സേവനങ്ങൾ ഇനി ഓൺലൈനാകും ; തലശ്ശേരിയിൽ ഡിജിറ്റൽകോടതി വരുന്നു
തലശ്ശേരി :- അഡീഷണൽ ജില്ലാകോടതിയുടെ അധികാരമുള്ള ഡിജിറ്റൽകോടതി തലശ്ശേരി ജില്ലാകോടതി കെട്ടിടസമുച്ചയത്തിൽ സ്ഥാപിക്കുന്നു. അഡീഷണൽ ജില്ലാ ആൻഡ് സെഷൻസ് കോടതി/ അഡീഷണൽ എം.എ.സി.ടി എന്നാണ് കോടതി അറിയപ്പെടുക.സംസ്ഥാനത്ത് ആദ്യമായി ഡിജിറ്റൽ സംവിധാനമുള്ള അഡീഷണൽ ജില്ലാകോടതി തലശ്ശേരിയിലാണ് സ്ഥാപിക്കുന്നത്. സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ഇത്തരം കോടതി ജില്ലയിൽ ഒന്നുവീതം തുടങ്ങാനാണ് സാധ്യത. രാജ്യത്ത് ആദ്യത്തെ ഓൺലൈൻ മജിസ്ട്രേട്ട് കോടതി കൊല്ലത്ത് നവംബർ 19-ന് പ്രവർത്തനം തുടങ്ങി. തലശ്ശേരി ജില്ലാ കോടതി സമുച്ചയത്തിൽ ഡിജിറ്റൽ കോടതി തുടങ്ങാൻ നവംബർ 27-ന് സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചു.
ഡിജിറ്റൽ കോടതിയിൽ പ്രതിയും സാക്ഷിയും അഭിഭാഷകരും ഹാജരാകേണ്ട. ഓൺലൈനായി പങ്കെടുത്താൽ മതി. കോടതിയിൽ ജഡജിയും ജീവനക്കാരുമുണ്ടാകും.ഡിജിറ്റൽ കോടതി വരുന്നതോടെ തലശ്ശേരിയിലുള്ള അതിവേഗ പ്രത്യേക കോടതി ഒഴിവാക്കേണ്ടി വരുമെന്നും ഉത്തരവിൽ പറയുന്നു. തലശ്ശേരി ജില്ലാകോടതിയിൽ പുതുതായി നിർമിച്ച എട്ടുനില കോടതി കെട്ടിട സമുച്ചയം 26-ന് ഉദ്ഘാടനം ചെയ്യുമ്പോൾ ഡിജിറ്റൽ കോടതി പ്രവർത്തനം തുടങ്ങാനാണ് സാധ്യത. കേരള അഡ്‌മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിന് അഡീഷണൽ ബെഞ്ച് തലശ്ശേരിയിൽ സ്ഥാപിക്കാൻ കാബിനറ്റ് അനുമതി ലഭിച്ചതാണ്. നാലുജില്ലകൾക്കുവേണ്ടി മുഴുവൻ സമയ ബെഞ്ചാണ് തലശ്ശേരിയിൽ തുടങ്ങുക.
No comments
Post a Comment