രണ്ട് എല്‍.ഇ.ഡി ബള്‍ബെടുത്താല്‍ ഒന്ന് സൗജന്യം; കെ.എസ്.ഇ.ബി.യുടെ പുതിയ ഓഫർ
തിരുവനന്തപുരം: രണ്ടെടുത്താൽ ഒരു എൽ.ഇ.ഡി. ബൾബ് സൗജന്യം. ബി.പി.എൽ. കുടുംബങ്ങൾക്കും അങ്കണവാടികൾക്കും സർക്കാർ ആശുപത്രികൾക്കും പൂർണമായും സൗജന്യമാണ്.മൂന്നുവർഷ വാറന്റി തീരാറായതും തീർന്നതുമായ ബൾബുകൾ വിറ്റഴിക്കാനും ഒഴിവാക്കാനുമാണ് കെ.എസ്.ഇ.ബി. ഓഫർ പ്രഖ്യാപിച്ചത്. ഫിലമെന്റ് ഫ്രീ കേരളം എന്ന ലക്ഷ്യത്തോടെ വാങ്ങിക്കൂട്ടിയ 2.19 ലക്ഷം ബൾബുകളാണ് കൃത്യസമയത്ത് വിതരണംചെയ്യാതെ സ്റ്റോറുകളിൽ കെട്ടിക്കിടക്കുന്നത്. 1.17 കോടി ബൾബുകൾ 54.88 കോടിരൂപയ്ക്കാണ് കെ.എസ്.ഇ.ബി. വാങ്ങിയത്. ഇതിൽ 1.15 കോടി വിറ്റു. ശേഷിക്കുന്ന രണ്ടുശതമാനത്തോളം എങ്ങനെയും വിറ്റ് നഷ്ടം കുറയ്ക്കാനുള്ള ശ്രമത്തിലാണ്.
ഒൻപത് വാട്‌സിന്റെ ബൾബിന് 65 രൂപയാണ് കെ.എസ്.ഇ.ബി. ഈടാക്കിയിരുന്നത്. ഇപ്പോൾ പൊതുവിപണിയിൽ വില ഇതിലും കുറവാണ്. ഉജ്ജ്വൽ പദ്ധതിയുടെ ഭാഗമായി വാങ്ങിയ 81,000 ബൾബുകളും വാറന്റി കഴിഞ്ഞ് ബാക്കിയുണ്ട്. ഇവ അങ്കണവാടികൾ, വൈദ്യുതി ചാർജ് അടയ്ക്കേണ്ടതില്ലാത്ത ബി.പി.എൽ. കുടുംബങ്ങൾ, സർക്കാർ ആശുപത്രികൾ എന്നിവയ്ക്ക് സൗജന്യമായി നൽകും.കെഎസ്.ഇ.ബി. ഓഫീസുകൾക്കും സൗജന്യമായി കിട്ടും.
No comments
Post a Comment