Header Ads

  • Breaking News

    ആരെങ്കിലും അറിഞ്ഞോ ? ഇന്നലെ ഇക്കൂട്ടർ ഒന്ന് പണിമുടക്കിയത് നാല് മണിക്കൂർ : ഒടുവിൽ മെറ്റ മാപ്പ് അപേക്ഷിച്ചു



    കാലിഫോര്‍ണിയ : ലോകമെമ്പാടുമുള്ള ഉപഭോക്താക്കളെ മുൾ മുനയിൽ നിർത്തി സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളായ വാട്സ്ആപ്പ്, ഇന്‍സ്റ്റഗ്രാം, ഫേസ്ബുക്ക് എന്നിവ ഇന്നലെ രാത്രി 11 മണിയോടെ പണിമുടക്കി. ആഗോള വ്യാപകമായി മെറ്റ പ്ലാറ്റ്ഫോമുകള്‍ പ്രവര്‍ത്തനരഹിതമായത് നാല് മണിക്കൂറോളം സമയമെടുത്താണ് പരിഹരിച്ചത്.

    ഇന്നലെ രാത്രി 11 മണിയോടെ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകള്‍ ലഭിക്കുന്നില്ല എന്ന് കാണിച്ച് യൂസര്‍മാരുടെ വ്യാപക പരാതികള്‍ ഡൗണ്‍ഡിറ്റക്റ്ററില്‍ പ്രത്യക്ഷപ്പെട്ടു. മൂന്ന് പ്ലാറ്റ്ഫോമുകളുടെയും ഡെസ്‌ക് ടോപ്, മൊബൈല്‍ വേര്‍ഷനുകളില്‍ പ്രശ്നം അനുഭവപ്പെട്ടു. പ്രശ്നം തുടങ്ങി മിനിറ്റുകള്‍ക്കകം 50,000ത്തിലേറെ ഫേസ്ബുക്ക് ഉപഭോക്താക്കളാണ് പരാതി രജിസ്റ്റര്‍ ചെയ്തതത്.

    ഇന്‍സ്റ്റഗ്രാം ലഭിക്കുന്നില്ല എന്ന് കാണിച്ച് 23,000ത്തിലേറെ പരാതികളും എത്തി. ലോഗിന്‍ ചെയ്യാന്‍ കഴിയുന്നില്ല, പോസ്റ്റുകള്‍ ഇടാന്‍ കഴിയുന്നില്ല, ഉള്ളടക്കം എഡിറ്റ് ചെയ്യാന്‍ കഴിയുന്നില്ല എന്നിങ്ങനെയായിരുന്നു പരാതികള്‍.  മെസേജുകളിലേക്കുള്ള ആക്‌സസിലും പ്രശ്നം നേരിട്ടു. സമാനമായി ഏറെപ്പേര്‍ വാട്സ്ആപ്പിലും പ്രശ്നങ്ങളുള്ളതായി രേഖപ്പെടുത്തി.

    എന്നാൽ ഉപഭോക്താക്കള്‍ നേരിട്ട തടസത്തിന് മെറ്റ മാപ്പ് ചോദിച്ചു. ആപ്പുകളില്‍ ചില ഉപഭോക്താക്കള്‍ സാങ്കേതിക പ്രശ്നം നേരിടുന്നതായി മനസിലാക്കുന്നുവെന്നും ആപ്പുകളുടെ പ്രവര്‍ത്തനം സാധാരണനിലയിലാക്കാന്‍ പ്രവര്‍ത്തനത്തിലാണ് എന്നുമായിരുന്നു മെറ്റയുടെ ആദ്യ പ്രതികരണം.

    ആപ്പുകളിലെ പ്രശ്നങ്ങള്‍ പരിഹരിച്ചതായി പുലര്‍ച്ചെ 3.50ന് മെറ്റയുടെ അപ്ഡേറ്റ് എത്തി. കൂടെ നിന്നതിന് നന്ദിയെന്നും 99 ശതമാനം പ്രശ്നങ്ങളും പരിഹരിച്ചുവെന്നും ചില അവസാനവട്ട പരിശോധനകള്‍ നടത്തുകയാണെന്നുമായിരുന്നു മെറ്റയുടെ പുതിയ സന്ദേശം.

    No comments

    Post Top Ad

    Post Bottom Ad