Header Ads

  • Breaking News

    പ്രമുഖ വ്യവസായി രത്തൻ ടാറ്റ അന്തരിച്ചു, യാത്രയായത് ലാഭത്തിന്റെ കണ്ണിലൂടെയല്ലാതെ പാവങ്ങളെ നോക്കികണ്ട കോർപ്പറേറ്റ് മേധാവി


    മുംബൈ: കഴിഞ്ഞ ദിവസം രാത്രിയിൽ അന്തരിച്ച രത്തൻ ടാറ്റയുടെ ജീവിതം ഏതൊരു മനുഷ്യനെയും പ്രചേദിപ്പിക്കുന്നതാണ്. അതിസമ്പന്നതയുടെ പളപളപ്പിൽ നിൽക്കുമ്പോഴും ലളിത ജീവിതം നയിച്ച, രാജ്യത്തെ പാവങ്ങളുടെ സ്വപ്നങ്ങളെയും ചേർത്തുപിടിച്ച ഒരു മനുഷ്യസ്നേഹിയായിരുന്നു രത്തൻ ടാറ്റ. രണ്ടു നൂറ്റാണ്ടിന്റെ പാരമ്പര്യം പേറുന്ന ടാറ്റ എന്ന ​ബ്രാൻഡിനെ ലോകമെങ്ങും വ്യാപിപ്പിച്ചതിൽ രത്തൻ ടാറ്റയുടെ പങ്ക് വളരെ വലുതാണ്.

    ഉപ്പ് മുതൽ വിമാനം വരെ ഓരോ ഇന്ത്യക്കാരനും ആവശ്യമുള്ളതെല്ലാം എത്തിക്കാൻ ശ്രമിച്ച വ്യവസായിയാണ് രത്തൻ ടാറ്റ. സിനിമാ കഥകളെ പോലും വെല്ലുന്ന വഴിത്തിരിവുകളും നിലപാടുകളും നിറഞ്ഞതായിരുന്നു രത്തൻ ടാറ്റയുടെ ജീവിതം. ജെ.ആർ.ഡി. ടാറ്റയുടെ ദത്തുപുത്രൻ നവൽ ടാറ്റയുടെയും സൂനൂ ടാറ്റയുടെയും മകനായി 1937 ഡിസംബർ 28-നാണ് രത്തന്റെ ജനനം. തന്റെ പത്താം വയസ്സിൽ മാതാപിതാക്കൾ വേർപിരിഞ്ഞു. പിന്നീട് അമ്മൂമ്മ നവാജ്ബായ് കൊച്ചുമകനെ ദത്തെടുത്തു.

    മുംബൈയിലെ കാംപിയൻ, കത്തീഡ്രൽ ആൻഡ് ജോൺ കോനൻ സ്കൂളുകളിൽ പഠനം. ന്യൂയോർക്കിലെ ഇത്താക്കയിലുള്ള കോർണൽ സർവകലാശാലയിൽനിന്ന് ബിരുദം. അമേരിക്കയിലെ പഠനകാലത്ത് പല ജോലികളും ചെയ്തു. അതിൽ ഹോട്ടലിലെ പാത്രം കഴുകൽ വരെ ഉൾപ്പെട്ടിരുന്നത്രെ. അക്കാലത്ത് ഒരു പ്രണയമുണ്ടായി. ഇന്ത്യയിലേക്ക് മടങ്ങിയ രത്തന് പിന്നാലെ ഇന്ത്യയിലേക്ക് എത്തുമെന്നായിരുന്നു പ്രാണപ്രേയസിയുടെ വാക്ക്. എന്നാൽ, ആ യുവതി രത്തനുമൊത്ത് ജീവിക്കാൻ ഇന്ത്യയിലേക്കെത്താതെ മറ്റൊരാളെ വിവാഹം കഴിച്ചു. അതോടെ വിവാഹ ജീവിതം തന്നെ വേണ്ടെന്ന് വച്ചു രത്തൻ.

