കുട്ടികള്‍ക്കെതിരെ ലൈംഗിക അതിക്രമം കാട്ടുന്ന പുരോഹിതരെ വളരെയെളുപ്പത്തില്‍ നീക്കം ചെയ്യാന്‍ കഴിയണമെന്ന് വത്തിക്കാന്‍ കമ്മിഷന്‍. 2014ല്‍ ഫ്രാന്‍സിസ് മാര്‍പ്പാപ്പ കുട്ടികളുടെ അവകാശ സംരക്ഷണത്തിനായി രൂപംനല്‍കിയ കമ്മിഷന്റെ പ്രഥമ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇത്തരം കാര്യങ്ങളില്‍ വീഴ്ച വരുത്തിയ ഇരുണ്ട കാലഘട്ടം അകലുകയാണെന്ന് കമ്മിഷന്‍ വ്യക്തമാക്കി. യുഎസ് കര്‍ദിനാള്‍ സീന്‍ ഒ മാലിയുടെ നേതൃത്വത്തിലാണ് ലൈംഗിക അതിക്രമങ്ങളെ അതിജീവിച്ച നിരവധി പേരെ നേരില്‍ കണ്ട് സംസാരിച്ച് ഒരു പതിറ്റാണ്ടോളം നീണ്ട അന്വേഷണത്തിനൊടുവില്‍ റിപ്പോര്‍ട്ട് തയ്യാറാക്കിയത്. അതിജീവിതകര്‍ക്ക് കരുത്തും കരുതലും നല്‍കി ഇരുട്ടിലേക്ക് വെളിച്ചം വിതറുമെന്ന് കമ്മിഷന്‍ വ്യക്തമാക്കി. കുട്ടികള്‍ക്കെതിരായ ലൈംഗിക അതിക്രമങ്ങള്‍ തടയുന്നതിനുള്ള നയങ്ങളും നടപടിക്രമങ്ങളും ചട്ടങ്ങളും വിശദീകരിച്ചുകൊണ്ടാണ് കമ്മിഷന്‍ 50 പേജുകളുള്ള റിപ്പോര്‍ട്ട് തയാറാക്കിയിരിക്കുന്നത്. മാര്‍പ്പാപ്പയുടെ നിര്‍ദേശപ്രകാരം രൂപീകരിച്ച കമ്മിറ്റിയുടെ ആദ്യ റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്തിറങ്ങുന്നത്. സഭയുമായി ബന്ധപ്പെട്ട ലൈംഗിക പീഡന പരാതികള്‍ ആഗോളതലത്തില്‍ തന്നെ ചര്‍ച്ചയായ ഘട്ടത്തില്‍ നടപടി സ്വീകരിക്കാത്തതിനെതിരെ കമ്മിഷന്‍ നിരവധി വിമര്‍ശനങ്ങളും നേരിട്ടിരുന്നുലൈംഗിക പീഡന പരാതികള്‍ ഉന്നയിക്കാനും നടപടിയെടുക്കാനും വിവിധ പ്രദേശങ്ങളിലുള്ള വെല്ലുവിളികളും റിപ്പോര്‍ട്ടില്‍ അടിവരയിടുന്നുണ്ട്. മെക്‌സികോ, ബെല്‍ജിയം ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ ലൈംഗിക പീഡന പരാതികള്‍ അധികൃതരോട് റിപ്പോര്‍ട്ട് ചെയ്യാന്‍ ഉള്‍പ്പെടെ അതിജീവിതര്‍ ബുദ്ധിമുട്ട് നേരിടുന്നുണ്ടെന്ന് കമ്മിഷന്‍ മനസിലാക്കി. അതിജീവിതരുടെ അന്തസിനേക്കാള്‍ വലുതായി പള്ളിയുടേയോ സഭയുടേയോ അന്തസ് കണക്കാക്കുന്ന രീതിയും വലിയ വെല്ലുവിളിയാണെന്ന് കമ്മിഷന്‍ കണ്ടെത്തി. ലൈംഗിക പീഡനത്തിന്റെ വ്യാപ്തിയേക്കാള്‍ നയപരമായി വിഷയത്തില്‍ എന്ത് ചെയ്യാനാകുമെന്നാണ് റിപ്പോര്‍ട്ടിലൂടെ ലക്ഷ്യമിടുന്നതെന്നും സീന്‍ ഒ മാലി വ്യക്തമാക്കി.
No comments
Post a Comment