സെക്രട്ടേറിയറ്റിൽ മുൻകൂർ ശമ്പളം നൽകിയ സംഭവത്തില്‍ നടപടി; സബ് ട്രഷറി ജീവനക്കാർക്ക് കൂട്ട സ്ഥലംമാറ്റം
തിരുവനന്തപുരം: സെക്രട്ടറിയേറ്റിലെ ഒരു വിഭാഗം ഉദ്യോഗസ്ഥർക്ക് മുൻകൂർ ശമ്പളം ലഭിച്ച സംഭവത്തില്‍ സബ് ട്രഷറി ജീവനക്കാർക്ക് കൂട്ട സ്ഥലംമാറ്റം. സബ് ട്രഷറിയിലെ ആറ് ജീവനക്കാരെയാണ് സ്ഥലം മാറ്റിയത്. സെക്രട്ടേറിയറ്റിലെ ഒരു വിഭാഗം ജീവനക്കാർക്ക് ശമ്പള ദിവസത്തിന് നാല് ദിവസം മുമ്പ് ശമ്പളം ലഭിച്ചിരുന്നു. കഴിഞ്ഞ മാസം 26 നാണ് സെക്രട്ടേറിയറ്റിലെ ഒരു വിഭാഗം ജീവനക്കാർക്ക് ശമ്പളം നേരത്തെ ലഭിച്ചത്. നിയമവകുപ്പിലെ ഉദ്യോഗസ്ഥർ ഉൾപ്പെടെ 100 ലധികം പേർക്കാണ് ശമ്പളം നേരത്തെ കിട്ടിയത്. ട്രഷറിയുടെ ഭാഗത്ത് നിന്ന് ഗുരുതര പിഴവാണ് സംഭവിച്ചത്. 46 ലക്ഷം രൂപയുടെ ശമ്പള ബില്ല് അബന്ധത്തിൽ ട്രഷറി ഓഫീസർ ഒപ്പിട്ടതാണെന്നായിരുന്നു വിശദീകരണം. സെക്രട്ടറിയേറ്റ് സബ് ട്രഷറിയിൽ നിന്നാണ് ശമ്പളം മാറുന്നത്. ഒരു മാസത്തിലെ ആദ്യ പ്രവർത്തി ദിവസമാണ് സെക്രട്ടറിയേറ്റ് ഉദ്യോഗസ്ഥർക്ക് ശമ്പളം ലഭിക്കുക. ശമ്പള ബില്ലില്‍ ട്രഷറിയുടെ ഭാഗത്ത് നിന്ന് ഗുരുതര പിഴവ് കാരണം 4 ദിവസം മുമ്പാണ് ഒരു വിഭാഗം ഉദ്യോഗസ്ഥർക്ക് ശമ്പളം ലഭിച്ചത്.
No comments
Post a Comment