Header Ads

  • Breaking News

    ശസ്ത്രക്രിയക്കിടെ ഗുരുതര പിഴവ്; പത്ത് വയസ്സുകാരന്റെ പ്രധാന ഞരമ്പ് മുറിച്ചു

    കാസര്‍കോട് : കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ ഹെര്‍ണിയ ശസ്ത്രക്രിയയ്ക്കിടെ പത്ത് വയസ്സുകാരന്റെ പ്രധാന ഞരമ്പ് ഡോക്ടര്‍ മുറിച്ചതായും കുട്ടിയുടെ അവസ്ഥ ദയനീയമാണെന്നും ആരോപിച്ച് കുടുംബം രംഗത്തെത്തി. കഴിഞ്ഞമാസം 19നാണ് സംഭവം. വെള്ളിക്കോത്ത് പെരളം സ്വദേശിയുടെ മകനാണ് ദുരിതത്തിലായത്.

    ശസ്ത്രക്രിയയ്ക്കിടെ അബദ്ധത്തില്‍ പ്രധാന ഞരമ്പ് മുറിഞ്ഞുപോയെന്നും കുട്ടിയെ വിദഗ്ദ ചികിത്സയ്ക്കായി കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിക്കണമെന്നും ചികിത്സാച്ചെലവ് താന്‍ വഹിക്കാമെന്നും കുട്ടിയുടെ പിതാവിനെ അറിയിച്ച ഡോക്ടര്‍ ആംബുലന്‍സില്‍ ആശുപത്രിയിലെ നഴ്‌സിന്റെ സഹായത്തോടെ കുട്ടിയെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിക്കുകയും ചെയ്തു.

    രണ്ടു ദിവസം തീവ്രപരിചരണവിഭാഗത്തില്‍ കഴിഞ്ഞ കുട്ടി 5 ദിവസത്തിനു ശേഷം ആശുപത്രി വിട്ടെങ്കിലും ശസ്ത്രക്രിയാ മുറിവുണക്കിയതല്ലാതെ അറ്റുപോയ പ്രധാന ഞരമ്പ് തുന്നിച്ചേര്‍ക്കുകയോ ഹെര്‍ണിയ ശസ്ത്രക്രിയ നടത്തുകയോ ചെയ്തില്ലെന്നാണ് രക്ഷിതാക്കളുടെ പരാതി. കണ്ണൂരിലെ ആശുപത്രിച്ചെലവ് കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ ചികിത്സ നടത്തിയ ഡോക്ടര്‍ തന്നെ വഹിച്ചെങ്കിലും ശസ്ത്രക്രിയ നേരത്തേയാക്കുന്നതിന് 3000 രൂപയും അനസ്തീസിയ ഡോക്ടര്‍ക്ക് 1500 രൂപയും കൈക്കൂലി നല്‍കിയതായും കുട്ടിയുടെ പിതാവ് അശോകന്‍ പറഞ്ഞു.

    ആശുപത്രിയില്‍ നിന്നു ഡിസ്ചാര്‍ജായ ശേഷം കാഞ്ഞങ്ങാട്ടെ ഡോക്ടര്‍ തങ്ങളെ വിളിക്കുക പോലും ചെയ്തില്ലെന്നും ഇനി തുടര്‍ചികിത്സ എങ്ങനെയെന്ന് അറിയില്ലെന്നും കൂലിപ്പണി ചെയ്ത് കുടുംബം നോക്കുന്ന അശോകന്‍ പറഞ്ഞു.

    No comments

    Post Top Ad

    Post Bottom Ad