വയനാട് തുരങ്കപാത ഉടൻ തുടങ്ങും മുഖ്യമന്ത്രി
കോഴിക്കോട് : വയനാട് തുരങ്കപാതയുടെ നിർമാണം ഉടൻ തുടങ്ങുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഫറോക്കിൽ പി.ഡബ്ല്യു.ഡി. റസ്റ്റ്ഹൗസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ആനക്കാംപൊയിൽ മുതൽ കള്ളാടിവരെ തുരങ്കപാതയ്ക്ക് 2043 കോടി രൂപയാണ് അനുവദിച്ചത്.
ഇത് യാഥാർഥ്യമാവുന്നതോടെ വയനാട്ടിലേക്കുള്ള യാത്രാക്ലേശം നന്നായി കുറയും. ദൂരവും യാത്രാസമയവും കുറയും. കച്ചവടക്കാർക്കും പൊതുജനങ്ങൾക്കും വിനോദസഞ്ചാരികൾക്കും ഉപകാരപ്രദമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
ലെവൽക്രോസില്ലാത്ത കേരളം പദ്ധതിയുടെ ഭാഗമായി 109 ആർ.ഒ.ബി.കൾ നിർമിക്കുന്നതിൽ അഞ്ചെണ്ണത്തിന്റെ നിർമാണം പൂർത്തിയായി. പൊതുയിടങ്ങളും സർക്കാർ ഓഫീസുകളും എല്ലാവർക്കും പ്രാപ്യമാവണമെന്നതാണ് സർക്കാരിന്റെ കാഴ്ചപ്പാട്. ആ കാഴ്ചപ്പാടിൽനിന്നാണ് ‘ബാരിയർ ഫ്രീ കേരള’ പദ്ധതി നടപ്പാക്കുന്നത്. അതിന്റെഭാഗമായി ഭിന്നശേഷിസൗഹൃദമായാണ് ഫറോക്ക് റസ്റ്റ്ഹൗസ് പണി കഴിപ്പിച്ചിരിക്കുന്നത്.
മികച്ച ഉത്തരവാദിത്വടൂറിസം വില്ലേജായി തിരഞ്ഞെടുക്കപ്പെട്ട കടലുണ്ടിയിലേക്ക് എത്തിച്ചേരുന്ന സഞ്ചാരികൾക്ക് ഏറെ ഉപയോഗപ്രദമാകും റസ്റ്റ്ഹൗസെന്നും മുഖ്യമന്ത്രി പറഞ്ഞു.
മന്ത്രി പി.എ. മുഹമ്മദ് റിയാസ് അധ്യക്ഷതവഹിച്ചു. മേയർ ബീനാ ഫിലിപ്പ്, എം.കെ. രാഘവൻ എം.പി., കളക്ടർ സ്നേഹിൽകുമാർ സിങ്, മുൻ എം.എൽ.എ.മാരായ വി.കെ.സി. മമ്മദ്കോയ, ടി.കെ. ഹംസ, കടലുണ്ടി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് വി. അനുഷ, കോഴിക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.കെ. ഷൈലജ, കോർപ്പറേഷൻ മരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷൻ പി.സി. രാജൻ, പൊതുമരാമത്ത് കെട്ടിടവിഭാഗം ചീഫ് എൻജിനിയർ എൽ. ബീന എന്നിവർ പങ്കെടുത്തു.
No comments
Post a Comment