Header Ads

  • Breaking News

    മറവിരോ​ഗം, പതുക്കെപ്പതുക്കെ പൊതുജീവിതം അവസാനിപ്പിക്കുന്നു’; സാഹിത്യകാരൻ സച്ചിദാനന്ദൻ.



    പൊതുജീവിതം അവസാനിപ്പിക്കുന്നതായി സാഹിത്യകാരൻ കെ സച്ചിദാനന്ദൻ. മറവിരോഗം ബാധിച്ചതിനെ തുടർന്ന് പതിയെ പൊതുജീവിതം അവസാനിപ്പിക്കുകയാണെന്നും കേരള സാഹിത്യ അക്കാദമി ചെയർമാൻ സ്ഥാനത്തിന്റെ കാലാവധി കഴിയുന്നത് വരെ ചുമതലയിൽ തുടരുമെന്നും അദ്ദേഹം അറിയിച്ചു. രോഗം മൂർച്ഛിച്ചതിനെ തുടർന്ന് അഞ്ചുദിവസമായി ആശുപത്രിയിൽ ആണെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു.

    ഫേസ്ബുക് പോസ്റ്റിന്റെ പൂർണരൂപം

    സുഹൃത്തുക്കളെ, ഞാന്‍ 7 വര്‍ഷം മുന്‍പ് ഒരു താത്കാലികമറവി രോഗത്തിന്‌ (transient global amnesia) വിധേയനായിരുന്നു. അന്നുമുതൽ മരുന്നും (Levipil 500, twice a day) കഴിക്കുന്നുണ്ട്. പിന്നീട് അത് വന്നിരുന്നില്ല. എന്നാൽ, നവമ്പര്‍ 1-ന് പുതിയ രീതിയില്‍ അത് തിരിച്ചുവന്നു. കാല്‍ മരവിപ്പ്, കൈ വിറയല്‍, സംസാരിക്കാന്‍ പറ്റായ്ക, ഓര്‍മ്മക്കുറവ്- ഇങ്ങിനെ അല്‍പ്പം നേരം മാത്രം നില്‍ക്കുന്ന‌ കാര്യങ്ങള്‍. 5 ദിവസമായി ആശുപത്രിയില്‍. ഒക്ടോബർ ‌മാസം നിറയെ യാത്രകളും പരിപാടികളും ആയിരുന്നു. Stress ആണ് ഈ രണ്ടാം അവതാരത്തിന് പ്രധാന കാരണം എന്ന് ഡോക്ടർമാര്‍. അതുകൊണ്ട്‌ പതുക്കെപ്പതുക്കെ public life അവസാനിപ്പിക്കുന്നു. യാത്ര, പ്രസംഗം ഇവ ഒഴിവാക്കുന്നു. ക്രിസ്തുവും ബുദ്ധനും മുതൽ ആരുടെയും പ്രസംഗം കൊണ്ട്‌ ലോകം നന്നായിട്ടില്ല. അത് ഒരു സമയം പാഴാക്കുന്ന പരിപാടി മാത്രം എന്ന് 60 വർഷത്തെ അനുഭവം എന്നെ ബോദ്ധ്യപ്പെടുത്തി. അതുകൊണ്ട്‌ എന്റെ ജീവന്‍ നിലനിര്‍ത്തുന്ന കവിതയുമായി ബന്ധപ്പെട്ട ചില പരിപാടികളില്‍ മാത്രമേ ഇനി പങ്കെടുക്കൂ; ഈ ടേം കഴിയും വരെ അക്കാദമിയുടെ ചില പരിപാടികളിലും. ദയവായി എന്നെ പൊതുയോഗങ്ങൾക്കു വിളിക്കാതിരിക്കുക. വന്നില്ലെങ്കില്‍ ദയവായി പരിഭവമില്ലാതെ അംഗീകരിക്കുക. ഓര്‍മ്മയും വായനയും ഭാവനയും ഉള്ളിടത്തോളം ഞാന്‍ എഴുതും. എപ്പോൾ വേണമെങ്കിലും അവ ഇല്ലാതാകാം.

    No comments

    Post Top Ad

    Post Bottom Ad