വ്യവസായി അബ്ദുല്‍ ഗഫൂര്‍ കൊലപാതകം: ഒന്നര വർഷത്തോളം ബേക്കൽ പോലീസ് കേസിൽ അന്വേഷണം നടത്തിയില്ലെന്ന് പരാതി
കാസർകോട്: പൂച്ചക്കാട് അബ്ദുല്‍ ഗഫൂര്‍ കൊലപാതക കേസില്‍ ബേക്കൽ പൊലീസിനെതിരെ ആരോപണവുമായി ഗഫൂർ ഹാജിയുടെ സഹോദരങ്ങൾ. തങ്ങൾ ബേക്കല്‍ പൊലീസില്‍ 16 മാസത്തോളമായി പരാതി നൽകിയെങ്കിലും അവർ നിസാരമായാണ് അത് കണ്ടതെന്നും പ്രതികളുടെ പേരുവരെ പറഞ്ഞുകൊടുത്തിട്ടും ഒന്നും ചെയ്തില്ലെന്നും സഹോദരങ്ങൾ ആരോപിച്ചു. പിടിയിലായ സംഘത്തിന് കര്‍ണാടകത്തില്‍ അടക്കം കണ്ണികള്‍ ഉണ്ടെന്നും ഇവരുടെ സാമ്പത്തിക സ്രോതസ് അന്വേഷിക്കണമെന്നും ഗഫൂർ ഹാജിയുടെ സഹോദരങ്ങൾ ആവശ്യപ്പെട്ടു.
ഇപ്പോഴത്തെ അന്വേഷണം തൃപ്തികരമാണ്. 16 മാസത്തോളമായി ബേക്കൽ സ്റ്റേഷനിൽ പരാതി നൽകിയിട്ടും ഒന്നും ചെയ്തില്ല. അന്ന് പറഞ്ഞ അതേ ആളുകളെയാണ് ഇന്ന് അറസ്റ്റ് ചെയ്തിരിക്കുന്നത്. ബേക്കൽ പൊലീസ് നിസാരമായാണ് കണ്ടത്. അതുകൊണ്ടാണ് പ്രതികളെ പിടികൂടാൻ വൈകിയതെന്ന് സഹോദരൻ പറഞ്ഞു. വീടുമായി വേറെ ആർക്കും ബന്ധമില്ല. ഇവർക്കാണ് സഹോദരനുമായി ബന്ധമുണ്ടായിരുന്നത്. സഹോദരന് ഇവരുമായി ബന്ധമുണ്ടായിരുന്നു. ബേക്കൽ പൊലീസിൽ പോകുമ്പോൾ ഉമ്മയേയും ജ്യേഷ്ഠൻ്റെ ഭാര്യയേയും നിരുത്സാഹപ്പെടുത്തി തിരിച്ചയക്കുന്നതാണ് പതിവ്.
പൊലീസിന് മറ്റാരുടെയെങ്കിലും സ്വാധീനമുണ്ടായിരുന്നോ എന്നറിയില്ല. പ്രതികൾക്ക് പിന്നിൽ വൻ സ്വാധീനമുണ്ട്. കർണാടകയിൽ ബന്ധമുണ്ട്. പല വീടുകളിലും ഇവർ പലതും ചെയ്തുവെച്ചിട്ടുണ്ട്. പേടികാരണം ആരും പുറത്തുപറയാതെ ഇരിക്കുകയാണ്. ഈ നാട്ടിൽ തന്നെ സംഘമായി ഉണ്ട്. ഏജൻ്റുമാർ മുഖേനയാണ് ആളുകളിലേക്കെത്തുന്നത്. ഇവർ പലരേയും ഭീഷണിപ്പെടുത്തുകയാണെന്നും ഇവരുടെ സാമ്പത്തിക സ്രോതസ്സ് അന്വേഷിക്കണെന്നും സഹോദരങ്ങൾ പറഞ്ഞു.
അതേസമയം, കേസിൽ അറസ്റ്റിലായ ജിന്നുമ്മ എന്നറിയപ്പെടുന്ന കെഎച്ച് ഷമീനയുടേയും ഭര്‍ത്താവ് ഉബൈസിന്‍റേയും സാമ്പത്തിക ഇടപാടുകള്‍ പരിശോധിക്കാനുള്ള തീരുമാനത്തിലാണ് അന്വേഷണ സംഘം. പണം വന്ന വഴികള്‍, കൈകാര്യം ചെയ്ത വ്യക്തികള്‍ തുടങ്ങിയവയെല്ലാം വിശദമായി പരിശോധിക്കും. കൂടുതല്‍ പ്രതികള്‍ ഉണ്ടാവാനുള്ള സാധ്യതയും അന്വേഷണ സംഘം വ്യക്തമാക്കുന്നു.
അറസ്റ്റിലായ മന്ത്രവാദിനി കൂളിക്കുന്ന് സ്വദേശി കെ. എച്ച് ഷമീന, ഭർത്താവ് ഉളിയത്തടുക്ക സ്വദേശി ഉബൈസ്, പൂച്ചക്കാട് സ്വദേശി അസ്നിഫ, കൊല്യ സ്വദേശി ആയിഷ എന്നിവരെ കോടതി റിമാന്‍റ് ചെയ്തു. സംഘം തട്ടിയെടുത്ത സ്വര്‍ണ്ണം കാസര്‍കോട്ടെ അഞ്ച് ജ്വല്ലറികളില്‍ വിറ്റതായാണ് പ്രാഥമിക നിഗമനം. ഇന്നലെ കാസര്‍കോട് നഗരത്തിലെ ഒരു ജ്വല്ലറിയില്‍ നിന്ന് 29 പവന്‍ സ്വര്‍ണ്ണം പൊലീസ് കണ്ടെടുത്തിരുന്നു.
No comments
Post a Comment