ശ്രുതിയുടെ ജീവിതത്തില്‍ പുത്തന്‍ തുടക്കം; ഇന്ന് സര്‍ക്കാര്‍ ജോലിയില്‍ പ്രവേശിക്കും; സര്‍ക്കാര്‍ ജോലി ലഭിച്ചതില്‍ സന്തോഷമുണ്ടെന്ന് ശ്രുതി
കല്‍പ്പറ്റ: വയനാട് ഉരുള്‍പെട്ടലില്‍ വീടും ഉറ്റവും നഷ്ടമായി വാഹാനാപകടത്തില്‍ പ്രിയതമനും നഷ്ടപ്പെട്ട ശ്രുതിക്ക് ജീവിതത്തില്‍ ഇന്ന് പുത്തന്‍ തുടക്കമിടുകയാണ്. സര്‍ക്കാര്‍ ജോലിയില്‍ ഇന്ന് പ്രവേശിക്കും. റവന്യൂ വകുപ്പിലെ ക്ലര്‍ക്ക് ആയാണ് ശ്രുതിക്ക് സര്‍ക്കാര്‍ ജോലി നല്‍കിയിരിക്കുന്നത്. ശ്രുതിയുടെ താല്പര്യം കണക്കിലെടുത്ത് വയനാട് കളക്ടറേറ്റില്‍ തന്നെയാണ് നിയമനം. രാവിലെ 10ന് കളക്ടറേറ്റില്‍ എത്തി ജോലിയില്‍ പ്രവേശിക്കും.
സര്‍ക്കാര്‍ ജോലി ലഭിച്ചതില്‍ സന്തോഷമുണ്ടെന്ന് ശ്രുതി പ്രതികരിച്ചു. മുന്നോട്ടുപോയി ജീവിക്കാനുള്ള ഒരു കൈത്താങ്ങ് ആയതുകൊണ്ട് സന്തോഷമുണ്ട്. സര്‍ക്കാര്‍ വാക്ക് പാലിച്ചു. എല്ലാവരും നന്ദി പറയുകയാണെന്നും ശ്രുതി പറഞ്ഞു.
വയനാട് ഉരുള്‍പ്പൊട്ടലില്‍ ശ്രുതിക്ക് മാതാപിതാക്കളേയും സഹോദരിയേയും നഷ്ടപ്പെടുകയായിരുന്നു. ചൂരല്‍മലയിലെ പുതിയ വീടിന്റെ ഗൃഹപ്രവേശനം പൂര്‍ത്തിയായി കല്യാണ ഒരുക്കത്തിലേക്ക് കടക്കുമ്പോഴാണ് ദുരന്തമുണ്ടായത്. ഉറ്റവരെ ഒന്നാകെ നഷ്ടപ്പെട്ട ദുരന്തത്തില്‍ ശ്രുതിക്ക് താങ്ങായി നിന്നത് പ്രതിശ്രുത വരന്‍ ജെന്‍സണ്‍ ആയിരുന്നു. എന്നാല്‍ മാസങ്ങള്‍ക്ക് ശേഷമുണ്ടായ വാഹനാപകടത്തില്‍ ജെന്‍സനും വിടപറഞ്ഞു. അപകടത്തില്‍ കാലിന് പരിക്കേറ്റ ശ്രുതി ജീവിതത്തിലേക്ക് തിരിച്ചുവരികയാണ്.
No comments
Post a Comment