ശൈത്യകാല അവധിക്കായി സ്കൂളുകൾ ഇന്ന് അടച്ചതോടെ നാട്ടിലേക്കുള്ള വിമാന ടിക്കറ്റ് നിരക്ക് റോക്കറ്റ് വേഗത്തിൽ കുതിച്ചുയർന്നു.
യുഎഇയിൽനിന്ന് തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്, കണ്ണൂർ സെക്ടറുകളിലേക്ക് ഒരാൾക്കു പോയി വരാൻ 55,000 രൂപയ്ക്ക് മുകളിലാണ് ടിക്കറ്റ് നിരക്ക്. നാലംഗ കുടുംബത്തിന് നാട്ടിൽ പോയി വരാൻ ഏറ്റവും കുറഞ്ഞത് 2.25 ലക്ഷത്തിലേറെ രൂപ നൽകണം. എമിറേറ്റ്സ്, ഇത്തിഹാദ്, ഖത്തർ എയർവേയ്സ് എന്നിവയിൽ നിരക്ക് 3.8 ലക്ഷം മുതൽ 4.7 ലക്ഷം വരെയും.
ഒരാഴ്ച മുൻപത്തെ നിരക്കിനെക്കാൾ രണ്ടിരട്ടിയോളമാണ് വർധിപ്പിച്ചത്. ക്രിസ്മസ്, പുതുവത്സര ദിനങ്ങൾ അടുക്കുംതോറും ടിക്കറ്റ് നിരക്ക് മൂന്നും നാലും ഇരട്ടിയായി ഉയരുമെന്ന് ട്രാവൽ ഏജൻസികൾ സൂചിപ്പിച്ചു
വിമാന ടിക്കറ്റ് നിരക്ക് കൂട്ടുന്നതിൽ സ്വകാര്യ, പൊതു എയർലൈനുകൾ മത്സരിക്കുകയാണ്. ശൈത്യകാല അവധി കഴിഞ്ഞ് യുഎഇയിൽ ജനുവരി 6ന് സ്കൂളുകൾ തുറക്കുന്നതിനാൽ നാട്ടിൽനിന്ന് യുഎഇയിലേക്കുള്ള ടിക്കറ്റ് നിരക്കും വൻതോതിൽ ഉയർത്തിയിരിക്കുകയാണ്. ജനുവരി 20 വരെ ഉയർന്ന ടിക്കറ്റ് നിരക്ക് നൽകിയാലേ കേരളത്തിൽനിന്നും ഗൾഫിലേക്ക് യാത്ര ചെയ്യാനാകൂ.
സീസൺ സമയത്ത് യാത്ര അബുദാബിയിൽനിന്നാണെങ്കിൽ 4000 മുതൽ 10,000 രൂപ വരെ അധികം നൽകണം. എന്നാൽ ഓഫ് പീക്ക് സമയത്ത് അബുദാബിയിൽനിന്ന് ചില എയർലൈനുകളിൽ കുറഞ്ഞ നിരക്കിൽ യാത്ര ചെയ്യാം.
കണ്ണൂരിലേക്ക് യുഎഇയിൽനിന്ന് അധികം സർവീസില്ലാത്തതിനാൽ നിരക്ക് താരതമ്യേന കൂടുതലാണ്. നിലവിൽ ഇൻഡിഗോയ്ക്കും എയർഇന്ത്യ എക്സ്പ്രസിനുമാണ് പ്രതിദിന സർവീസുള്ളത്.
