ഒളിമ്പിക്സ് കൈവിട്ടു, തെരഞ്ഞെടുപ്പിൽ വിജയത്തിളക്കവുമായി വിനേഷ് ഫോഗട്ട്
ദില്ലി :- തെരഞ്ഞെടുപ്പ് ഗോദയിലും നേട്ടം കൊയ്ത് ഗുസ്തി താരം വിനേഷ് ഫോഗട്ട്. 2005ന് ശേഷം ഇതുവരെ രണ്ട് പതിറ്റാണ്ട് കാലം കോണ്‍ഗ്രസിനെ കൈവിട്ട മണ്ഡലമാണ് വിനേഷ് ഫോഗട്ടിന് കൈ കൊടുത്തത്. ലീഡുകൾ മാറിമറിഞ്ഞ ആകാംക്ഷ നിറഞ്ഞ വോട്ടെണ്ണിലിനൊടുവിൽ 6015 വോട്ടിന്‍റെ ഭൂരിപക്ഷമാണ് നേടിയത്. ഭാരം 100 ഗ്രാം കൂടുതലാണെന്ന കാരണത്താൽ കയ്യെത്തും ദൂരത്തെത്തിയ ഒളിംപിക് മെഡൽ കൈവിട്ടു പോയതിന് പിന്നാലെയായിരുന്നു വിനേഷിന്‍റെ കോണ്‍ഗ്രസ് പ്രവേശനം. സത്യം ജയിച്ചു എന്നാണ് വിനേഷിന്‍റെ ആദ്യ പ്രതികരണം.
ഒളിംപിക്സ് ഗുസ്തിയില്‍ ഫൈനലിലെത്തിയ വിനേഷ് അമിത ഭാരത്തിന്‍റെ പേരില്‍ അയോഗ്യയാക്കപ്പെടുകയായിരുന്നു. പാരിസ് ഒളിംപിക്സ് കഴിഞ്ഞ് മടങ്ങിയെത്തിയ ഗുസ്തി താരം വിനേഷ് കോണ്‍ഗ്രസിൽ അംഗത്വമെടുത്തു. ഒപ്പം ബജ്‍രംഗ് പൂനിയയും കോണ്‍ഗ്രസിലെത്തി. പിന്നാലെ ജുലാനയിൽ വിനേഷിനെ കോണ്‍ഗ്രസ് സ്ഥാനാർത്ഥിയായി പ്രഖ്യാപിക്കുകയായിരുന്നു.
വിനേഷ് ഫോഗട്ട് റെയില്‍വെയിലെ ജോലി രാജിവെച്ചശേഷമാണ് കോണ്‍ഗ്രസില്‍ ചേര്‍ന്നത്. ഹരിയാനയുടെ മക്കള്‍ തങ്ങളോടൊപ്പമുള്ളതിൽ അഭിമാനമെന്നായിരുന്നു ഹരിയാന പിസിസി അധ്യക്ഷൻ പവൻ ഖേരയുടെ പ്രതികരണം. കോണ്‍ഗ്രസിനൊപ്പം നില്‍ക്കുന്നതിൽ അഭിമാനമുണ്ടെന്നും തെരുവിൽ നിന്ന് നിയമസഭ വരെ പോരാടാൻ തയ്യാറാണെന്നുമായിരുന്നു വിനേഷ് ഫോഗട്ടിന്‍റെ പ്രതികരണം.
ലൈംഗിക പീഡന പരാതി നേരിട്ട ഗുസ്തി ഫെഡറേഷന്‍ അധ്യക്ഷനും ബിജെപി നേതാവുമായ ബ്രിജ്ഭൂഷണ്‍ ശരണ്‍ സിംഗിനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് വിനേഷിന്‍റെ നേതൃത്വത്തില്‍ കഴിഞ്ഞ വര്‍ഷം ഗുസ്തി താരങ്ങള്‍ തെരുവിലിറങ്ങി പ്രതിഷേധിച്ചതും ഒളിംപിക് മെഡലുകള്‍ ഗംഗയിലൊഴുക്കാന്‍ തുനിഞ്ഞതും ലോക ശ്രദ്ധ ആകര്‍ഷിച്ചിരുന്നു- "ഒളിമ്പിക്സ് മെഡൽ വലിയൊരു മുറിവായി മാറി. ആ മുറിവുണങ്ങാൻ സമയം എടുക്കും. എന്‍റെ ജനങ്ങൾക്കും രാജ്യത്തിനും നന്ദി പറയുന്നു. ഗുസ്തി തുടരുമോ ഇല്ലയോ എന്നത് പറയാൻ സാധിക്കില്ല. എന്നാൽ ഒരു വർഷമായുള്ള പോരാട്ടം തുടരുക തന്നെ ചെയ്യും"- എന്നായിരുന്നു പാരിസിൽ നിന്ന് തിരിച്ചെത്തിയ വിനേഷിന്‍റെ പ്രതികരണം
No comments
Post a Comment