സര്‍ക്കാര്‍ ആശുപത്രിയിൽ ഇതാദ്യം, വലിയ പ്രഖ്യാപനവുമായി മന്ത്രി, വരുന്നു കോര്‍ണിയ ട്രാന്‍സ്പ്ലാന്റേഷന്‍ യൂണിറ്റ്
തിരുവനന്തപുരം: കണ്ണാശുപത്രിയ്ക്ക് പുറമേ ആരോഗ്യ വകുപ്പിന് കീഴില്‍ ആദ്യമായി കോര്‍ണിയ ട്രാന്‍സ്പ്ലാന്റേഷന്‍ യൂണിറ്റ് യാഥാര്‍ഥ്യമാകുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. തിരുവനന്തപുരം ജനറല്‍ ആശുപത്രിയിലാണ് അത്യാധുനിക സൗകര്യങ്ങളോടെയുള്ള കോര്‍ണിയ ട്രാന്‍സ്പ്ലാന്റേഷന്‍ യൂണിറ്റ് ആദ്യമായി യാഥാര്‍ത്ഥ്യമാകുന്നത്. ഒരു ദാതാവിന്റെ കണ്ണില്‍ നിന്ന് ലഭിക്കുന്ന ആരോഗ്യമുള്ള നേത്രപടലം കാഴ്ച തകരാറുള്ള മറ്റൊരാളിലേക്ക് മാറ്റിവയ്ക്കുന്ന ശസ്ത്രക്രിയയാണ് കോര്‍ണിയ മാറ്റിവയ്ക്കല്‍.
ഗുരുതരമായ രോഗങ്ങള്‍ കൊണ്ടോ അപകടങ്ങളാലോ കോര്‍ണിയ തകരാറിലായവര്‍ക്ക് കാഴ്ച നഷ്ടപ്പെടാന്‍ സാധ്യതയുണ്ട്. അത്തരക്കാര്‍ക്ക് കാഴ്ച പുനസ്ഥാപിക്കാന്‍ സഹായകരമാണ് കോര്‍ണിയ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ. ഇതിന്റെ പ്രാധാന്യം മുന്നില്‍ കണ്ടാണ് കോര്‍ണിയ ട്രാന്‍സ്പ്ലാന്റേഷന്‍ യൂണിറ്റ് യാഥാര്‍ത്ഥ്യമാക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി. ആഗോള തലത്തില്‍ 2000 വര്‍ഷം മുതല്‍ എല്ലാ വര്‍ഷവും ഒക്ടോബര്‍ മാസത്തിലെ രണ്ടാം വ്യാഴാഴ്ചയാണ് ലോക കാഴ്ചാ ദിനമായി ആചരിച്ചു വരുന്നത്. ഈ വര്‍ഷം ഒക്ടോബര്‍ 10 നാണ് 25-ാമത് ലോക കാഴ്ച ദിനം ആചരിക്കുന്നത്. കാഴ്ച വൈകല്യവും നേത്രരോഗ പ്രതിരോധവും അന്ധതാ നിയന്ത്രണവുമായി ബന്ധപ്പെട്ട് പൊതുജനങ്ങളില്‍ അവബോധം സൃഷ്ടിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ലോകാരോഗ്യ സംഘടന ഈ ദിനാചരണം സംഘടിപ്പിക്കുന്നത്.
No comments
Post a Comment