Header Ads

  • Breaking News

    സംസ്ഥാന സർക്കാർ പദ്ധതികൾ വിജയം കാണുന്നു 82,257 ജൈവകർഷകർ 31,911 ഹെക്ടർ ജൈവ കൃഷി

    തിരുവനന്തപുരം:ജൈവകൃഷി പ്രോത്സാഹിപ്പിക്കുന്നതിനുള്ള സംസ്ഥാന സർക്കാരിന്റെ പദ്ധതികൾ വിജയത്തിലേക്ക്‌. സംസ്ഥാനത്ത് 31,911.803 ഹെക്ടറിൽ 82,257 കർഷകർ ജൈവകൃഷി ചെയ്യുന്നതായി കൃഷി വകുപ്പിന്റെ കണക്ക്. ഏറ്റവും കൂടുതൽ ജൈവകർഷകരുള്ളത് കോഴിക്കോട് ജില്ലയിലാണ്, 24546 പേർ. 2893 ഹെക്ടർ കൃഷിഭൂമിയിലായി പച്ചക്കറി, പഴവർ​ഗം, സുഗന്ധവ്യഞ്‌ജനം എന്നിവയാണ് പ്രധാന കൃഷി. കുറവ് ജൈവ കർഷകർ പത്തനംതിട്ട ജില്ലയിലാണ്,1412 പേർ. പച്ചക്കറി, വാഴ, പഴവർ​ഗം, തെങ്ങ്, കിഴങ്ങ്‍വർ​ഗം, കുരുമുളക്, നെല്ല്, പയർ, ചെറുധാന്യം, ജാതി, എള്ള്, വെറ്റില, മഞ്ഞൾ, ഇഞ്ചി എന്നിവയാണ് സംസ്ഥാനത്തെ പ്രധാന ജൈവ വിളകൾ. ജൈവകൃഷി പ്രോത്സാഹിപ്പിക്കാൻ സർക്കാർ ജൈവ കാർഷിക മിഷൻ രൂപീകരിച്ച് ഒരു വർഷം പിന്നിടുമ്പോഴാണ് ജൈവകൃഷിയിൽ വൻപുരോ​ഗതി.

    കൃഷി, മൃഗസംരക്ഷണം, കോഴി വളർത്തൽ, മത്സ്യ കൃഷി, തേനീച്ച കൃഷി, കൂൺകൃഷി തുടങ്ങിയ മേഖലകളെ ഏകോപിപ്പിച്ച് സ്ത്രീകൾ, യുവജനങ്ങൾ, വിദ്യാർഥികൾ, പ്രവാസികൾ എന്നിവരുടെ കൂട്ടായ്മയിലൂടെ ജൈവകൃഷി പ്രോത്സാഹിപ്പിക്കുകയാണ് ജൈവ കാർഷിക മിഷന്റെ ലക്ഷ്യം. വ്യത്യസ്ത കാർഷിക പാരിസ്ഥിക മേഖലയിലും യൂണിറ്റുകളിലും ജൈവകൃഷി നടപ്പാക്കുക, ഓരോവർഷവും കുറഞ്ഞത് 10,000 ഹെക്ടറിൽ ജൈവകൃഷി വ്യാപിപ്പിച്ച് അഞ്ച് വർഷത്തിനുള്ളിൽ കുറഞ്ഞത് 50,000 ഹെക്ടറിൽ ജൈവകൃഷി ചെയ്യുക എന്നിവയും ലക്ഷ്യമിടുന്നു.
    കർഷകരുടെ മൂല്യവർധിത ഉൽപ്പന്നങ്ങൾക്ക് മികച്ച വിപണിയൊരുക്കാൻ കൃഷി വകുപ്പുവഴി കേരള ഗ്രോ ബ്രാൻഡഡ് ഷോപ്പുകളും ആരംഭിക്കുകയാണ്. ഇതിനോടകം കേരള ഗ്രോ ഓർ​ഗാനിക്, കേരള ​ഗ്രോ ​ഗ്രീൻ ബ്രാൻഡിൽ ജൈവ കാർഷികോൽപ്പന്നങ്ങൾ ബ്രാൻഡ് ചെയ്യുന്നുണ്ട്. കൃഷി വകുപ്പിനുകീഴിൽ കേരള അഗ്രോ ബിസിനസ് കമ്പനി (കാബ്കോ) വഴി ജൈവ ഉൽപ്പന്നങ്ങൾ കയറ്റുമതി ചെയ്യാൻ നടപടി ആരംഭിച്ചിട്ടുണ്ട്. ജൈവ കൃഷി വ്യാപിക്കാൻ ഈ സാമ്പത്തികവർഷം ആറ് കോടിരൂപയാണ് സർക്കാർ വകയിരുത്തിയത്.

    No comments

    Post Top Ad

    Post Bottom Ad