Header Ads

  • Breaking News

    ലൈംഗികാധിക്ഷേപ കേസ്: ബോബി ചെമ്മണ്ണൂരിന് ജാമ്യം നൽകാമെന്ന് കോടതി,ഉത്തരവ് വൈകിട്ട് 3.30ന്


    കൊച്ചി:
    നടി ഹണി റോസിനെതിരെ ലൈംഗികാധിക്ഷേപ പരാമർശം നടത്തിയ കേസിൽ ബോബി ചെമ്മണ്ണൂരിന് ജാമ്യം നൽകാമെന്ന് ഹൈക്കോടതി. ജാമ്യാപേക്ഷയിൽ വാദം പൂർത്തിയായി. വിധി ഉച്ചകഴിഞ്ഞ് 3.30ന്. ബോബിക്ക് ജാമ്യം അനുവദിച്ചേക്കുമെന്ന് ജസ്റ്റിസ് പി.വി.കുഞ്ഞികൃഷ്ണൻ വാക്കാൽ സൂചിപ്പിച്ചു.

    ജാമ്യം നൽകുന്നതിനെ പ്രോസിക്യൂഷൻ എതിർത്തു. എന്നാൽ, പൊലീസ് കസ്റ്റഡി അപേക്ഷ പോലും നൽകിയിട്ടില്ലെന്നും ഇനിയും എന്തിനാണ് റിമാൻഡിൽ പാർപ്പിക്കുന്നതെന്നും കോടതി ചോദിച്ചു. ബോബിയെ രൂക്ഷമായ ഭാഷയിൽ കോടതി വിമർശിക്കുകയും ചെയ്തു. ബോബി കുറ്റം ചെയ്തില്ലെന്ന് പറയാനാവില്ലെന്നും ദ്വയാര്‍ത്ഥ പ്രയോഗം ഇല്ലെന്ന് പറയാനാവില്ലെന്നും കോടതി പറഞ്ഞു. ഹര്‍ജിയില്‍ നടിയെ അപമാനിക്കുന്നുണ്ടെന്നും കോടതി വ്യക്തമാക്കി.

    റിമാൻഡിലായി ജയിലിൽ കഴിയുന്ന ബോബി ചെമ്മണ്ണൂരിന്റെ ജാമ്യ ഹർജി നേരത്തെ എറണാകുളം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി തള്ളിയിരുന്നു. തുടർന്നാണ് ബോബി ചെമ്മണ്ണൂർ ജാമ്യ ഹർജിയുമായി ഹൈക്കോടതിയെ സമീപിച്ചത്.

    കഴിഞ്ഞ വെള്ളിയാഴ്ച ബോബി ചെമ്മണ്ണൂരിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി ചൊവ്വാഴ്ചത്തേക്ക് മാറ്റിയിരുന്നു. അടിയന്തര സാഹചര്യമില്ലെന്ന് നിരീക്ഷിച്ച കോടതി ആര്‍ക്കും പ്രത്യേക പരിഗണനയില്ലെന്നും വ്യക്തമാക്കിയിരുന്നു. പൊതുവിടത്തില്‍ സംസാരിക്കുമ്പോള്‍ ശ്രദ്ധിക്കണ്ടേയെന്ന് കോടതി ബോബിയോട് ചോദിച്ചിരുന്നു.

    2024 ഓഗസ്റ്റ് ഏഴിന് കണ്ണൂർ ആലക്കോടുള്ള ചെമ്മണൂർ ഇന്റർനാഷണൽ ജ്വല്ലേഴ്സിന്റെ ഷോറൂം ഉദ്ഘാടനത്തിനിടെ നടിയെ ലൈംഗിക ഉദ്ദേശത്തോടെ പിടിച്ചു കറക്കുകയും ദ്വയാർഥ പ്രയോഗം നടത്തുകയും ചെയ്തുവെന്നാണ് ബോബി ചെമ്മണ്ണൂരിനെതിരായ കേസ്.

    No comments

    Post Top Ad

    Post Bottom Ad