എറണാകുളത്ത് ആറു വയസുകാരിയെ കൊല ചെയ്ത രണ്ടാനമ്മയെ ഇന്ന് കോടതിയിൽ ഹാജരാക്കും, പിതാവ് അജാസ് ഖാന് കൃത്യത്തിൽ പങ്കില്ല
എറണാകുളം: എറണാകുളം കോതമംഗലം നെല്ലിക്കുഴിയിൽ ആറു വയസുകാരിയെ കൊന്ന രണ്ടാനമ്മയെ പൊലീസ് ഇന്ന് കോടതിയിൽ ഹാജരാക്കും. കുഞ്ഞിനെ കൊലപ്പെടുത്താനുണ്ടായ കാരണവും പൊലീസിന്‍റെ ചോദ്യം ചെയ്യലിൽ നിഷ മൊഴിയായി നൽകി.
നെല്ലിക്കുഴിയിൽ സ്ഥിര താമസമാക്കിയ ഉത്തർപ്രദേശ് സ്വദേശി അജാസ് ഖാന്‍റെ ആറു വയസുകാരിയായ മകൾ മുസ്കാനെ ഇന്നലെ രാവിലെയാണ് വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. അജാസ് ഖാന്‍റെ രണ്ടാം ഭാര്യ നിഷയാണ് കുഞ്ഞിനെ ശ്വാസം മുട്ടിച്ചു കൊന്നതെന്നാണ് പൊലീസ് കണ്ടെത്തൽ.
അജാസ് ഖാന് ആദ്യ ഭാര്യയിലുള്ള കുട്ടിയാണ് കൊല്ലപ്പെട്ട മുസ്കാൻ. നിഷയ്ക്കും ആദ്യ വിവാഹ ബന്ധത്തിൽ ഒരു കുട്ടിയുണ്ട്. അടുത്തിടെ അജാസ് ഖാനിൽ നിന്ന് നിഷ വീണ്ടും ഗർഭിണിയായിരുന്നു. ഒരു കുട്ടി കൂടി വരുമ്പോൾ മുന്നോട്ടുള്ള ജീവിതത്തിന് മുസ്കാൻ തടസമാകുമോ എന്ന ചിന്തയിലാണ് കുഞ്ഞിനെ നിഷ കൊന്നതെന്നാണ് പൊലീസ് അനുമാനം. അജാസ് ഖാന് കൊലപാതകത്തിൽ പങ്കില്ലെന്നാണ് നിഗമനം.
No comments
Post a Comment