Header Ads

  • Breaking News

    പൊലീസുകാര്‍ക്കെതിരായ നടപടി പകപോക്കലെന്ന്; സസ്പെൻഷനിലും സ്വാധീനം തെളിയിച്ച്‌ സുജിത് ദാസ്.




    ലപ്പുറം: ക്യാംപ്  ഓഫിസിലെ മരം മുറിച്ച്‌ മോഷ്ടിച്ച്‌ കടത്തിയെന്ന ആരോപണത്തെയും പി.വി. അൻവർ എം.എല്‍.എയെ ഫോണ്‍വിളിച്ച്‌ അധികാര ദുർവിനിയോഗം നടത്തിയതിനെയും തുടർന്ന് സസ്പെൻഷനിലായ മലപ്പുറം മുൻ എസ്.പി സുജിത് ദാസ് ഇപ്പോഴും പൊലീസില്‍ അതിശക്തനെന്ന് തെളിയിച്ച്‌ പൊലീസുകാർക്കെതിരെ കൂട്ടനടപടി.

    സസ്പെൻഷനെ തുടർന്ന് പൊലീസ് ഗ്രൂപ്പുകളില്‍ നടന്ന സ്വാഭാവിക ചർച്ചകള്‍ ചൂണ്ടിക്കാട്ടിയാണ് നാലുപൊലീസുകാർക്കെതിരെ അച്ചടക്കനടപടിക്കൊരുങ്ങുന്നത്. ഇത് പകപോക്കലാണെന്ന് പൊലീസുകാർക്കിടയില്‍ തന്നെ ആക്ഷേപമുയർന്നിട്ടുണ്ട്.

    എസ് പി ക്യാംപ് ഓഫീസിലെ മരം മുറിച്ച്‌ കടത്തിയെന്ന പരാതി പിന്‍വലിച്ചാല്‍ ജീവിത കാലം മുഴുവന്‍ താന്‍ കടപ്പെട്ടിരിക്കുമെന്ന് എംഎല്‍എ പി വി അന്‍വറിനോട് എസ് പി സുജിത് ദാസ് പറയുന്ന ഫോണ്‍ സംഭാഷണം പുറത്തുവന്നതിന് പിന്നാലെ ഉയര്‍ന്ന വിവാദങ്ങളെ തുടർന്നാണ് സുജിത് ദാസ് സസ്‌പെന്‍ഷനിലായത്. മരം മുറി ആരോപണത്തിന് പിന്നാലെ കരിപ്പൂര്‍ വിമാനത്താവളം വഴി കടത്തുന്ന സ്വര്‍ണം പൊട്ടിക്കല്‍, താനൂരിലെ കസ്റ്റഡി മരണ കേസ് തുടങ്ങിയവയിലും സുജിത്ത് ദാസിന്റെ പേര് ചര്‍ച്ചയായിരുന്നു. ആരോപണങ്ങളെ കുറിച്ച്‌ പ്രാഥമികമായി അന്വേഷിക്കാൻ ഡി ഐ ജി അജിത ബീഗത്തെ ചുമതലപ്പെടുത്തിയിരുന്നു. ഡി ഐ ജി നല്‍കിയ റിപ്പോർട്ടില്‍ ഗുരുതരമായ വീഴ്ചകള്‍ കണ്ടെത്തിയതിനെ തുടർന്നാണ് ഇദ്ദേഹത്തെ സസ്പെൻഡ് ചെയ്തത്.

    എസ്.പി സുജിത് ദാസിനെതിരായ വാർത്തകള്‍ വാട്സ്‌ആപ് ഗ്രൂപ്പുകളില്‍ പങ്കുവെക്കുകയും കമന്‍റുകള്‍ ഇടുകയും ചെയ്തതിന്‍റെ പേരിലാണ് വഴിക്കടവ് സ്റ്റേഷനിലെ ഇ.ജി. പ്രദീപ്, മലപ്പുറം ട്രാഫിക് യൂനിറ്റിലെ അബ്ദുല്‍ അസീസ്, നിലമ്ബൂർ പൊലീസ് സ്റ്റേഷനിലെ ടി.എസ്. നിഷ, മഞ്ചേരി സ്റ്റേഷനിലെ പി. ഹുസൈൻ എന്നിവർക്കെതിരെ അന്വേഷണം നടക്കുന്നത്. ഇവർക്കെതിരെ വാച്യാന്വേഷണത്തിന് മലപ്പുറം എസ്.പി ആർ. വിശ്വനാഥ് ഉത്തരവിട്ടു. പെരിന്തല്‍മണ്ണ ഡിവൈ.എസ്.പിക്കാണ് അന്വേഷണച്ചുമതല. രണ്ടു മാസത്തിനകം അന്വേഷണം പൂർത്തിയാക്കി റിപ്പോർട്ട് സമർപ്പിക്കണം.

