നടിയെ ആക്രമിച്ച കേസിൽ സർക്കാരിന് തിരിച്ചടി; പൾസർ സുനിക്ക് ജാമ്യം,'ഒരാഴ്ചയ്ക്കുള്ളിൽ വിചാരണ കോടതി ജാമ്യം നൽകണം'
ദില്ലി: നടിയെ ആക്രമിച്ച കേസിൽ മുഖ്യ പ്രതിയായ പൾസർ സുനിക്ക് ജാമ്യം നൽകി സുപ്രീംകോടതി. പൾസർ സുനിക്ക് ജാമ്യം നല്കുന്നതിനെ സംസ്ഥാന സർക്കാർ എതിർത്തെങ്കിലും കോടതി ജാമ്യം നൽകുകയായിരുന്നു. കേസിൽ നീതിപൂർവ്വമായ വിചാരണ നടക്കുന്നില്ലെന്നും ദീലീപിൻറെ അഭിഭാഷകനാണ് വിചാരണ നീട്ടിക്കൊണ്ടു പോകുന്നതെന്നും പൾസർ സുനി കോടതിയിൽ വാദിച്ചു. വിചാരണ നീണ്ടു പോകുന്നതിനാൽ ജാമ്യം നൽകുകയാണെന്ന് വ്യക്തമാക്കിയ കോടതി ഒരാഴ്ചയ്ക്കുള്ളിൽ വിചാരണ കോടതി ജാമ്യം നൽകണമെന്നും ഉത്തരവിട്ടു. എന്നാൽ ജാമ്യം നൽകിയതിനെ സംസ്ഥാനം ശക്തമായി എതിർത്തു. നേരത്തെ, പൾസർ സുനിക്ക് ഹൈക്കോടതി വിധിച്ച പിഴ സുപ്രീംകോടതി സ്റ്റേ ചെയ്തിരുന്നു. ആവർത്തിച്ച് ജാമ്യാപേക്ഷ നൽകിയതിന് ആയിരുന്നു സുനിക്ക് ഹൈക്കോടതി പിഴ വിധിച്ചിരുന്നത്. ജസ്റ്റിസുമാരായ അഭയ് എസ് ഓക, അഗസ്റ്റിൻ ജോർജ് മസീഹ് എന്നിവർ അടങ്ങിയ ബെഞ്ചാണ് ഹൈക്കോടതി വിധിച്ച പിഴ സ്റ്റേ ചെയ്തത്. ആവർത്തിച്ച് ജാമ്യാപേക്ഷ നൽകിയതിന് 25000 രൂപ ആയിരുന്നു ഹൈക്കോടതി സുനിക്ക് പിഴ വിധിച്ചിരുന്നത്.
അതേസമയം, ആരോഗ്യപരമായ പ്രതിസന്ധികൾ ചൂണ്ടിക്കാട്ടി സുനി നൽകിയ ജാമ്യാപേക്ഷ സെപ്റ്റംബറിൽ പരിഗണിക്കാം എന്നായിരുന്നു കോടതി ആദ്യം വ്യക്തമാക്കിയത്. എന്നാൽ സുനി ഹാജരാക്കിയ മെഡിക്കൽ സർട്ടിഫിക്കറ്റുകൾ ഉൾപ്പടെ പരിശോധിച്ച ശേഷം ഓഗസ്റ്റ് 27 ന് ജാമ്യാപേക്ഷ പരിഗണിക്കാമെന്ന് സുപ്രീംകോടതി വ്യക്തമാക്കുകയായിരുന്നു. ആരോഗ്യകാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് ഇത്തവണ സുനി ഹർജി സമർപ്പിച്ചത്. നേരത്തെ സുനി നൽകിയ അപേക്ഷ ഹൈക്കോടതി തള്ളിയിരുന്നു. വിചാരണയുടെ അന്തിമഘട്ടത്തിലായതിനാല്‍ ജാമ്യം നല്‍കരുതെന്ന് സര്‍ക്കാരും വാദിച്ചു.
2017 ഫെബ്രുവരിയിലാണ് നടി കൊച്ചിയിൽ കാറിൽ ആക്രമിക്കപ്പെട്ടത്. നടൻ ദിലീപിന് വേണ്ടി ക്വട്ടേഷൻ ഏറ്റെടുക്കുകയായിരുന്നുവെന്നായിരുന്നു സുനിയുടെ മൊഴി. പ്രതിയായ ദിലീപിന് അടക്കം നേരത്തെ ജാമ്യം ലഭിച്ചിരുന്നു. പൾസർ സുനിക്കായി മുതിർന്ന അഭിഭാഷകൻ കെ പരമേശ്വർ, അഭിഭാഷകൻ ശ്രീറാം പാറക്കാട്ട് എന്നിവരും സംസ്ഥാനത്തിനായി മുതിർന്ന അഭിഭാഷകൻ രഞ്ജിത്ത് കുമാർ, സ്റ്റാൻഡിംഗ് കൗൺസൽ നിഷേ രാജൻ ഷൊങ്കർ എന്നിവരും ഹാജരായി.
No comments
Post a Comment