എംപ്ലോയ്മെന്റ് ആന്റ് എൻട്രപ്രണർഷിപ്പ് പ്രോജക്ട്, തളിപ്പറമ്പ് മണ്ഡലത്തിൽ 2025 മാർച്ചോടെ 5000 പേർക്ക് തൊഴിൽ നൽകുക ലക്ഷ്യം - എം.വി ഗോവിന്ദൻ മാസ്റ്റർ MLA
തളിപ്പറമ്പ് :- തളിപ്പറമ്പ് മണ്ഡലം എംപ്ലോയ്മെന്റ് ആന്റ് എൻട്രപ്രണർഷിപ്പ് പ്രോജക്ട് (TED-C) വഴി 2025 മാർച്ച് മാസം ആകുമ്പോഴേക്ക് 5000 തൊഴിലന്വേഷകർക്ക് തൊഴിൽ ലഭ്യമാക്കാനാണ് ലക്ഷ്യമിടുന്നതെന്ന് എം വി ഗോവിന്ദൻ മാസ്റ്റർ എം എൽ എ പറഞ്ഞു. ഒരാൾക്ക് തൊഴിൽ ലഭിക്കുമ്പോഴും പുതിയ സംരംഭങ്ങൾ ആരംഭിക്കുമ്പോഴും അയാൾ മാത്രമല്ല, വീടും നാടും കൂടിയാണ് മെച്ചപ്പെടുന്നതെന്നും വികസനോന്മുഖ തളിപ്പറമ്പിനെ സൃഷ്ടിക്കാൻ എല്ലാവരുടെയും സഹകരണം ഉണ്ടാവണമെന്നും എംഎൽഎ പറഞ്ഞു. കെ ഡിസ്കും നോളജ് ഇക്കണോമി മിഷനുമായി ചേർന്നാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. പദ്ധതി അവലോകനം
കണ്ണൂർ ഗവ. എൻജിനിയറിങ് കോളേജിൽ എം വി ഗോവിന്ദൻ മാസ്റ്റർ എംഎൽഎയുടെയും കെ ഡിസ്ക് എക്സിക്യൂട്ടീവ് വൈസ് ചെയർപേർസൺ ഡോ കെ എം അബ്രാഹാമിന്റെയും നേതൃത്വത്തിൽ നടത്തി. മണ്ഡലത്തിൽ കൂടുതൽ തൊഴിലന്വേഷകർക്ക് തൊഴിൽ ലഭിക്കുന്നതിനായുള്ള പദ്ധതികൾ ആസൂത്രണം ചെയ്തു. ആദ്യ ഘട്ടമായി മണ്ഡലത്തിലെ മുഴുവൻ തൊഴിലന്വേഷകരെയും ഈ പദ്ധതിയിലേക്ക് എത്തിക്കുന്നതിനായി വാർഡ് കമ്മറ്റികൾക്ക് രൂപം നൽകി. വാർഡ് മെമ്പറുടെ നേതൃത്വത്തിൽ വീട് കയറി തൊഴിൽ സർവ്വെ നടത്തും. ഇതിലൂടെ ലഭിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ ജോലി അന്വേഷിക്കുന്നവരുടെ പുതിയ ലിസ്റ്റ് ഉണ്ടാക്കും. ഡിസംബർ 10കം ഈ പ്രവർത്തനം പൂർത്തിയാക്കും. ഡിസംബർ 15 മുതൽ തൊഴിലന്വേഷകർക്കുള്ള സ്കിൽ ട്രെയിനിങ് മണ്ഡലത്തിലെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി ചേർന്ന് ആരംഭിക്കും. രണ്ട് ആഴ്ചയിൽ ഒരു ജോബ് ഡ്രൈവ് എന്ന നിലയിൽ മണ്ഡലത്തിലെ ഒൻപത് ജോബ് സ്റ്റേഷനുകളിലും ജോബ് ഡ്രൈവുകൾ ഡിസംബർ മാസത്തോടെ ആരംഭിക്കും. കണ്ണൂർ ഗവ എൻജിനിയറിങ് കോളേജ് സ്കിൽ ട്രെയിനിങ് ഹബ്ബ് ആക്കി മാറ്റും. 2025 ഫെബ്രുവരി മാസത്തിൽ തളിപ്പറമ്പ മണ്ഡലത്തിൽ മേഗാ ജോബ് ഫെയർ സംഘടിപ്പിക്കും.
കെ ഡിസ്ക് മെമ്പർ സെക്രെട്ടറി ഡോ പി വി ഉണ്ണികൃഷ്ണൻ, കെ ഡിസ്ക് എക്സിക്യൂട്ടീവ് ഡയറക്ടർമാരായ പി എസ് ശ്രീകല, പി എം റിയാസ്, തളിപ്പറമ്പ മണ്ഡലത്തിലെ 17 ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ മേധാവികൾ, സ്കിൽ ട്രെയിനിങ് നല്കുന്നതിനായുള്ള മണ്ഡലത്തിലെ പ്രൊഫഷണൽ കമ്മ്യൂണിറ്റി മെൻെറർസ് എന്നിവർ യോഗത്തിൽ പങ്കെടുത്തു. തൊഴിൽ അന്വേഷകർക്ക് ജോബ് സ്റ്റേഷനിലേക്ക് ബന്ധപ്പെടാനായി 83 30 815 855 എന്ന ഫോൺ നമ്പർ നൽകിയിട്ടുണ്ട്.
No comments
Post a Comment