കരുതലും കൈത്താങ്ങും': പരാതികൾ ഡിസംബർ ആറ് വരെ സ്വീകരിക്കും
കണ്ണൂർ ജില്ലയിൽ സംഘടിപ്പിക്കുന്ന 'കരുതലും കൈത്താങ്ങും' താലൂക്ക് തല പരാതിപരിഹാര അദാലത്തിലേക്കുള്ള പരാതികൾ ഡിസംബർ ആറ് വരെ സ്വീകരിക്കും. പരാതികൾ അക്ഷയ കേന്ദ്രങ്ങളിലും, താലൂക്ക് ഓഫീസുകളിലും, കരുതൽ പോർട്ടൽ karuthal.kerala.gov.in വഴി ഓൺ ലൈനായും സമർപ്പിക്കാം. പരാതി സമർപ്പിക്കുന്നവർ കൈപ്പറ്റ് രസീത് വാങ്ങേണ്ടതും പരാതിയുടെ പകർപ്പ് എടുത്ത് സൂക്ഷിക്കേണ്ടതുമാണ്. പരാതി കക്ഷിയുടെ പേര്, വിലാസം, ഇ-മെയിൽ വിലാസം (ലഭ്യമെങ്കിൽ), മൊബൈൽ നമ്പർ, വാട്സ് ആപ്പ് നമ്പർ (ലഭ്യമെങ്കിൽ), ജില്ല, താലൂക്ക്, പരാതി വിഷയം പരിശോധിച്ചിട്ടുള്ള ഓഫീസ്, ഫയൽ നമ്പർ (ലഭ്യമെങ്കിൽ) എന്നിവ നിർബന്ധമായും പരാതിയിൽ ഉൾപ്പെടുത്തേണ്ടതാണ്. അദാലത്തിൽ പരിഗണിക്കാൻ നിശ്ചയിച്ച വിഷയങ്ങളിലുള്ള പരാതികൾ മാത്രമാണ് സമർപ്പിക്കേണ്ടത്.
രജിസ്ട്രേഷൻ വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി , കൃഷി വകുപ്പ് മന്ത്രി പി പ്രസാദ്, പട്ടികജാതി പട്ടികവർഗ വികസന വകുപ്പ് മന്ത്രി ഒ ആർ കേളു എന്നിവരുടെ നേതൃത്വത്തിൽ ഡിസംബർ ഒമ്പത് മുതൽ 16 വരെയാണ് ജില്ലയിൽ അദാലത്ത് നടക്കുന്നത്. ഡിസംബർ ഒൻപതിന് കണ്ണൂർ താലൂക്ക്, 10ന് തലശ്ശേരി താലൂക്ക്, 12ന് തളിപ്പറമ്പ് താലൂക്ക്, 13ന് പയ്യന്നൂർ താലൂക്ക്, 16ന് ഇരിട്ടി താലൂക്ക് എന്നിങ്ങനെയാണ് അദാലത്ത് നടക്കുക.
അദാലത്തിൽ പരിഗണിക്കുന്ന വിഷയങ്ങൾ
ഭൂമി സംബന്ധമായ വിഷയങ്ങൾ (പോക്കുവരവ്, അതിർത്തി നിർണയം, അനധികൃത നിർമ്മാണം, ഭൂമി കയ്യേറ്റം, അതിർത്തിത്തർക്കങ്ങളും വഴി തടസ്സപ്പെടുത്തലും), സർട്ടിഫിക്കറ്റുകൾ/ലൈസൻസുകൾ നൽകുന്നതിലെ കാലതാമസം/ നിരസിക്കൽ, കെട്ടിട നിർമ്മാണ ചട്ടങ്ങളുമായി ബന്ധപ്പെട്ടവ (കെട്ടിട നമ്പർ, നികുതി), വയോജന സംരക്ഷണം, പട്ടികജാതി-പട്ടികവർഗ വിഭാഗങ്ങൾക്കുള്ള വിവിധ ആനുകൂല്യങ്ങൾ, മത്സ്യബന്ധന തൊഴിലാളികളുമായി ബന്ധപ്പെട്ടവ, ശാരീരിക/ ബുദ്ധി/ മാനസിക വെല്ലവിളി നേരിടുന്നവരുടെ പുനരധിവാസം, ധനസഹായം, പെൻഷൻ, ബന്ധപ്പെട്ട മറ്റ് ആവശ്യങ്ങൾ, പരിസ്ഥിതി മലിനീകരണം/ മാലിന്യ സംസ്കരണം, പൊതു ജലസ്രോതസ്സുകളുടെ സംരക്ഷണവും കുടിവെള്ളവും, റേഷൻകാർഡ് (എപിഎൽ/ബിപിഎൽ)-ചികിത്സാ ആവശ്യങ്ങൾക്ക്, കാർഷിക വിളകളുടെ സംഭരണവും വിതരണവും, വിള ഇൻഷുറൻസ്, കാർഷിക മേഖലയുമായി ബന്ധപ്പെട്ട മറ്റ് വിഷയങ്ങൾ, വളർത്തുമൃഗങ്ങൾക്കുള്ള നഷ്ടപരിഹാരം/ സഹായം, മേഖലയുമായി ബന്ധപ്പെട്ട മറ്റ് വിഷയങ്ങൾ, ഭക്ഷ്യ സുരക്ഷയുമായി ബന്ധപ്പെട്ടവ, വ്യവസായ സംരംഭങ്ങൾക്കുള്ള അനുമതി, ആരോഗ്യമേഖലയിലെ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങൾ, വന്യജീവി ആക്രമണങ്ങളിൽ നിന്നുള്ള സംരക്ഷണം/ നഷ്ടപരിഹാരം, വിവിധ സ്കോളർഷിപ്പുകൾ സംബന്ധിച്ചുള്ള പരാതികൾ/അപേക്ഷകൾ, തണ്ണീർത്തട സംരക്ഷണം, അപകടകരങ്ങളായ മരങ്ങൾ മുറിച്ചുമാറ്റുന്നത്, എൻഡോസൾഫാൻ ദുരിതബാധിതരുടെ വിഷയങ്ങൾ, പ്രകൃതിദുരന്തങ്ങൾക്കുള്ള നഷ്ടപരിഹാരം.
No comments
Post a Comment