തേര്‍ഡ് പാര്‍ട്ടി ഇന്‍ഷുറന്‍സ് മാത്രം മതിയോ? മറ്റു കവറേജുകള്‍ എന്തെല്ലാം?
ഇന്‍ഷുര്‍ ചെയ്യാത്ത വാഹനങ്ങളുമായി പൊതു ഇടങ്ങളിലേക്ക് ഇറങ്ങരുത് എന്നാണ് നിയമം. ഇന്‍ഷുര്‍ ചെയ്യാത്ത വാഹനവുമായി പുറത്തിറങ്ങിയാല്‍ വാഹന പരിശോധനയില്‍ പിഴ ഒടുക്കേണ്ടതായി വരും. എന്നാല്‍ ഇന്‍ഷുറന്‍സ് ഇല്ലാത്ത വാഹനം മൂലം ഉണ്ടാകുന്ന അപകടങ്ങള്‍ സാമ്പത്തിക അടിത്തറ തന്നെ തകര്‍ത്ത് തെരുവിലേക്ക് ഇറക്കാമെന്ന് കേരള മോട്ടോര്‍ വാഹനവകുപ്പ് ഫെയ്സ്ബുക്ക് വിഡിയോയിലൂടെ മുന്നറിയിപ്പ് നല്‍കി.
'വാഹനം പൊതുസ്ഥലത്ത് ഉപയോഗിക്കാന്‍ തേര്‍ഡ് പാര്‍ട്ടി ഇന്‍ഷുറന്‍സ് നിര്‍ബന്ധമാണ്. നമ്മുടെ വാഹനം മൂലം നമ്മുടെ വാഹനത്തിന് വെളിയിലുള്ള വ്യക്തികള്‍ക്കും വസ്തുവകകള്‍ക്കും ഉണ്ടാകുന്ന നാശനഷ്ടങ്ങള്‍ക്ക് നഷ്ടപരിഹാരം ലഭ്യമാക്കാനാണ് തേര്‍ഡ് പാര്‍ട്ടി ഇന്‍ഷുറന്‍സ്. എന്നാല്‍ നമ്മുടെ വാഹനത്തിനും അതില്‍ യാത്ര ചെയ്യുന്നവര്‍ക്കും നമ്മുടെ തേര്‍ഡ് പാര്‍ട്ടി ഇന്‍ഷുറന്‍സ് വഴി നഷ്ടപരിഹാരം കിട്ടില്ല.
അതിന് വേറെ ചില കവറേജുകള്‍ കൂടി തേര്‍ഡ് പാര്‍ട്ടി പോളിസിക്ക് ഒപ്പം എടുക്കണം. അതിന് വഴിയുണ്ട്. പേഴ്‌സണല്‍ ആക്‌സിഡന്റ് കവര്‍ കൂടി എടുത്താല്‍ വാഹനത്തിലെ യാത്രക്കാര്‍ക്കും ഡ്രൈവര്‍ക്കും ഇന്‍ഷുറന്‍സ് പരിരക്ഷ നല്‍കുന്നു. പാസഞ്ചര്‍ ലയബിലിറ്റി കവര്‍ എടുത്താല്‍ വാഹനത്തിലെ യാത്രക്കാര്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ നല്‍കും. ഓണ്‍ ഡാമേജ്/ സ്റ്റാന്‍ഡ് എലോണ്‍ പോളിസിയാണ് എടുക്കുന്നതെങ്കില്‍ നമ്മുടെ വാഹനത്തിന് ഉണ്ടാവുന്ന നാശനഷ്ടങ്ങള്‍ക്ക് ഇന്‍ഷുറന്‍സ് സംരക്ഷണം ലഭ്യമാക്കുന്നു. അപകടങ്ങള്‍ വഴി അല്ലാത്ത നഷ്ടങ്ങള്‍ കൂടി കവര്‍ ചെയ്യുന്നതാണ് ഈ പോളിസി.'- മോട്ടോര്‍ വാഹന വകുപ്പ് പറയുന്നു.
ഇതിനെല്ലാം പുറമേ കോമ്പ്രിഹെന്‍സിവ് പോളിസി ഉണ്ട്. തേര്‍ഡ് പാര്‍ട്ടി പോളിസിയോട് ഒപ്പം ഓണ്‍ ഡാമേജ്, പേഴ്‌സണല്‍ ഇന്‍ഷുറന്‍സ്, പാസഞ്ചര്‍ ലയബിലിറ്റി തുടങ്ങിയ കവറേജുകള്‍ കൂടി ചേര്‍ത്ത് ഒറ്റ പോളിസിയായി ലഭിക്കുന്നതാണ് ഇതിന്റെ പ്രത്യേകത. തേര്‍ഡ് പാര്‍ട്ടി കാലാവധി നിലവിലുണ്ടെങ്കില്‍ ഓണ്‍ ഡാമേജ് പോളിസി ലഭിക്കുന്നതാണ്.
തേര്‍ഡ് പാര്‍ട്ടി കാലാവധി തെറ്റായി രേഖപ്പെടുത്തി ഓണ്‍ ഡാമേജ് പോളിസി മാത്രം നല്‍കി കബളിപ്പിക്കപ്പെടരുത്. തേര്‍ഡ് പാര്‍ട്ടി പോളിസി വിവരങ്ങള്‍ വാഹന്‍ സൈറ്റില്‍ ലഭ്യമാകും. നിങ്ങളുടെ കൈയിലെ പോളിസി വിവരങ്ങള്‍ വാഹന്‍ സൈറ്റില്‍ ലഭ്യമല്ല എങ്കില്‍ ഇന്‍ഷുറന്‍സ് കമ്പനിയുമായി ബന്ധപ്പെട്ട് തേര്‍ഡ് പാര്‍ട്ടി ഇന്‍ഷുറന്‍സ് വിവരങ്ങള്‍ പരിശോധിച്ച് ഉറപ്പുവരുത്തുക.
ലൈസന്‍സ് ഇല്ലാതെ വാഹനം ഓടിച്ച് ഉണ്ടാകുന്ന എല്ലാ നഷ്ടങ്ങളും മെക്കാനിക്കല്‍/ ഇലക്ട്രിക്കല്‍ ബ്രേക്ക് ഡൗണ്‍, ലഹരി ഉപയോഗിച്ച് വാഹനം ഓടിച്ച് ഉണ്ടാകുന്ന നഷ്ടങ്ങള്‍, നിയമപരമല്ലാതെ വാഹനം ഉപയോഗിച്ച് ഉണ്ടാക്കുന്ന നഷ്ടങ്ങള്‍, തേയ്മാനവും അറ്റകുറ്റ പണികളും ഇന്‍ഷുറന്‍സ് കവറേജില്‍ വരില്ല.'- മോട്ടോര്‍ വാഹനവകുപ്പ് മുന്നറിയിപ്പ് നല്‍കി.
No comments
Post a Comment