ആന എഴുന്നള്ളിപ്പിലെ ഉത്തരവ്; പ്രതിഷേധം ശക്തമാക്കാനൊരുങ്ങി പൂര കമ്മറ്റികൾ, പൂരം നടത്തുന്നത് അനിശ്ചിതത്വത്തിൽ
തൃശ്ശൂർ: ആന എഴുന്നള്ളിപ്പ് സംബന്ധിച്ച ഹൈക്കോടതി ഉത്തരവിൽ പ്രധിഷേധം ശക്തമാക്കി പൂര കമ്മറ്റികൾ. ഇന്ന് ഉത്രാളിക്കാവിൽ പ്രതിഷേധ സംഗമം സംഘടിപ്പിക്കും. നാളെ ആചാര സംരക്ഷണ കൂട്ടായ്മയും സംഘടിപ്പിച്ചിട്ടുണ്ട്. രാവിലെ 10 നു ഉത്രാളിക്കാവ് ക്ഷേത്രത്തിൽ നടക്കുന്ന പ്രതിഷേധ സംഗമം സേവ്യയർ ചിറ്റിലപ്പള്ളി എംഎൽഎ ഉദ്ഘാടനം ചെയ്യും. തിരുവമ്പാടി – പാറമേക്കാവ് ദേവസ്വങ്ങൾ സംയുക്തമായാണ് കൂട്ടായ്മ നടത്തുന്നത്.
നവംബർ 14 നാണ് ആന എഴുന്നള്ളിപ്പിൽ കർശന നിബന്ധനകൾ മുന്നോട്ടുവച്ചു കൊണ്ട് ഹൈക്കോടതി മാർഗ നിർദ്ദേശങ്ങൾ പുറത്തിറക്കിയത്. തുടർച്ചയായി മൂന്ന് മണിക്കൂറിൽ കൂടുതൽ ആനയെ എഴുന്നള്ളത്തിൽ നിര്‍ത്തരുതെന്നത് ഉള്‍പ്പെടെയുള്ള നിരവധി മാര്‍ഗനിര്‍ദേശങ്ങളാണ് ഹൈക്കോടതി പുറപ്പെടുവിച്ചത്. ജസ്റ്റിസ് എ.കെ ജയശങ്കരൻ നമ്പ്യാർ, ജസ്റ്റിസ് എ.ഗോപിനാഥ് എന്നിവർ അടങ്ങിയ ഡിവിഷൻ ബെഞ്ച് ആണ് ഉത്തരവിട്ടത്.
എഴുന്നുള്ളിപ്പുമായി ബന്ധപ്പെട്ട ഹൈക്കോടതിയുടെ മാർഗ്ഗനിർദ്ദേശങ്ങൾക്കെതിരെ ക്ഷേത്ര ഉത്സവ കമ്മിറ്റി ഓർഗനൈസേഷൻ ഹൈക്കോടതി ചീഫ് ജസ്റ്റിസിന് മെമ്മോറാണ്ടം നൽകിയിരുന്നു. ഇപ്പോഴത്തെ മാർഗനിർദേശങ്ങൾ കേരളത്തിന്റെ പൈതൃകത്തെ നശിപ്പിക്കും, നിഷ്പക്ഷത ഉറപ്പാക്കാൻ ഹർജി പരിഗണിക്കുന്ന ബെഞ്ച് പുനസംഘടിപ്പിക്കണം തുടങ്ങിയ ആവശ്യങ്ങളാണ് മെമ്മോറാണ്ടത്തിൽ പറയുന്നത്. പ്രായോഗികമല്ലാത്ത നിർദ്ദേശങ്ങളാണ് ഹൈക്കോടതി ഗൈഡ് ലൈനിൽ ഉള്ളതെന്നു ഇതിൽ പറയുന്നുണ്ട്
No comments
Post a Comment