കോടതിയില്‍ നടക്കുന്ന കാര്യങ്ങള്‍ പൊതുസമൂഹം കൂടി അറിയണം : അന്തിമവാദം തുറന്ന കോടതിയില്‍ വേണമെന്ന് അതിജീവിത
കൊച്ചി : നടിയെ ആക്രമിച്ച കേസില്‍ അന്തിമവാദം തുറന്ന കോടതിയില്‍ വേണമെന്ന് ആവശ്യപ്പെട്ട് അതിജീവിത വിചാരണ കോടതിയില്‍ ഹർജി നല്‍കി. അടച്ചിട്ട കോടതിയിലെ വാദം അവസാനിപ്പിക്കണം എന്നാണ് ഹർജിയിലെ ആവശ്യം.
അന്തിമവാദം ആരംഭിച്ചതിന് പിന്നാലെയാണ് ആവശ്യവുമായി അതിജീവിത വിചാരണക്കോടതിയെ സമീപിച്ചിരിക്കുന്നത്. എറണാകുളം ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലാണ് വാദം നടക്കുന്നത്.
സുപ്രീം കോടതി മാര്‍ഗ നിര്‍ദ്ദേശങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു കേസിന്റെ ഇതുവരെയുള്ള വിചാരണ അടച്ചിട്ട കോടതിയില്‍ നടന്നത്. എന്നാല്‍ വാദം അന്തിമഘട്ടത്തിലേയ്ക്ക് കടന്നതോടെ കോടതിയില്‍ നടക്കുന്ന കാര്യങ്ങള്‍ പൊതുസമൂഹം കൂടി അറിയണമെന്നും ഇതില്‍ തന്റെ സ്വകാര്യതയുടെ വിഷയങ്ങളൊന്നുമില്ലെന്ന് കൂടിയാണ് അതിജീവിത കോടതിയില്‍ വ്യക്തമാക്കിയിരിക്കുന്നത്.
മെമ്മറി കാര്‍ഡ് നിയമവിരുദ്ധമായി പരിശോധിച്ച സംഭവത്തില്‍ നേരത്തെ അതിജീവിത കോടതിയില്‍ അവിശ്വാസം രേഖപ്പെടുത്തിയിരുന്നു. കേസില്‍ രാഷ്ട്രപതിക്ക് അതിജീവിത കത്തയച്ചിരുന്നു. മെമ്മറി കാര്‍ഡ് തുറന്നുപരിശോധിച്ചതില്‍ നടപടി ഉണ്ടായില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ആക്രമണത്തിന് ഇരയായ നടി രാഷ്ട്രപതി ദ്രൗപദി മുര്‍മുവിന് കത്തയച്ചത്.
ഹൈക്കോടതിയ്ക്കും സുപ്രീം കോടതിയ്ക്കും പരാതി നല്‍കിയിട്ടും നടപടിയുണ്ടായില്ലെന്നും കത്തില്‍ ചൂണ്ടിക്കാട്ടുന്നു. ദൃശ്യങ്ങള്‍ പുറത്തുപോകുന്നത് തന്റെ ജീവിതത്തെയാകെ ബാധിക്കും. അതിനാല്‍ രാഷ്ട്രപതി ഇടപെട്ട് അന്വേഷണത്തിന് നിര്‍ദേശം നല്‍കണമെന്നും സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ നടപടി വേണമെന്നും കത്തില്‍ നടി ആവശ്യപ്പെടുന്നു.
നടിയെ ആക്രമിച്ച കേസില്‍ മുന്‍ ഡിജിപി ആര്‍ ശ്രീലേഖയ്ക്കെതിരെ അതിജീവിത കോടതി അലക്ഷ്യ ഹർജി നല്‍കിയിട്ടുണ്ട്. കേസില്‍ ദിലീപിനെതിരെ തെളിവില്ലെന്ന ശ്രീലേഖയുടെ പ്രസ്താവനക്കെതിരെയാണ് അതിജീവിത വിചാരണ കോടതിയില്‍ ഹർജി നല്‍കിയത്. നിരവധി തെളിവുകള്‍ ഉള്ള കേസില്‍ തെളിവില്ലെന്ന് പറയുന്നത് കോടതി അലക്ഷ്യത്തിന്റെ പരിധിയില്‍ വരുമെന്നാണ് ഹർജിയിലെ വാദം.
No comments
Post a Comment