UAE പൊതുമാപ്പ് നീട്ടി, ഇനി ഡിസംബർ 31 വരെ അവസരം
അബുദാബി :- അപേക്ഷകരുടെ തിരക്ക് കണക്കിലെടുത്ത് യുഎഇയിൽ പൊതുമാപ്പ് 2 മാസത്തേക്കു കൂടി നീട്ടി. അപേക്ഷ സമർപ്പിക്കാൻ ഡിസംബർ 31 വരെ അവസരമുണ്ടാകുമെന്ന് ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി ആൻഡ് സിറ്റിസൻഷിപ്, കസ്‌റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റി (ഐസിപി) അറിയിച്ചു. അനധികൃത താമസക്കാർക്ക് രേഖകൾ ശരിയാക്കി, നിയമാനുസൃതമായി രാജ്യത്ത് തുടരാനോ ശിക്ഷ കൂടാതെ രാജ്യം വിടാനോ അവസരം നൽകി സെപ്റ്റംബർ ഒന്നിന് ആരംഭിച്ച പൊതുമാപ്പ് ഇന്നലെ അവസാനിക്കാനിരിക്കേയാണിത്.
നിശ്ചിത സമയത്തിനകം രേഖകൾ ശരിയാക്കാനോ അനുയോജ്യമായ മറ്റൊരു ജോലികണ്ടെത്താനോ സാധിക്കാതിരുന്ന പലർക്കും അത് ആശ്വാസമാകും.അതേസമയം, ഇതുവരെ പൊതുമാപ്പ് പ്രയോജനപ്പെടുത്തിയവർ പിഴയിനത്തിൽ അടയ്ക്കേണ്ടിയിരുന്ന വൻ തുക എഴുതി തള്ളിയിട്ടുണ്ട്. പൊതുമാപ്പ് ഉപയോഗിച്ചവരിൽ 85% പേരും രേഖകൾ ശരിയാക്കി യുഎഇയിൽ തുടരുകയാണെന്നും മറ്റുള്ളവർ എക്സിറ്റ് പാസെടുത്ത് നാട്ടിലേക്കു മടങ്ങിയെന്നും അധികൃതർ അറിയിച്ചു.
No comments
Post a Comment