വന്ദേഭാരത്; ഇനി ബംഗളൂരൂ-ചെന്നൈ യാത്രാസമയം നാല് മണിക്കൂർ മാത്രം
ബംഗളൂരു-ചെന്നൈ വന്ദേഭാരതിന്റെ യാത്രാ സമയം നാല് മണിക്കൂറായി കുറക്കും. നിലവിലെ യാത്രാ സമയമായ നാല് മണിക്കൂറിൽ 25 മിനിറ്റിന്റെ കുറവാണ് വരുത്താന്‍ ഉദ്ദേശിക്കുന്നത്. ട്രെയിനിന്റെ വേഗത വര്‍ധിപ്പിച്ചാണ് യാത്രാ സമയം കുറയ്ക്കുക.
ശതാബ്ദി ട്രെയിനിന്റെ യാത്രാ സമയത്തിലും 20 മിനിറ്റ് കുറവു വരുത്താന്‍ റെയില്‍വെ ആലോചിക്കുന്നുണ്ട്. സൗത്ത് വെസ്‌റ്റേണ്‍ റെയില്‍വെയുടെ ഭാഗമായ ബംഗളൂരു ഡിവിഷന്‍ ഡിസംബര്‍ അഞ്ചിന് ബംഗളൂരു-ജോലാര്‍പേട്ട സെക്ഷനില്‍ സ്പീഡ് ട്രയല്‍ നടത്തിയിരുന്നു. ട്രെയിനിന്റെ വേഗത മണിക്കൂറില്‍ 110 കിലോമീറ്ററില്‍ നിന്ന് 130 കിലോ മീറ്ററായി ഉയര്‍ത്തി. റെയില്‍വെ സുരക്ഷാ കമ്മിഷണറുടെ അനുമതി ലഭിച്ച ശേഷമായിരിക്കും പുതുക്കിയ വേഗത നടപ്പിലാക്കുക
പരീക്ഷണ ഓട്ടം നടത്തുന്നതിന്റെ ഭാഗമായി റെയില്‍വെ ട്രാക്കുകളില്‍ അതിക്രമിച്ച് കയറരുതെന്ന് റെയില്‍വെ പൊതുജനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. റെയില്‍വെ സ്റ്റേഷനുകളിലെ പ്ലാറ്റ്‌ഫോമുകളില്‍ യാത്രക്കാര്‍ ജാഗ്രത പാലിക്കുകയും ട്രാക്കുകളില്‍ നിന്ന് സുരക്ഷിതമായ അകലം പാലിക്കുകയും അതിക്രമിച്ച് കടക്കാതിരിക്കുകയും ചെയ്യണമെന്ന് നിര്‍ദേശിച്ചിരുന്നു
കഴിഞ്ഞ വര്‍ഷം ചെന്നൈ-ജോലാര്‍പേട്ട റൂട്ടില്‍ വേഗത 130 കിലോമീറ്ററായി ഉയര്‍ത്തിയിരുന്നു. ബംഗളൂരു-ജോലാര്‍പേട്ട സെക്ഷന്റെ അനുമതി ലഭിച്ചാല്‍ ചെന്നൈ റൂട്ടിലെ വേഗപരിധി 130 കിലോമീറ്ററാകും. ബംഗളൂരുവിനും ചെന്നൈയ്ക്കും ഇടയില്‍ ദിവസേന ഓടുന്ന രണ്ട് വന്ദേഭാരത്, രണ്ട് ശതാബ്ദി എക്‌സ്പ്രസ് ട്രെയിനുകള്‍ക്ക് നവീകരണം ഗുണം ചെയ്യും.
പരീക്ഷണ ഓട്ടത്തില്‍ വന്ദേഭാരത് ട്രെയിനിന് മണിക്കൂറില്‍ 183 കിലോമീറ്റര്‍ പരമാവധി വേഗത നേടിയിരുന്നു. ട്രാക്കിലെ പരിമിതികള്‍ കാരണം അതിന്റെ വേഗത 160 കിലോമീറ്ററായി പരിമിതപ്പെടുത്തുകയായിരുന്നു.
ബംഗളൂരു-ചെന്നൈ ഇടനാഴിക്ക് 360 കിലോമീറ്ററാണ് ദൈര്‍ഘ്യം. ഉയര്‍ന്ന ജനസാന്ദ്രതയുള്ള പാതയാണിത്. പ്രധാന ടെക് പാര്‍ക്കുകള്‍, നിര്‍മാണ യൂണിറ്റുകള്‍, റെസിഡന്‍ഷ്യല്‍ ടൗണ്‍ഷിപ്പുകള്‍ എന്നിവയെല്ലാം ഈ ഇടനാഴിയോട് ചേര്‍ന്നാണ് സ്ഥിതി ചെയ്യുന്നത്. ഇത് ഓട്ടോമൊബൈല്‍ നിര്‍മാണ കേന്ദ്രമായ ചെന്നൈയെയും പ്രമുഖ, ഐടി, സ്റ്റാര്‍ട്ടപ്പ് കേന്ദ്രമായ ബംഗളൂരുവിനെയും തമ്മില്‍ ബന്ധിപ്പിക്കുന്നു.
‘‘അനുവദിച്ച പരമാവധി വേഗത മണിക്കൂറില്‍ 130 കിലോമീറ്ററിനപ്പുറം വര്‍ധിപ്പിക്കുന്നതിന് പാലങ്ങള്‍ ശക്തിപ്പെടുത്തുകയോ പുനര്‍നിര്‍മിക്കുകയോ വേണം. കൂടാതെ, ഫെന്‍സിംഗ് നടത്തുകയും ലെവല്‍ ക്രോസിംഗ് ഒഴിവാക്കുകയും വളവുകളും കയറ്റങ്ങളും ഇറക്കങ്ങളു നികത്തുകയും വേണം. സ്‌റ്റോപ്പുകളുടെ എണ്ണവും ശരാശരി വേഗതയെ നിര്‍ണയിക്കും,’’ പേര് വെളിപ്പെടുത്താത്ത റെയില്‍വെ ഉദ്യോഗസ്ഥന്‍ പറഞ്ഞു.
No comments
Post a Comment