Header Ads

  • Breaking News

    പാലത്തിൽ നിന്ന് ഏഴ് ദിവസം പ്രായമായ കുഞ്ഞിനെ വലിച്ചെറിഞ്ഞു, മരത്തിൽ തങ്ങി അത്ഭുത രക്ഷപ്പെടൽ.


    ഉത്തർപ്രദേശിലെ ഹാമിർപൂരിൽ ഏഴു ദിവസം പ്രായമുള്ള കുഞ്ഞിനെ മരത്തിൽ കുടുങ്ങിയ നിലയിൽ കണ്ടെത്തി. മാതാപിതാക്കൾ പാലത്തിൽ നിന്ന് വലിച്ചെറിഞ്ഞ ചോരക്കുഞ്ഞാണ് തിരികെ ജീവിതത്തിലേക്ക് മടങ്ങേയെത്തിയത്. ദേശീയ മാധ്യമമായ എൻഡിടിവിയാണ് വാർത്ത റിപ്പോർട്ട് ചെയ്യുന്നത്. ജന്മാഷ്ടമി ദിനത്തിൽ കണ്ടെത്തിയ കുഞ്ഞിന് കൃഷ്ണ എന്ന് പേരിട്ടു.മരത്തിൽ തങ്ങിനിന്ന കുഞ്ഞ് അത്ഭുതകരമായാണ് രക്ഷപ്പെട്ടത്. കുഞ്ഞിന്‍റെ ശരീരത്തിൽ അൻപതോളം മുറിവുകളുണ്ടായിരുന്നു. രണ്ട് മാസത്തെ ചികിത്സയ്ക്ക് ശേഷം കുഞ്ഞ് ആരോഗ്യത്തോടെയിരിക്കുന്നുവെന്ന് ഡോക്ടർമാർ പറഞ്ഞു. കുഞ്ഞിന്‍റെ മുതുകിൽ മൃഗങ്ങളുടെ കടിയേറ്റത് ഉൾപ്പെടെ അൻപതോളം മുറിവുകളുണ്ടായിരുന്നു.

    കാൺപൂരിലെ ലാലാ ലജ്പത് റോയ് ആശുപത്രിയിൽ കൊണ്ടുവന്നപ്പോൾ രക്ഷപ്പെടുത്താൻ കഴിയുമെന്ന് ഡോക്ടർമാർക്ക് ഒരു പ്രതീക്ഷയുമില്ലായിരുന്നു. ഹാമിർപൂരിലെ ജില്ലാ ആശുപത്രിയാണ് കുട്ടിയെ ലാലാ ലജ്പത് റോയ് ആശുപത്രിയിലേക്ക് റഫർ ചെയ്തത്.

    രണ്ട് മാസത്തെ ചികിത്സയ്ക്ക് ശേഷം ഒക്ടോബർ 24 ന് കുഞ്ഞിനെ പൊലീസിനും ശിശുക്ഷേമ സമിതി അംഗങ്ങൾക്കും കൈമാറി. അപ്പോഴേക്കും കുഞ്ഞുമായി എല്ലാവരും അത്രയേറെ അടുത്തതിനാൽ കണ്ണ് നിറഞ്ഞാണ് യാത്രയാക്കിയത്.

    കുട്ടിയെ ഹമീർപൂരിനടുത്തുള്ള റാത്തിലെ പാലത്തിൽ നിന്ന് മാതാപിതാക്കൾ വലിച്ചെറിഞ്ഞതാണെന്ന് ഡോക്ടർ പറഞ്ഞു. ഭാഗ്യത്തിന് അവൻ ഒരു വലിയ മരത്തിൽ കുടുങ്ങിയതു കൊണ്ടുമാത്രമാണ് രക്ഷപ്പെട്ടതെന്ന് ഡോ സഞ്ജയ് കല പറഞ്ഞു.

    അവൻ വേദന കൊണ്ട് കരയുമ്പോൾ നഴ്‌സുമാർ ദൂരെ നിന്ന് താരാട്ടുപാട്ട് പാടുമായിരുന്നു. ദേഹമാസകലം മുറിവായിരുന്നതിനാൽ എടുക്കാൻ കഴിയുമായിരുന്നില്ല. കുഞ്ഞ് വേദന കൊണ്ട് കരയുമ്പോൾ തങ്ങളുടെ കണ്ണും നിറയുമായിരുന്നെന്ന് ഡോക്ടർമാരും നഴ്സുമാരും പറഞ്ഞു.

    No comments

    Post Top Ad

    Post Bottom Ad