ഊട്ടി സന്ദർശനത്തിന് ഇ പാസ് നിർബന്ധമാക്കിയ നടപടി നീട്ടി
ഊട്ടി : ഊട്ടിയിലേക്ക് എത്തുന്ന സഞ്ചാരികൾക്ക് ഇ പാസ് നിർബന്ധമാക്കിയുള്ള നടപടി നീട്ടി. സഞ്ചാരികളുടെ തിരക്ക് നിയന്ത്രിക്കുന്നതിന് കഴിഞ്ഞ മേയ് 7നാണ് ഇ പാസ് നിർബന്ധമാക്കിയത്. ആദ്യം ജൂൺ 30 വരെയും പിന്നീട് സെപ്റ്റംബർ 30 വരെയുമായുമാണ് ഇ പാസ് ഏർപ്പെടുത്തിയിരുന്നത്. മദ്രാസ് ഹൈക്കോടതി നിർദേശ പ്രകാരമാണ് നടപടിയെന്നാണ് പറയുന്നത്. എന്നാൽ, ഇ പാസില്ലെന്നതിന്റെ പേരിൽ യാത്രക്കാരെ ആരെയും മടക്കി വിടില്ല. നിബന്ധനകളില്ലാതെ എല്ലാവർക്കും പാസ് ലഭിക്കും.നീലഗിരിയിലേക്ക് പ്രവേശിക്കുന്ന നാടുകാണി ഉൾപ്പെടെയുള്ള അതിർത്തി ചെക്പോസ്റ്റുകളിലാണ് ഇ പാസ് പരിശോധിക്കുന്നത്.
ഇ പാസില്ലാതെ വരുന്ന വാഹനങ്ങൾക്ക് ചെക്പോസ്റ്റ് ജീവനക്കാർ തന്നെ പാസ് എടുത്തു നൽകുന്നുണ്ട്. കഴിഞ്ഞ വേനൽ ച്ചൂടിൽ മുൻപൊന്നും ഇല്ലാത്ത തരത്തിൽ ഊട്ടിയിൽ സഞ്ചാരികൾ നിറഞ്ഞതോടെയാണ് ഇ പാസ് ഏർപ്പെടുത്തി സന്ദർശകരുടെ എണ്ണം നിയന്ത്രിക്കാൻ നീലഗിരി ജില്ലാ ഭരണകൂടം നീക്കം നടത്തിയത്. എന്നാൽ, പ്രതിദിന നിയന്ത്രണം ഇത്തവണ ഉണ്ടാകില്ലെന്നാണ് കലക്ടർ അറിയിച്ചത്.നീലഗിരി ജില്ലയിലേക്ക് എത്തുന്ന എല്ലാ സ്വകാര്യ വാഹനങ്ങളും ഇ പാസ് എടുത്തിരിക്കണം. ഇത് സൗജന്യമായി ഓൺലൈനിൽ ലഭിക്കും. epass.tnega.org എന്ന വെബ്സൈറ്റിൽ വാഹന നമ്പറും യാത്രക്കാരുടെ എണ്ണവും ഉൾപ്പെടെയുള്ള വിവരങ്ങൾ എന്നിവ നൽകിയാൽ ഇ പാസ് ലഭിക്കും.
No comments
Post a Comment