Header Ads

  • Breaking News

    മഹാരാജാസ് കോളജിലെ എസ്എഫ്ഐ നേതാവായിരുന്ന അഭിമന്യുവിൻ്റെ കൊലപാതകം; കേസിലെ പ്രാരംഭ വിചാരണ ഇന്നാരംഭിക്കും




    കൊച്ചി: എറണാകുളം മഹാരാജാസ് കോളജിലെ എസ്എഫ്ഐ നേതാവായിരുന്ന അഭിമന്യുവിൻ്റെ കൊലപാതക കേസിലെ പ്രാരംഭ വിചാരണ നടപടികൾ ഇന്നാരംഭിക്കും. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിലാണ് വിചാരണ നടപടികൾ ആരംഭിക്കുന്നത്. കുറ്റപത്രം അനുസരിച്ച് ചുമത്തിയ കുറ്റങ്ങളിന്മേലുള്ള വാദം പ്രൊസിക്യൂഷനും പ്രതിഭാഗം അഭിഭാഷകരും അറിയിക്കും. കേസിലെ പ്രതികളായ 16 കാമ്പസ് ഫ്രണ്ട് - പോപ്പുലർ ഫ്രണ്ട് പ്രവർത്തകരും കോടതിയിൽ ഹാജരാകണമെന്ന് കോടതിയുടെ നിർദ്ദേശിച്ചിട്ടുണ്ട്. 2018 ജൂലൈ രണ്ടിന് പുലർച്ചെയായിരുന്നു പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ എസ്എഫ്ഐ ഇടുക്കി ജില്ലാ കമ്മിറ്റി അംഗം കൂടിയായിരുന്ന അഭിമന്യുവിനെ കുത്തിക്കൊലപ്പെടുത്തിയത്. ആക്രമണത്തിൽ മഹാരാജാസ് കോളജ് വിദ്യാർത്ഥിയായ അർജ്ജുനെ അക്രമി സംഘം കുത്തിപ്പരുക്കേൽപ്പിച്ചിരുന്നു. ചുമരെഴുത്തുമായി ബന്ധപ്പെട്ട് എസ്എഫ്ഐ-ക്യാംപസ് ഫ്രണ്ട് ത‍ർക്കത്തെ തുട‍ന്നാണ് അഭിമന്യുവിന് കുത്തേറ്റത്. കോളേജിലെ പ്രവേശനോത്സവത്തിന് തലേന്നായിരുന്നു ആക്രമണം. കേസിലെ പതിനാറ് പ്രതികൾക്കുമെതിരെ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ അനുബന്ധ വകുപ്പുകൾ അനുസരിച്ച് കൊലപാതകം, വധശ്രമം ഉൾപ്പടെയുള്ള കുറ്റങ്ങളാണ് പ്രത്യേക അന്വേഷണ സംഘം ചുമത്തിയത്. പോപ്പുലർ ഫ്രണ്ട് പ്രവർത്തകനായ സഹൽ ഹംസയാണ് കേസിലെ പ്രധാന പ്രതി. കേസിലെ പ്രധാന രേഖകൾ നഷ്ടപ്പെട്ടുവെങ്കിലും പിന്നീട് പുനസൃഷ്ടിച്ചാണ് വിചാരണ നടപടികൾ ആരംഭിക്കുന്നത്. എറണാകുളം സെൻട്രൽ പൊലീസ് എറണാകുളം സെഷൻസ് കോടതിയിൽ സമ‍ർപ്പിച്ച രേഖകളായിരുന്നു കാണാതായത്. കുറ്റപത്രം അടക്കമുള്ള സുപ്രധാന രേഖകളായിരുന്നു കോടതിയിൽ നിന്ന് നഷ്ടമായത്.

    No comments

    Post Top Ad

    Post Bottom Ad