Header Ads

  • Breaking News

    ആദിവാസി യുവാവിനെ റോഡിലൂടെ വലിച്ചിഴച്ച സംഭവം: ഇരുട്ടിൽ തപ്പി പൊലീസ്, ദിവസം പിന്നിട്ടിട്ടും പ്രതികൾ കാണാമറയത്ത്


    മാനന്തവാടി കൂടൽകടവിൽ ആദിവാസി യുവാവിനെ റോഡിലൂടെ വലിച്ചിഴച്ച കേസിലെ പ്രതികളെ ഇനിയും പിടികൂടാനാകാതെ പൊലീസ്. കമ്പളക്കാട് സ്വദേശി ഹർഷിദിനും സുഹൃത്തുക്കൾക്കുമായി പൊലീസിൻ്റെ തെരച്ചിൽ തുടരുകയാണ്. ഇന്നലെ രാത്രി വൈകിയും വയനാട്ടിലെ ഇവരുടെ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും വീടുകളിൽ പൊലീസ് പരിശോധന നടത്തി.

    ഇന്നലെ യുവാവ് മാതനെ വലിച്ചിഴച്ച കാർ കണ്ടെത്തി പിടിച്ചെടുത്തതായി പൊലീസ് അറിയിച്ചിരുന്നു. കണിയാംപറ്റയിൽ നിന്നാണ് കാർ കണ്ടെത്തിയത്. പ്രതികളെ ഇന്ന് തന്നെ അറസ്റ്റ് ചെയ്യുമെന്ന് മാനന്തവാടി പൊലീസ് അറിയിച്ചു. വാഹനം മാനന്തവാടി സ്റ്റേഷനിലാണ് ഇപ്പോഴുള്ളത്. കെ എൽ 52 എച്ച് 8733 എന്ന സെലേരിയോ കാറിനായി പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയിരുന്നു.

    വയനാട് മാനന്തവാടി കൂടൽ കടവിലാണ് ആദിവാസി യുവാവ് മാതനെ റോഡിലൂടെ വലിച്ചിഴച്ച ക്രൂരത അരങ്ങേേറിയത് . വിനോദ സഞ്ചാരികളാണ് കാറിൽ കൈ ചേർത്ത് പിടിച്ച് അര കിലോമീറ്ററോളം വലിച്ച് ഇഴച്ചത് .കൈയ്ക്കും കാലിനും ശരീരത്തിന്‍റെ പിൻഭാഗത്തും സാരമായി പരിക്കേറ്റ ആദിവാസി യുവാവ് മാതനെ മാനന്തവാടി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. വധശ്രമത്തിനാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.

    അതേസമയം, ആദിവാസി വിഭാഗക്കാർക്കെതിരായ അതിക്രമങ്ങൾ തുടരുന്നതിലും മന്ത്രി ഒ ആർ കേളുവിൻ്റെ നിഷ്ക്രിയത്വത്തിലും പ്രതിഷേധിച്ച് കോൺഗ്രസ് ഇന്ന് മന്ത്രിയുടെ മാനന്തവാടി ഓഫീസിലേക്ക് മാർച്ച് നടത്തും.


    No comments

    Post Top Ad

    Post Bottom Ad