നരേന്ദ്ര മോദി ഇന്ന് കുവൈറ്റില്‍; 43 വര്‍ഷത്തിനിടയില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി എത്തുന്നത് ഇതാദ്യം
കുവൈറ്റ് സിറ്റി: ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി രണ്ട് ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനായി ഇന്ന് ശനിയാഴ്ച കുവൈറ്റില്‍ എത്തും. 43 വര്‍ഷത്തിന് ശേഷം ആദ്യമായാണ് ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി ഗള്‍ഫ് രാജ്യം സന്ദര്‍ശിക്കുന്നത്. 1981ല്‍ ഇന്ദിരാഗാന്ധിയാണ് അവസാനമായി കുവൈറ്റ് സന്ദര്‍ശിച്ച ഇന്ത്യന്‍ പ്രധാനമന്ത്രി. പ്രതിരോധം, വ്യാപാരം എന്നിവയുള്‍പ്പെടെയുള്ള സുപ്രധാന മേഖലകളിലെ ബന്ധം മെച്ചപ്പെടുത്തുന്നതില്‍ ഇന്ത്യയും കുവൈറ്റും ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.
കുവൈറ്റ് അമീര്‍ ശെയ്ഖ് മിഷാല്‍ അല്‍ അഹമ്മദ് അല്‍ ജാബര്‍ അല്‍ സബാഹിന്‍റെ ക്ഷണപ്രകാരമാണ് പ്രധാനമന്ത്രി കുവൈറ്റ് സന്ദര്‍ശിക്കുന്നത്. അമീറുമായി കൂടിക്കാഴ്ച നടത്തുന്നതിനൊപ്പം കുവൈറ്റ് കിരീടാവകാശിയുമായും പ്രധാനമന്ത്രിയുമായും മോദി ചര്‍ച്ച നടത്തും. ഇവിടെയുള്ള ഇന്ത്യന്‍ ലേബര്‍ ക്യാമ്പുകള്‍ സന്ദര്‍ശിക്കുന്ന പ്രധാനമന്ത്രി, ഇന്ത്യന്‍ സമൂഹത്തെ അഭിസംബോധന ചെയ്യും. അതോടൊപ്പം ഗള്‍ഫ് കപ്പ് ഫുട്‌ബോള്‍ ടൂര്‍ണമെന്‍റിന്‍റെ ഉദ്ഘാടന ചടങ്ങിലും പ്രധാനമന്ത്രി പങ്കെടുക്കും. കുവൈറ്റ് കിരീടാവകാശി ഒരുക്കുന്ന പ്രത്യേക വിരുന്ന് സല്‍ക്കാരത്തിലും പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കും.
പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിന് മുന്നോടിയായി, ഉഭയകക്ഷി നിക്ഷേപ ഉടമ്പടിയും പ്രതിരോധ സഹകരണ കരാറും സംബന്ധിച്ച് കുവൈറ്റുമായി ചര്‍ച്ചകള്‍ നടന്നുവരികയാണെന്ന് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം നേരത്തേ അറിയിച്ചിരുന്നു. പ്രധാനമന്ത്രിയുടെ സന്ദര്‍ശന വേളയില്‍ ചില ഉഭയകക്ഷി കരാറുകളില്‍ ഒപ്പുവയ്ക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ഇരു രാജ്യങ്ങളിലെയും വിദേശകാര്യ മന്ത്രാലയം വൃത്തങ്ങള്‍ അറിയിച്ചു. പ്രധാനമന്ത്രിയുടെ ചരിത്രപരമായ സന്ദര്‍ശനം ഇന്ത്യ - കുവൈത്ത് ഉഭയകക്ഷി ബന്ധത്തില്‍ പുതിയ അധ്യായം തുറക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അവര്‍ അഭിപ്രായപ്പെട്ടുകുവൈറ്റിലെ ഏറ്റവും വലിയ പ്രവാസി സമൂഹമാണ് ഇന്ത്യന്‍ സമൂഹം എന്ന പ്രത്യേകതയുമുണ്ട്. അതിനാല്‍ വലിയ പ്രാധാന്യമാണ് പ്രധാനമന്ത്രിയുടെ കുവൈറ്റ് സന്ദര്‍ശനത്തിന് കുവൈറ്റ് അധികൃതര്‍ നല്‍കുന്നത്. 2023-24 സാമ്പത്തിക വര്‍ഷത്തില്‍ 10.47 ബില്യണ്‍ യുഎസ് ഡോളര്‍ മൂല്യമുള്ള ഉഭയകക്ഷി വ്യാപാരവുമായി ഗള്‍ഫ് രാഷ്ട്രം ഇന്ത്യയുടെ മികച്ച വ്യാപാര പങ്കാളികളില്‍ ഒന്നാണ്.
ഇന്ത്യയുടെ ആറാമത്തെ വലിയ ക്രൂഡ് വിതരണക്കാര്‍ കൂടിയാണ് കുവൈറ്റ്. ഇന്ത്യയുടെ ഊര്‍ജ ആവശ്യത്തിന്‍റെ മൂന്ന് ശതമാനം നിറവേറ്റുന്നത് കുവൈറ്റാണ്. കുവൈറ്റിലേക്കുള്ള ഇന്ത്യന്‍ കയറ്റുമതി ഈ വര്‍ഷം ആദ്യമായി രണ്ട് ബില്യണ്‍ ഡോളറിലെത്തി. കുവൈറ്റ് ഇന്‍വെസ്റ്റ്മെന്‍റ് അതോറിറ്റിയുടെ ഇന്ത്യയിലെ നിക്ഷേപം 10 ബില്യണ്‍ യുഎസ് ഡോളറിലധികമാണ്.
കുവൈറ്റ് അമീറായിരുന്ന ശെയ്ഖ് സബാഹ് അല്‍-അഹമ്മദ് അല്‍-ജബര്‍ അല്‍-സബാഹ് 2017 ജൂലൈയില്‍ ഒരു സ്വകാര്യ സന്ദര്‍ശനത്തിനായി ഇന്ത്യയില്‍ എത്തിയിരുന്നു. 2013ല്‍ കുവൈറ്റ് പ്രധാനമന്ത്രി ഇന്ത്യയിലെത്തിയതായിരുന്നു ഇരുരാജ്യങ്ങള്‍ക്കും ഇടയില്‍ അവസാനമായി നടന്ന ഉന്നതതല സന്ദര്‍ശനം.
No comments
Post a Comment