത്. താമസയോഗ്യമായ അഞ്ചു മുറികളെങ്കിലുമുള്ള സ്ഥാപനങ്ങള്‍ക്കാണ് റേറ്റിംഗ് നല്‍കുന്നത്. ശൗചാലയ സൗകര്യങ്ങള്‍, ഖരമാലിന്യ സംസ്കരണം, ശുദ്ധ ജല ലഭ്യത തുടങ്ങിയവ പരിശോധിച്ചാണ് റേറ്റിംഗ് നല്‍കുക. റേറ്റിംഗിലൂടെ ലഭിക്കുന്ന സർട്ടിഫിക്കറ്റ് ഇത്തരം സ്ഥാപനങ്ങളുടെ ശുചിത്വനിലവാരത്തിലെ വിശ്വസ്തയും അതിലൂടെ ബിസിനസ് സാധ്യതയും വർധിപ്പിക്കുമെന്ന് അധികൃതർ പറഞ്ഞു.

    റേറ്റിംഗ് മൂന്നു തരം

    മൂന്ന് തരത്തിലാണ് റേറ്റിംഗ് നല്‍കുന്നത്. 100 മുതല്‍ 130 മാർക്ക്‌വരെയാണെങ്കില്‍ സിംഗിള്‍ ലീഫ് റേറ്റ്, 131 മുതല്‍ 180 മാർക്കുവരെ ത്രീ ലീഫ്, 181 മുതല്‍ 200 മാർക്കുവരെയാണെങ്കില്‍ ഫൈവ് ലീഫ്. ജില്ലയിലെ എല്ലാ സ്ഥാപനങ്ങളും സിംഗിള്‍ ലീഫ് റേറ്റിംഗിന് അർഹരാണെന്ന് ശുചിത്വമിഷൻ അധികൃതർ പറഞ്ഞു. അതിഥിമന്ദിരങ്ങള്‍ ശുചിത്വനിലവാരത്തില്‍ പാലിക്കുന്ന കൃത്യതയ്ക്കുള്ള അംഗീകാരമായിരിക്കും റേറ്റിംഗെന്നും അവർ വ്യക്തമാക്കി.

    No comments

    Post Top Ad

    Post Bottom Ad