Header Ads

  • Breaking News

    അറസ്റ്റ് ഒഴിവാക്കാന്‍ പണം വേണം'; സിബിഐ ഓഫീസര്‍ ചമഞ്ഞ് പ്രവാസിയില്‍ നിന്ന് 12 ലക്ഷം തട്ടി; രണ്ട് പേര്‍ പിടിയിൽ



    കണ്ണൂര്‍: സിബിഐ ഓഫീസര്‍ ചമഞ്ഞ് പ്രവാസിയില്‍ നിന്ന് 12.91 ലക്ഷം രൂപ തട്ടിയ യുവാക്കള്‍ പിടിയില്‍. ആലപ്പുഴ സ്വദേശി ഇര്‍ഫാന്‍ ഇഖ്ബാല്‍ (23), തൃശൂര്‍ സ്വദേശി ജിതിന്‍ രാജ് (20) എന്നിവരാണ് പിടിയിലായത്. കണ്ണൂര്‍ സ്വദേശിയായ പ്രവാസിയില്‍ നിന്നാണ് പ്രതികള്‍ പണം തട്ടിയത്. കണ്ണൂർ ടൗണ്‍ പൊലീസ് ഇന്‍സ്‌പെക്ടര്‍ ശ്രീജിത്ത് കൊടേരിയുടെ നേതൃത്വത്തിലുള്ള സംഘം എറണാകുളത്തു നിന്നാണ് പ്രതികളെ പിടികൂടിയത്.സിബിഐ ഉദ്യോഗസ്ഥരാണെന്ന് പരിചയപ്പെടുത്തിയാണ് പ്രതികള്‍ പ്രവാസിയെ ബന്ധപ്പെട്ടത്. പൊലീസ് ഓഫീസറുടെ വേഷമണിഞ്ഞ് വീഡിയോ കോളിലുമെത്തി. പ്രവാസി തട്ടിപ്പ് നടത്തിയതായി കണ്ടെത്തിയെന്നും അറസ്റ്റ് ഒഴിവാക്കാന്‍ പണം നല്‍കണമെന്നുമായിരുന്നു പ്രതികള്‍ ആവശ്യപ്പെട്ടത്. ഇതിന് പിന്നാലെ തുടരെ ഭീഷണിക്കോളുകളും വന്നു. തുടര്‍ന്ന് പണം നല്‍കാന്‍ പ്രവാസി തയ്യാറാകുകയായിരുന്നു.

    ഓഗസ്റ്റ് ആറ് മുതല്‍ എട്ട് വരെയുള്ള ദിവസങ്ങളില്‍ പ്രവാസി തന്റെ ബാങ്ക് അക്കൗണ്ട് വഴി പണം പ്രതികള്‍ക്ക് പണം അയച്ചു നല്‍കി. പണം ലഭിച്ചതോടെ പ്രതികള്‍ ഫോണ്‍ ഓഫ് ചെയ്ത് മുങ്ങി. പിന്നാലെ പ്രവാസി പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. അന്വേഷണത്തില്‍ ഇര്‍ഫാനും ജിതിനും കണ്ണികളാണെന്ന് വ്യക്തമായതായി ടൗണ്‍ പൊലീസ് ഇന്‍സ്‌പെക്ടര്‍ ശ്രീജിത്ത് കൊടേരി പറഞ്ഞു. പിന്നില്‍ വന്‍ റാക്കറ്റുണ്ട്. അറസ്റ്റിലായ ഇര്‍ഫാനാണ് പ്രധാന കണ്ണി. ബാങ്ക് അക്കൗണ്ട് എടുത്തുകൊടുക്കുന്നത് ജിതിന്‍ ദാസാണ്. പ്രവാസിയില്‍ നിന്ന് തട്ടിയെടുത്ത പണം ബാങ്കില്‍ നിന്ന് ഇര്‍ഫാന് എടുത്തുകൊടുത്തത് ജിതിനാണെന്നും പൊലീസ് പറഞ്ഞു. പ്രതികളെ വിശദമായി ചോദ്യം ചെയ്യേണ്ടതുണ്ടെന്നും പൊലീസ് അറിയിച്ചു.


    No comments

    Post Top Ad

    Post Bottom Ad