ദുബായിൽനിന്ന് കൊച്ചിയിലേക്ക് പോയി യുഎഇയിൽ സ്കൂൾ തുറക്കുന്നതിന്റെ തലേദിവസം (ജനുവരി 5) തിരിച്ചു വരാൻ പൊള്ളുന്ന നിരക്കാണ് ഈടാക്കുന്നത്. വിവിധ എയർലൈനുകളിൽ ഒരാൾക്കും നാലംഗ കുടുംബത്തിനും ഈടാക്കുന്ന നിരക്ക് ചുവടെ;
1.എയർ ഇന്ത്യ എക്‌സ്‌പ്രസ് - ₹ 56,000
നാലംഗ കുടുംബത്തിനായി - ₹ 2.3 ലക്ഷം
2.ഇന്ത്യഗോ - ₹ 53,500
നാലംഗ കുടുംബത്തിനായി - ₹ 2.3 ലക്ഷം
3.സ്പൈസ് ജെറ്റ് - ₹ 58,000
നാലംഗ കുടുംബത്തിനായി - ₹ 2.49 ലക്ഷം
4.എയർ ഇന്ത്യ - ₹ 82,500
നാലംഗ കുടുംബത്തിനായി - ₹ 2.45 ലക്ഷം
5.എയർ അറേബ്യ (ഷാർജ) - ₹ 61,000
നാലംഗ കുടുംബത്തിനായി - ₹ 2.44 ലക്ഷം
6.ഓമാൻ എയർ (മസ്കറ്റ്) - ₹ 56,600
നാലംഗ കുടുംബത്തിനായി - ₹ 2.14 ലക്ഷം
7.ജസീറ (കുവൈത്തിലെ വഴി) - ₹ 97,000
നാലംഗ കുടുംബത്തിനായി - ₹ 3.89 ലക്ഷം
8.ഗൾഫ് എയർലൈൻസ് - ₹ 1,30,00
നാലംഗ കുടുംബത്തിനായി - ₹ 4.7 ലക്ഷം
9.ഇത്തിഹാദ് എയർലൈൻസ് - ₹ 71,500
നാലംഗ കുടുംബത്തിനായി - ₹ 2.45 ലക്ഷം
10.ആക്കാർ എയർ (മുംബൈ) - ₹ 65,000
നാലംഗ കുടുംബത്തിനായി - ₹ 2.60 ലക്ഷം
ക്രിസ്മസ്, പുതുവർഷം, ഓണം, വിഷു, പെരുന്നാൾ, വിവാഹം തുടങ്ങി വിശേഷ ദിവസങ്ങൾ ഉറ്റവരോടൊപ്പം ആഘോഷിക്കാനുള്ള തയാറെടുപ്പിൽ ഒരാഴ്ചത്തേക്കും രണ്ടാഴ്ചത്തേക്കും നാട്ടിലേക്കു പോകുന്ന മലയാളികളുടെ എണ്ണം കൂടിവരികയാണ്. പ്രധാന ടൂറിസം കേന്ദ്രമായ യുഎഇയിലേക്ക് മുൻകാലങ്ങളെ അപേക്ഷിച്ച് സീസൺ ഭേദമന്യേ യാത്രക്കാരുണ്ട്. ദുബായ് ഷോപ്പിങ് ഫെസ്റ്റിവൽ, ഷെയ്ഖ് സായിദ് ഫെസ്റ്റിവൽ, ലിവ ഫെസ്റ്റിവൽ, ഷാർജ ഇവന്റ്സ് ഫെസ്റ്റിവൽ, ക്രിസ്മസ്, പുതുവർഷം തുടങ്ങി യുഎഇയിൽ ഉത്സവകാലമായതിനാൽ പ്രവാസികളുടെ ബന്ധുക്കൾ യുഎഇയിലേക്ക് വരുന്നതും വർധിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ യുഎഇ-കേരള-യുഎഇ സെക്ടറുകളിൽ സീസൺ വ്യത്യാസമില്ലാതെ എല്ലാ കാലത്തും ശരാശരി യാത്രക്കാരുണ്ട്.
വിമാന കമ്പനികളുടെ മറ്റു സെക്ടറുകളിലെ നഷ്ടം നികത്തുന്നതും ഗൾഫ്-കേരള സെക്ടറിലെ ലാഭം വഴിയാണ്. അതിനാൽ പീക്ക് സീസൺ എന്ന ഓമനപ്പേരിട്ട് വിമാന ടിക്കറ്റ് നിരക്ക് വർധിപ്പിക്കുന്നത് അവസാനിപ്പിക്കണമെന്നാണ് പ്രവാസികളുടെ ആവശ്യം.
No comments
Post a Comment