നവീന്‍ ബാബുവിന്റേത് തൂങ്ങിമരണമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്; ശരീരത്തില്‍ പരിക്കുകളില്ല
പത്തനംതിട്ട: കണ്ണൂര്‍ എഡിഎം നവീന്‍ ബാബുവിന്റേത് തൂങ്ങിമരണമെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. നവീന്‍ ബാബുവിന്റെ ശരീരത്തില്‍ പരിക്കുകളില്ലെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് വ്യക്തമാക്കുന്നുണ്ട്. തലയോട്ടിക്ക് പരിക്കില്ലെന്നും വാരിയെല്ലുകള്‍ക്ക് ക്ഷതമില്ലെന്നും റിപ്പോര്‍ട്ട് പറയുന്നു. ഇടത് ശ്വാസകോശത്തിന്റെ മുകള്‍ഭാഗം നെഞ്ചിന്റെ ഭിത്തിയോട് ചേര്‍ന്ന നിലയിലാണെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാണിച്ചിട്ടുണ്ട്. പേശികള്‍ക്കും പ്രധാന രക്തക്കുഴലുകള്‍ക്ക് പരിക്കില്ല. തരുണാസ്ഥി, കശേരുക്കള്‍ എന്നിവയ്ക്കും പരിക്കില്ലെന്നും അന്നനാളം സാധാരണ നിലയിലായിരുന്നവെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കിയിട്ടുണ്ട്.
നവീന്‍ ബാബുവിന്റെ കണ്ണുകള്‍ അടഞ്ഞിരിക്കുകയായിരുന്നെന്നും മൂക്ക്, വായ, ചെവി എന്നിവയ്ക്ക് പരിക്കില്ലെന്നും വ്യക്തമാക്കുന്നു. ചുണ്ടിന് നീല നിറമായിരുന്നു, പല്ലുകള്‍ക്കും മോണകള്‍ക്കും കേടില്ല, നാവ് കടിച്ചിരുന്നു, വിരലിലെ നഖങ്ങള്‍ക്ക് നീല നിറമായിരുന്നു, ശരീരം അഴുകിയതിന്റെ ലക്ഷണങ്ങളില്ല, വയറും മൂത്രാശയവും ശൂന്യമായിരുന്നുവെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. സുഷുമ്‌നാ നാഡിക്ക് പരിക്കില്ലെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. മൃതദേഹം തണുത്ത അറയില്‍ സൂക്ഷിച്ചിരുന്നില്ലെന്നും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്.
നേരത്തെ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ നവീന്‍ ബാബുവിന്റെ മരണം കൊലപാതകമാണെന്ന സംശയം കുടുംബം ഉന്നയിച്ചിരുന്നു.
യാത്രയപ്പ് ചടങ്ങില്‍ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരുന്ന പി പി ദിവ്യ അഴിമതിയാരോപണം ഉന്നയിച്ച് തൊട്ടടുത്ത ദിവസമായിരുന്നു നവീനെ ക്വാര്‍ട്ടേഴ്സില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.
No comments
Post a Comment