Header Ads

  • Breaking News

    ക്യൂആർ കോഡ് സ്കാൻ ചെയ്താൽ സ്പോട് ബുക്കിങ് ചെയ്ത തീർഥാടകന്റെ എല്ലാ വിവരങ്ങളും അറിയാം; 3 സ്ഥലങ്ങളിൽ സ്പോട്ട് ബുക്കിങ് സൗകര്യം



    ശബരിമല: മണ്ഡലകാലത്ത് വെർച്വൽ ക്യു എടുക്കാൻ കഴിയാത്ത തീർഥാടകർക്കായി 3 സ്ഥലങ്ങളിൽ സ്പോട്ട് ബുക്കിങ് സൗകര്യം ഒരുക്കും. എന്നാൽ ബുക്കിങ്ങിന് ആധാർ കാർഡ് നിർബന്ധമാണ്. സ്പോട്ട് ബുക്കിങ് ചെയ്യുന്നവർക്കു ഫോട്ടോ പതിച്ച പാസ് നൽകാനും ദേവസ്വം ബോർഡ് തീരുമാനിച്ചു. പമ്പ, എരുമേലി, സത്രം (പീരുമേട്) എന്നിവിടങ്ങളിലാണ് ഇതിനായി കൗണ്ടർ തുറക്കുക. പമ്പയിലെ വലിയ തിരക്കു പരിഗണിച്ച് കൗണ്ടറുകളുടെ എണ്ണം കൂട്ടും. കഴിഞ്ഞ തീർഥാടന കാലത്തും മാസപൂജയ്ക്കും 3 കൗണ്ടറായിരുന്നു ഉണ്ടായിരുന്നത്. അത് ആറായി ഉയർത്തും. എന്നാൽ കൂടുതൽ വാഹനങ്ങൾ പാർക്ക് ചെയ്യുന്ന നിലയ്ക്കലും തെക്കൻ മേഖലയിൽ നിന്നു കൂടുതൽ ആളെത്തുന്ന പന്തളത്തും കൗണ്ടറില്ലാത്തത് പമ്പയി‍ൽ തിരക്ക് വർധിക്കാൻ കാരണമാകുമോ എന്ന് ആശങ്കയുണ്ട്. പ്രതിദിനം 80,000 പേർക്കാണ് ദർശനം. ഇതിൽ 70,000 വെർച്വൽ ക്യൂ ബാക്കി സ്പോട്ട് ബുക്കിങ്ങിനായും പരിഗണിക്കും. ഇരുമുടിക്കെട്ടുമായി വരുന്ന മുഴുവൻ തീർഥാടകർക്കും ദർശനം ലഭിക്കുന്ന വിധത്തിലാണു ക്രമീകരണമെന്ന് അധികൃതർ പറഞ്ഞു. ക്യൂആർ കോഡ് സ്കാൻ ചെയ്താൽ സ്പോട് ബുക്കിങ് ചെയ്ത തീർഥാടകന്റെ എല്ലാ വിവരങ്ങളും അറിയാൻ സാധിക്കുന്ന വിധത്തിലുള്ള പാസാണു നൽകുന്നത്. ഇതിനായി പ്രത്യേക സംവിധാനം ഒരുക്കാനും ദേവസ്വം ബോർഡ് തീരുമാനിച്ചതായി ബോർഡ് അംഗം എ.അജികുമാർ പറഞ്ഞു.

    റിപ്പോർട്ട്: അജേഷ് മുണ്ടാനൂർ

    No comments

    Post Top Ad

    Post Bottom Ad