ഇനി തീർത്ഥാടനം കൂടുതൽ സുഗമമാകും ; ശബരിമലയിൽ 317 കോടിയുടെ പദ്ധതിയാണ് നടപ്പാക്കുന്നു
പത്തനംതിട്ട :- ശബരിമല തീർഥാടനം സുഗമമാക്കുന്നതിനും സമഗ്രവികസനത്തിനുമായി 2006ൽ തയാറാക്കിയ മാസ്‌റ്റർ പ്ലാൻ നടപ്പാക്കാൻ നടപടി തുടങ്ങി. 317 കോടിയുടെ പദ്ധതിയാണ് നടപ്പാക്കുന്നത്. ദേവസ്വം ഭൂമിയും വനഭൂമിയും തമ്മിലുള്ള അതിർത്തി തർക്കം കാരണമാണ് പദ്ധതികൾ നടപ്പാക്കാനാവാതെ വന്നത്. ഇപ്പോൾ ഹൈക്കോടതി ഇടപെട്ട് പ്രശ്‌നങ്ങൾ പരിഹരിച്ചതിനെ ത്തുടർന്നാണ് നടപടികളാരംഭിച്ചത്.
പമ്പ ഹിൽടോപ് പാർക്കിങ് ഗ്രൗണ്ടിൽനിന്നു ഗണപതികോവിലിലേക്ക് സുരക്ഷാ പാലം (32 കോടി), തീർഥാടകരെ തിരിച്ചുവിടാൻ മാളികപ്പുറത്തുനിന്നു ചന്ദ്രാ നന്ദൻ റോഡിലേക്ക് പാലം (40 കോടി), പുതിയ പ്രസാദ മണ്ഡപം, തന്ത്രി, മേൽശാന്തി മഠങ്ങൾ, തിരുമുറ്റം വികസനം (96 കോടി), നിലയ്ക്കൽ അടിസ്ഥാന താവളത്തിൽ സുരക്ഷാ ഇടനാഴി, പിൽ ഗ്രിം സെൻ്റർ (145 കോടി), സന്നിധാനത്തെ അന്നദാന മണ്ഡപത്തിലും തീർഥാടകർ താമസിക്കുന്ന കെട്ടിടങ്ങളിലും അഗ്നിരക്ഷാ സംവിധാനങ്ങൾ ഒരുക്കൽ (4കോടി) എന്നിവയാണ് മാസ്റ്റർ പ്ലാനിൽ ഉടൻ നടപ്പാക്കുന്ന പദ്ധതികൾ.
സുപ്രീംകോടതി നിർദേശപ്രകാരം 2006ലാണ് ശബരിമല മാസ്‌റ്റർ പ്ലാൻ തയാറാക്കിയത്. 2007ൽ സംസ്ഥാന സർക്കാർ അംഗീകരിച്ചു. പദ്ധതികൾ നടപ്പാക്കാൻ 2009ൽ ഹൈക്കോടതി ഉന്നതാധികാര സമിതി രൂപീകരിച്ചു. എന്നാൽ വനാതിർത്തി പ്രശ്‌നം ഉടലെടുത്തതോടെ പദ്ധതി അവതാളത്തിലായി. ഹൈക്കോടതി ഇടപെട്ട് അഭിഭാഷക കമ്മിഷനെ നിയോഗിച്ചു. സന്നിധാനത്തെ ദേവസ്വം ഭൂമി അളന്നു തിരിച്ചു ജണ്ട സ്‌ഥാപിച്ചു. അതിന്റെ അടിസ്ഥാനത്തിൽ ശബരിമല മേഖലയിൽ നടപ്പാക്കുന്ന നിർമാണങ്ങളുടെ കൃത്യമായ രൂപരേഖയും വിശദ വിവരങ്ങളും തയാറാക്കിയതോടെ തടസ്സം മാറി.
ഹിൽടോപ് പാർക്കിങ് ഗ്രൗണ്ടിൽ നിന്ന് അയ്യപ്പ സേവാസംഘം ഓഫിസിന്റെ ഭാഗത്തേക്ക് 138 മീറ്റർ നീളവും 10 മീറ്റർ വീതിയുമുള്ള പാലമാണ് നിർമിക്കുക. ഇരുവശത്തും 2 മീറ്റർ വീതിയിൽ നടപ്പാതയുമുണ്ട്. ഗണപതികോവിലിന്റെ കര പെരിയാർ കടുവ സങ്കേതത്തിന്റെ പരിധിയിൽ വരുന്നതിനാൽ കേന്ദ്രവനം പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി ലഭ്യമാക്കുന്നതിന് നടപടി ആരംഭിച്ചു. നിലയ്ക്കൽ അടിസ്‌ഥാന താവള വികസനത്തിനായി 145 കോടിയുടെ പദ്ധതിയിൽ പാർക്കിങ് ഗൗണ്ടുകൾ, ഓഫിസ്, പിൽഗ്രിം സെൻ്ററുകൾ എന്നിവയെ ബന്ധിച്ച് 9 കിലോമീറ്റർ പുതിയ റോഡ്, സുരക്ഷാ ഇടനാഴി, തീർഥാടക വിശ്രമ പവിലിയൻ, അന്നദാന മണ്ഡപം തുടങ്ങിയവയാണ് ഉദ്ദേശിക്കുന്നത്.
No comments
Post a Comment