Header Ads

  • Breaking News

    ചികിത്സ വൈകി; ഒരു വയസുകാരൻ മരിച്ചു; ആശുപത്രിക്കെതിരെ പരാതിയുമായി കുടുംബം.


    തൃശൂർ: ഒരു വയസുകാരന്റെ മരണകാരണം ചികിത്സ വൈകിയതെന്ന് പരാതി. നടത്തറ സ്വദേശി ദ്രിയാസ് (ഒന്ന്) ആണ് മരിച്ചത്. തൃശൂർ ഒല്ലൂരിലാണ് സംഭവം. പനി ബാധിച്ചെത്തിയ കുട്ടിക്ക് ചികിത്സ വൈകിപ്പിച്ചതാണ് മരണത്തിനിടയാക്കിയതെന്നാണ് കുടുംബത്തിന്റെ ആരോപണം. സംഭവത്തിൽ ഒല്ലൂരിലെ വിൻസെന്റ് ഡി പോൾ ആശുപത്രിക്കെതിരെ കുടുംബം ഒല്ലൂർ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.

    ഇന്നലെ വൈകീട്ട് നാലരയോടെയാണ് കുട്ടിയെ ആശുപത്രിയിലെത്തിക്കുന്നത്. ഒമ്പത് മണിയായിട്ടും കുട്ടിക്ക് ചികിത്സ നൽകിയിരുന്നില്ല. ആരോ​ഗ്യസ്ഥിതി വഷളായതോടെ കുട്ടിയെ തൃശൂരിലെ മിഷൻ ആശുപത്രിയിലെത്തിക്കുകയായിരുന്നു. എന്നാൽ ജീവന്‍ രക്ഷിക്കാനായില്ല. പനി ബാധിച്ചെത്തിയ കുട്ടിയെ ഡോക്ടർ ചികിത്സിക്കുന്നതിന് പകരം നഴ്സ് ചികിത്സിച്ചുവെന്നും ബന്ധുക്കൾ ആരോപിക്കുന്നുണ്ട്.അതേസമയം ബന്ധുക്കളുടെ ആരോപണം അടിസ്ഥാനരഹിതമാണെന്നാണ് ആശുപത്രി അധികൃതരുടെ പ്രതികരണം. ശിശുരോഗ വിദഗ്ധൻ്റെ നിർദേശ പ്രകാരമാണ് ചികിത്സ നൽകിയതെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. കുട്ടിക്ക് കുത്തിവെയ്പ്പ് വഴി മരുന്ന് നൽകാൻ സാധിക്കാത്ത അവസ്ഥയിലായിരുന്നുവെന്നും അതിനാലാണ് മരുന്ന് നൽകാൻ വൈകിയതെന്നും അധികൃതർ പറഞ്ഞു. സംഭവത്തിൽ അന്വേഷണം പുരോ​​ഗമിക്കുകയാണ്.

    No comments

    Post Top Ad

    Post Bottom Ad