Header Ads

  • Breaking News

    ഏഴര വർഷത്തിന് ശേഷം പൾസർ സുനി പുറത്തേക്ക്; ഇന്ന് ജാമ്യത്തിലിറങ്ങും




    കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതി പള്‍സര്‍ സുനി ഇന്ന് ജയിലിൽ നിന്ന് ഇറങ്ങിയേക്കും. ഏഴര വര്‍ഷത്തിന് ശേഷമാണ് സുനി ജയിൽ മോചിതനാകുന്നത്. ജാമ്യവ്യവസ്ഥകൾ വിചാരണ കോടതിക്ക് തീരുമാനിക്കാമെന്നാണ് സുപ്രീംകോടതി നിർദേശം. ജാമ്യവ്യവസ്ഥ സംബന്ധിച്ച് പ്രോസിക്യൂഷന് വിചാരണ കോടതിയിൽ വാദമുന്നയിക്കാമെന്നും സുപ്രിംകോടതി വ്യക്തമാക്കിയിട്ടുണ്ട്. നിലവിൽ എറണാകുളം സബ് ജയിലിലാണ് പൾസർ സുനി ഉള്ളത്.കൊച്ചിയിൽ നടിയെ അക്രമിച്ച കേസിൽ സുപ്രീം കോടതിയാണ് പൾസർ സുനിക്ക് ജാമ്യം അനുവദിച്ചത്. 2017- ഫെബ്രുവരി 23 മുതൽ സുനി ജയിലിലാണ്. വിചാരണ കോടതികളുടെ നടപടികളെ രൂക്ഷമായി വിമർശിച്ചു കൊണ്ടാണ് സുപ്രീം കോടതി ജാമ്യമനുവദിച്ചത്. കഴിഞ്ഞ ഏഴര വർഷമായി പൾസർ സുനി ജയിലിൽ കഴിയുകയാണെന്ന് സുപ്രീം കോടതി ചൂണ്ടിക്കാട്ടി. കേസിലെ വിചാരണ ഇപ്പോഴൊന്നും തീരാൻ സാധ്യതയില്ലെന്നും സുപ്രീം കോടതി പറഞ്ഞു.

    കേസിലെ അന്വേഷണ ഉദ്യോഗസ്ഥനായ ബൈജു പൗലോസിനെ 87 ദിവസത്തോളമാണ് കേസിലെ എട്ടാം പ്രതിയായ നടൻ ദിലീപിന്റെ അഭിഭാഷകൻ വിസ്താരം നടത്തിയത്. എന്നാൽ എന്തുകൊണ്ടാണ് ഇത്രയും നീണ്ട വിസ്താരം നടന്നത് എന്നും ഇതെങ്ങനെ വിചാരണ കോടതി അനുവദിച്ചു എന്നും സുപ്രീം കോടതി വാദം കേൾക്കലിനിടെ ചോദിച്ചു. ഇത് തികച്ചും ആശ്ചര്യപ്പെടുത്തുന്ന കാര്യമാണെന്ന് സുപ്രീം കോടതി ചൂണ്ടിക്കാട്ടി.സംസ്ഥാന സർക്കാർ പൾസർ സുനിക്ക് ഒരു കാരണവശാലും ജാമ്യം നൽകരുതെന്നും ജാമ്യത്തിലിറങ്ങിയാൽ സമൂഹത്തിന് തന്നെ ഭീഷണിയാകുമെന്നും സുപ്രീംകോടതിയിൽ അറിയിച്ചെങ്കിലും കോടതി അതംഗീകരിച്ചില്ല. തുടർന്ന്, പൾസർ സുനിയെ ഒരാഴ്ചക്കകം വിചാരണക്കോടതിയിൽ ഹാജരാക്കി ജാമ്യത്തിൽ വിടാനാണ് കോടതി നിർദേശിച്ചത്. ജാമ്യ വ്യവസ്ഥ എന്താണ് എന്നത് വിചാരണക്കോടതിക്ക് തീരുമാനിക്കാമെന്നും കടുത്ത ജാമ്യവ്യവസ്ഥ വേണമെന്ന ആവശ്യം സംസ്ഥാന സർക്കാരിന് വിചാരണക്കോടതിക്ക് മുമ്പിൽ ഉന്നയിക്കാമെന്നും സുപ്രീം കോടതി അറിയിച്ചു.


    No comments

    Post Top Ad

    Post Bottom Ad