    സസ്പെൻഷനിലായിട്ടും ജില്ല പൊലീസില്‍ സുജിത് ദാസിന്റെ നേതൃത്വത്തില്‍ സമാന്തര ഭരണമുണ്ടെന്ന ആരോപണം നിലനില്‍ക്കുന്നതിനിടെയാണ് പുതിയ നീക്കം. പി.വി. അൻവർ എം.എല്‍.എ ഉന്നയിച്ച ആരോപണങ്ങളും പുറത്തുവിട്ട ഫോണ്‍ റെക്കോഡും മരംമുറി വിവാദവും ഉയർന്നതോടെയാണ് സുജിത് ദാസിനെ എസ്.പി സ്ഥാനത്തുനിന്ന് നീക്കുകയും സർവിസില്‍നിന്ന് സസ്പെൻഡ് ചെയ്യുകയും ചെയ്തത്.

    പൊലീസ് സംവിധാനത്തിനെതിരായ അപകീർത്തി പ്രചാരണങ്ങളുടെ ചുവടുപിടിച്ചുള്ള വാർത്തകളും പോസ്റ്റുകളും ജില്ലയില്‍ വിവിധ സ്റ്റേഷനുകളില്‍ ഔദ്യോഗിക ആവശ്യങ്ങള്‍ക്കായും അല്ലാതെയും രൂപവത്കരിച്ച വാട്സ്‌ആപ് ഗ്രൂപ്പുകളില്‍ പങ്കുവെച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് പൊലീസുകാർക്കെതിരെ നടപടിക്ക് ഒരുങ്ങുന്നത്. ജില്ല സ്പെഷല്‍ ബ്രാഞ്ചിന്റെയും നിലമ്ബൂർ ഡിവൈ.എസ്.പിയുടെയും പ്രാഥമികാന്വേഷണത്തില്‍ ഗുരുതരമായ അച്ചടക്കലംഘനം ബോധ്യമായെന്നും കൂടുതല്‍ അന്വേഷണം വേണമെന്നുള്ളതിനാല്‍ 1958ലെ കേരള പൊലീസ് ഡിപ്പാർട്മെൻറല്‍ എൻക്വയറീസ് പണിഷ്മെൻറ് ആൻഡ് അപ്പീല്‍ റൂള്‍സ് പ്രകാരം സംയുക്ത വാച്യാന്വേഷണം നടത്തുമെന്നും ഉത്തരവില്‍ പറയുന്നു.

    പൊലീസ് ഉദ്യോഗസ്ഥർ മാത്രം അംഗങ്ങളായ ഇത്തരം ഗ്രൂപ്പുകളില്‍ പൊലീസ് സംവിധാനത്തിന് എതിരും അച്ചടക്കവിരുദ്ധവും സേനയോട് പൊതുജനങ്ങള്‍ക്കിടയില്‍ അവമതിപ്പുണ്ടാക്കുന്നതുമായ പോസ്റ്റുകളാണ് ഇവർ പങ്കുവെച്ചതെന്നും ആരോപിക്കുന്നുണ്ട്. സുജിത് ദാസിനെ സസ്പെൻഡ് ചെയ്ത സമയത്തും തുടർന്നും ചില ഉദ്യോഗസ്ഥർ പൊലീസ് ഗ്രൂപ്പുകളില്‍ വിഷയം ചർച്ചചെയ്തിരുന്നു. 'ഉപ്പു തിന്നവൻ വെള്ളം കുടിക്കും' എന്നപോലെ നിരവധി കമന്‍റുകള്‍ മുൻ എസ്.പിയുടെ സസ്പെൻഷൻ സമയത്ത് പൊലീസ് ഗ്രൂപ്പുകളില്‍ പ്രചരിച്ചിരുന്നു. ഇതിന്റെ പേരിലാണ് പൊലീസുകാർക്കെതിരെ ഇപ്പോള്‍ നടപടി സ്വീകരിക്കുന്നത്.


    No comments

    Post Top Ad

    Post Bottom Ad