ഇരുട്ടുവീണാൽ ബൈക്കുമായിറങ്ങും, പിന്നെ സ്ത്രീകൾക്ക് നേരെ അതിക്രമം; ഒടുവിൽ പൊലീസ് വിരിച്ച വലയിൽ കുരുങ്ങി 31കാരൻ
ഇരുട്ടുവീണാൽ ബൈക്കിലെത്തി സ്ത്രീകളെ ഉപദ്രവിക്കുന്ന യുവാവ് കൊടകര പൊലീസിൻ്റെ പിടിയിലായി. പാപ്പാളിപാടത്ത് താമസിക്കുന്ന മറ്റത്തൂർകുന്ന് സ്വദേശി പത്തമടക്കാരൻ വീട്ടിൽ 31 വയസുള്ള ഷനാസ് ആണ് പിടിയിലായത്.
മറ്റത്തൂർകുന്ന്, ആറ്റപ്പിള്ളി, മൂലംകുടം എന്നിവിടങ്ങളിൽ എല്ലാ ദിവസവും ഇരുട്ടു വീണു തുടങ്ങുന്ന സമയത്ത് ബൈക്കിൽ സഞ്ചരിച്ച് ജോലി കഴിഞ്ഞും മറ്റും വീട്ടിലേക്ക് നടന്നും സ്കൂട്ടറിലും മടങ്ങുന്ന സ്ത്രീകളുടെ പുറകിലൂടെ എത്തി കടന്നുപിടിച്ച് ഉപദ്രവിക്കുന്നതാണ് ഇയാളുടെ രീതി.പെട്ടെന്നുള്ള ആക്രമണത്തിൽ സ്ത്രീകൾ ഭയപ്പെടുകയും സ്കൂട്ടറിൽ നിന്നും മറ്റും മറിഞ്ഞു വീഴുന്നതും പതിവായിരുന്നു.മറ്റത്തൂർകുന്ന് സ്വദേശിനിയുടെ പരാതിയെ തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. ആളൊഴിഞ്ഞ സ്ഥലങ്ങളിലും വഴിവിളക്കില്ലാത്ത ഇടങ്ങളിലും ഇയാളെ പിടികൂടാൻ പൊലീസ് നിരീക്ഷണം നടത്തിയിരുന്നു.ഒന്നര കൊല്ലമായി ഈ രീതിയിൽ സ്ത്രീകൾക്ക് പുറത്തിറങ്ങാൻ കഴിയാത്ത വിധത്തിൽ ഇയാൾ ഭീതി പരത്തിയിരുന്നതായി പൊലീസ് പറഞ്ഞു.
പല സ്ത്രീകളും പുറത്ത് പറയാൻ മടിയുള്ളതിനാൽ പരാതികളുമായി സ്റ്റേഷനിൽ എത്തിയിരുന്നില്ല. എന്നാൽ പോലീസ് അന്വേഷണം തുടങ്ങിയപ്പോൾ പല സ്ത്രീകളും ഇത് വെളിപ്പെടുത്തുകയും വാട്സ്ആപ്പ് കൂട്ടായ്മയിലൂടെ വിവരങ്ങൾ പങ്കുവെച്ചും പൊലീസുമായി സഹകരിച്ചു.
വൈകുന്നേരം സമയങ്ങളിൽ മഫ്തിയിൽ പോലീസും നാട്ടുകാരും പലയിടങ്ങളിലായി ഒളിഞ്ഞിരുന്നും മറ്റും നടത്തിയ നിരീക്ഷണത്തിനു ഒടുവിലാണ് പ്രതിയെ പിടികൂടാൻ കഴിഞ്ഞത്. ഡിവൈഎസ് പി കെ. സുമേഷിൻ്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘത്തിൽ സിഐ പി.കെ. ദാസ്, എസ്ഐമാരായ വി.പി. അരിസ്റ്റോട്ടിൽ, ഇ.എ. സുരേഷ്, എഎസ്ഐമാരായ സജു പൗലോസ്, ആഷ്ലിൻ ജോൺ എന്നിവർ ഉണ്ടായിരുന്നു.പിടിയിലായ ഷനാസിന് സമാനസംഭവത്തിൽ ചേർത്തല പോലീസ് സ്റ്റേഷനിൽ കേസുണ്ടെന്ന് പൊലീസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
No comments
Post a Comment