    1991-ൽ ജെ.ആർ.ഡി. ടാറ്റയിൽനിന്ന് ടാറ്റ ഗ്രൂപ്പിന്റെ ചെയർമാൻസ്ഥാനം ഏറ്റെടുത്തു. 2012 വരെ 21 വർഷം ഈ സ്ഥാനത്ത് തുടർന്നു. ടാറ്റ സൺസിൽ ചെയർമാൻ എമരിറ്റസായ അദ്ദേഹം 2016-ൽ ടാറ്റ ഗ്രൂപ്പിന്റെ ചെയർമാൻസ്ഥാനത്തുനിന്ന് സൈറസ് മിസ്ത്രിയെ പുറത്താക്കിയതിനെത്തുടർന്ന് ഇടക്കാല ചെയർമാനായി വീണ്ടുമെത്തി. 2017-ൽ എൻ. ചന്ദ്രശേഖരനെ ചെയർമാനാക്കുന്നതുവരെ ആ സ്ഥാനത്തുതുടർന്നു.

    അത്യാഡംബരത്തിൽ വളർന്നപ്പോഴും അത് അദ്ദേഹത്തിന്റെ കണ്ണു മഞ്ഞളിപ്പിച്ചില്ല. ടാറ്റ സൺസിന്റെ ചെയർമാനായി ചുമതലയേൽക്കുന്നതു വരെ കൊളാബയിലെ ബഖ്താവറിൽ ആഡംബരങ്ങളൊന്നുമില്ലാത്ത ഫ്ലാറ്റിലാണ് വർഷങ്ങളോളം കഴിഞ്ഞത്. പുസ്തകങ്ങളും കസെറ്റുകളും നിറഞ്ഞ ഒരു സ്ഥലമായിരുന്നു അത്.

    ടാറ്റാ സ്റ്റീൽ, ടാറ്റാ ടീ, ടാറ്റാ കെമിക്കൽസ്, ടാറ്റാ ഹോട്ടൽസ് തുടങ്ങിയ ടാറ്റാ കമ്പനികളുടെ തലപ്പത്തിരുന്നവരെയെല്ലാം ഞെട്ടിച്ചായിരുന്നു ടാറ്റ ഗ്രൂപ്പിന്റെ ചെയർമാൻ സ്ഥാനത്തേക്ക് രത്തന്റെ അപ്രതീക്ഷിത എൻട്രി. പിന്നീട് ടാറ്റയിൽ രത്തൻറെ സമ്പൂർണ ആധിപത്യമായിരുന്നു. അധികാരവും സമ്പത്തും പ്രധാന ഓഹരികളല്ലെന്ന് ജീവിതത്തിലൂടെ തെളിയിച്ചു. ഓട്ടോമൊബൈൽ വ്യവസായത്തിൽ കൈവെച്ച ടാറ്റ, ഒരു ലക്ഷം രൂപയ്ക്ക് കാറെന്ന സ്വപ്നം സാക്ഷാത്കരിച്ചപ്പോൾ ചിരിച്ചത് രത്തൻ ടാറ്റയായിരുന്നു. നാനോ കാർ ഇന്ത്യൻ മധ്യവർഗത്തിൻറെ സ്വപ്നങ്ങളെ ചേർത്തുപിടിച്ചോടി.

    രത്തൻറെ കീഴിൽ ടാറ്റയുടെ ആസ്തി 40 മടങ്ങ് വർധിച്ചു. ലാഭം അൻപത് ഇരിട്ടിയായി. നേട്ടങ്ങളുടെ നെറുകൈയിൽ പത്മവിഭൂഷൻ അടക്കമുളള പുരസ്കാരങ്ങൾ അദ്ദേഹത്തെ തേടിയെത്തി. 1991 മുതൽ 2012വരെ ചെയർമാനായിരുന്ന ടാറ്റ 2016ൽ ഇടക്കാല ചെയർമാനായും പ്രവർത്തിച്ചു. വേ​ഗതെ ഇഷ്ടപ്പെട്ടിരുന്ന, ലാളിത്യം ആസ്വദിച്ചിരുന്ന, പാവങ്ങളുടെ മനസ്സിനെ മനസ്സിലാക്കിയിരുന്ന ഒരു വ്യവസായിയുടെ ജീവിതത്തിനാണ് ഇന്നലെ രാത്രിയിൽ മുംബൈയിലെ ബ്രീച്ച് കാൻഡി ആശുപത്രിയിൽ വിരാമമായത്.

     

    No comments

    Post Top Ad

    Post Bottom Ad