Header Ads

  • Breaking News

    ഡൈനിംങ് ഹാളില്‍ മൊബൈല്‍ നോക്കയിരുന്ന മകനെ പിന്നില്‍ നിന്നും കുത്തി; വൈരാഗ്യമായത് വീട്ടില്‍ ചാരായം വാറ്റുന്നത് തടഞ്ഞത്: മകനെ കുത്തിക്കൊന്ന കേസില്‍ പിതാവിന് ജീവപര്യന്തം തടവും പിഴയും




    കണ്ണൂര്‍: പയ്യാവൂരില്‍ പത്തൊന്‍പത് വയസ്സുകാരനായ മകനെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ അച്ഛന് ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ പിഴയും വിധിച്ചു. ഉപ്പുപടന്ന സ്വദേശി സജി ജോര്‍ജിനെയാണ് കോടതി ജീവപര്യന്തം ശിക്ഷിച്ചത്. തലശേരി ഒന്നാം ക്ലാസ് അഡീഷണല്‍ സെഷന്‍സ് കോടതിയുടേതാണ് വിധി. മകന്‍ ഷാരോണിനെ സജി കുത്തി കൊലപ്പെടുത്തുകയായിരുന്നു. 2020 ഓഗസ്റ്റ് 15നായിരുന്നു കേസിനാസ്പദമായ സംഭവം.  തെളിവുകളുടെ അടിസ്ഥാനത്തില്‍ പ്രതി കുറ്റക്കാരനെന്ന് കഴിഞ്ഞ ദിവസം കോടതി കണ്ടെത്തിയിരുന്നു. വീട്ടിലെ ഡൈനിംങ് ഹാളില്‍ മൊബൈല്‍ നോക്കുകയായിരുന്ന ഷാരോണിനെ സജി പിന്നില്‍ നിന്നും കുത്തി വീഴ്ത്തുകയായിരുന്നു. കൊലപാതകത്തിന്റെ തലേദിവസം സജി വീട്ടില്‍ ചാരായം വാറ്റുന്നത് ഷാരോണ്‍ തടഞ്ഞു. ഈ വിരോധത്താല്‍ മകനെ കൊലപ്പെടുത്തി എന്നാണ് കേസ്. സജിയുടെ ഭാര്യ ഇറ്റലിയില്‍ നഴ്‌സാണ്. ഭര്‍ത്താവ് മദ്യപിച്ച് ധൂര്‍ത്തടിക്കുന്നതിനാല്‍ മകന്റെ അക്കൗണ്ടിലേക്ക് ആയിരുന്നു ഇവര്‍ പണം അയച്ചിരുന്നത്. ഇതിന്റെ വൈരാഗ്യവും സജിക്ക് ഷാരോണിനോട് ഉണ്ടായിരുന്നു. മകനെ കുത്തിവീഴ്ത്തിയ ശേഷം സജി ബൈക്കില്‍ രക്ഷപ്പെട്ടു. ബൈക്കും കത്തിയും ഉള്‍പ്പെടെ 7 തൊണ്ടി മുതലുകള്‍ കോടതിയില്‍ ഹാജരാക്കി. പിഴത്തുകയും പ്രതിയുടെ ബൈക്ക് വിറ്റ തുകയും ഷാരോണിന്റെ അമ്മയ്ക്ക് നല്‍കണം. 31 സാക്ഷികളെയാണ് കേസില്‍ വിസ്തരിച്ചത്.

    No comments

    Post Top Ad

    Post Bottom Ad