ജില്ലയിലെ തപാൽനീക്കം പ്രതിസന്ധിയിലാക്കും
കണ്ണൂർ:തലശേരിയിലെയും കാസർകോട്ടെയും ആർ.എം.എസുകൾ അടച്ചുപൂട്ടുന്നത് ജില്ലയിലെ തപാൽ ഉരുപ്പടികളുടെ നീക്കം പ്രതിസന്ധിയിലാക്കും. തലശേരിയിലെയും കാസർകോട്ടെയും ഓഫീസുകളുടെ പ്രവർത്തനം കണ്ണൂരിലേക്ക് മാറ്റാനാണ് തപാൽ വകുപ്പിന്റെ തീരുമാനം.നാൽപതു വർഷമായി തലശേരിയിലെ ആർ.എം.എസ് ഓഫീസ് പ്രവർത്തനം തുടങ്ങിയിട്ട്. ട്രെയിനുകളിൽ പ്രവർത്തിച്ചിരുന്ന സെക്‌ഷനുകൾ നിർത്തലാക്കിയപ്പോൾ തലശേരി താലൂക്കിലെയും വയനാട് ജില്ലയുടെ വടക്കൻ മേഖലയായ മാനന്തവാടി, പനമരം, വെള്ളമുണ്ട, തലപ്പുഴ പ്രദേശങ്ങളിലെയും ജനങ്ങൾക്ക് കൃത്യസമയത്ത് തപാൽ ഉരുപ്പടികൾ ലഭിക്കുന്നതിൽ പ്രയാസം നേരിട്ടു. ഈ പ്രശ്‌നം പരിഹരിക്കാനാണ് 1984ൽ തലശേരിയിൽ ആർ.എം.എസ് ആരംഭിച്ചത്. പോസ്റ്റോഫീസുകളിൽ പോസ്‌റ്റ് ചെയ്യുന്ന സാധാരണ ഉരുപ്പടികളും ബുക്ക് ചെയ്യുന്ന രജിസ്‌ട്രേഡ്, പാർസൽ, സ്പീഡ് പോസ്റ്റ് ഉരുപ്പടികളും വിദേശരാജ്യങ്ങളിൽനിന്നടക്കം വരുന്ന എല്ലാതരം തപാൽ ഉരുപ്പടികളുമാണ് തലശേരി ആർഎംഎസിൽ കൈകാര്യം ചെയ്‌ത് അതാതിടങ്ങളിലേക്ക് അയക്കുന്നത്. നാലായിരത്തോളം സ്പീഡ്പോസ്റ്റ് ഉരുപ്പടികളും മൂവായിരത്തിലധികം രജിസ്‌ട്രേഡ് ഉരുപ്പടികളും 1500ഓളം പാർസൽ ഉരുപ്പടികളും ദിവസവും തലശേരി ആർഎംഎസിൽ കൈകാര്യം ചെയ്യുന്നുണ്ട്. കാസർകോട്ടും കണ്ണൂരിലും പ്രതിദിനം എത്തുന്നത് ഇതിലും ഇരട്ടിയോളമാണ്.
മൂന്ന് ആർഎംഎസുകളിൽ കൈകാര്യം ചെയ്‌തിരുന്ന മുഴുവൻ കാര്യങ്ങളും കാസർകോട്ടെയും തലശേരിയിലെയും പൂട്ടുന്നതോടെ കണ്ണൂരിൽമാത്രമായി ചെയ്യേണ്ടിവരും. രണ്ടിടത്തെയും ഉരുപ്പടികൾകൂടി എത്തുന്നതോടെ ഈ പ്രശ്‌നവും രൂക്ഷമാകും. ജീവനക്കാരുടെ കുറവും പ്രതിസന്ധിയുടെ ആഴം കൂട്ടും. സ്ഥലപരിമിതിയിൽ വീർപ്പുമുട്ടുകയാണ് കണ്ണൂർ ആർഎംഎസ്. ജോലിഭാരത്താൽ ജീവനക്കാരും ബുദ്ധിമുട്ടുന്നു. തപാൽ വകുപ്പിന്റെ പുതിയ തീരുമാനം വിലാസക്കാരന് കൃത്യസമയത്ത് ഉരുപ്പടികൾ എത്തിക്കാനാകാത്ത സ്ഥിതിയാണുണ്ടാക്കുകയെന്ന് ജീവനക്കാർ പറയുന്നു.തലശേരി ആർഎംഎസ് നിലനിർത്താനായി ഇടപെടണമെന്നാവശ്യപ്പെട്ട് വി ശിവദാസൻ എംപി, സ്‌പീക്കർ എ എൻ ഷംസീർ എന്നിവർക്ക് എൻഎഫ്പിഇ നിവേദനം നൽകി.
No comments
Post a Comment