ഇൻകം ടാക്സ് നൽകുന്നവർക്ക് സന്തോഷ വാർത്ത; നികുതി വെട്ടിക്കുറച്ചേക്കും
ദില്ലി: ഇടത്തരം നികുതിദായകർക്ക് ആശ്വാസമേകാൻ ആദായ നികുതി വെട്ടിക്കുറയ്ക്കുമെന്ന് റിപ്പോർട്ട്. പ്രതിവർഷം 15 ലക്ഷം രൂപ വരുമാനമുള്ളവരുടെ നികുതി ഘടനയിൽ മാറ്റം വരുത്താൻ സർക്കാർ ആലോചിക്കുന്നതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. 2025 ഫെബ്രുവരി 1 ന് അവതരിപ്പിക്കുന്ന കേന്ദ്ര ബജറ്റിൽ പുതിയ സ്ലാബ് പ്രഖ്യാപിച്ചേക്കും.
വർദ്ധിച്ചുവരുന്ന ജീവിതച്ചെലവുകളെക്കുറിച്ചുള്ള ആശങ്കകൾ പരിഹരിക്കാനാണ് സ്ലാബ് വർധിപ്പിക്കുന്നതെന്ന് സർക്കാർ വൃത്തങ്ങളെ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു. തീരുമാനം നടപ്പാക്കിയാൽ ദശലക്ഷക്കണക്കിന് ആളുകൾക്ക് പ്രയോജനം ലഭിക്കും. നിലവിൽ 3 ലക്ഷം മുതൽ 10.5 ലക്ഷം രൂപ വരെയുള്ള വരുമാനത്തിന് 5% മുതൽ 20% വരെ നിരക്കിലാണ് നികുതി ഘടന. 10.5 ലക്ഷം രൂപയിൽ കൂടുതലുള്ള 30 ശതമാനമാണ് നികുതി നിരക്ക്.
നിലവിൽ നികുതിദായകർക്ക് രണ്ട് രീതി തെരഞ്ഞെടുക്കാനുള്ള സൗകര്യമുണ്ട്. ഭവന വാടക, ഇൻഷുറൻസ് തുടങ്ങിയ ചെലവുകൾക്ക് ഇളവുകൾ നൽകുന്ന പഴയ രീതിയും ഇളവുകളൊന്നുമില്ലാത്ത 7.5 ലക്ഷം പരിധിയിയുള്ള പുതിയ രീതിയുമാണ് നിലവിലുള്ളത്. റിപ്പോർട്ടുകളെക്കുറിച്ച് ധനമന്ത്രാലയം ഇതുവരെ അഭിപ്രായം പറഞ്ഞിട്ടില്ല.
No comments
Post a Comment