Header Ads

  • Breaking News

    ഗ്രീഷ്മ ഉള്‍പ്പെടെ കേരളത്തില്‍ വധശിക്ഷ കാത്ത് കഴിയുന്നവരുടെ എണ്ണം 39 ആയി



    തിരുവനന്തപുരം: ഗ്രീഷ്മയ്ക്ക് കൂടി തൂക്കുകയര്‍ വിധിച്ചതോടെ കേരളത്തില്‍ വധശിക്ഷ കാത്ത് ജയിലില്‍ കിടക്കുന്ന പ്രതികളുടെ എണ്ണം 39 ആയി ഉയര്‍ന്നു. കഴിഞ്ഞ വര്‍ഷം രഞ്ജിത്ത് ശ്രീനിവാസന്‍ കേസില്‍ മാത്രം 15 പ്രതികള്‍ക്കാണ് തൂക്കു കയര്‍ വിധിച്ചത്. എന്നാല്‍ 1991ല്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ ആണ് അവസാനമായി വധശിക്ഷ നടപ്പാക്കിയത്.

    സമൂഹമനസാക്ഷിയെ ഞെട്ടിച്ച അപൂര്‍വങ്ങളില്‍ അപൂര്‍വമായ കുറ്റകൃത്യങ്ങളിലാണ് നീതിന്യായപീഠം പ്രതിക്ക് തൂക്കുകയര്‍ വിധിക്കുന്നത്. പ്രതി യാതൊരു ദയയും അര്‍ഹിക്കുന്നില്ലെന്ന് തെളിവുകളിലൂടെ ബോധ്യമാകുന്ന ഘട്ടത്തിലാണ് വധശിക്ഷ നല്‍കുക. കേരളത്തില്‍ 39 പേരാണ് നിലവില്‍ വധശിക്ഷ കാത്ത് ജയിലുകളില്‍ കഴിയുന്നത്. ഇന്നത്തെ വിധിയോടെ ഗ്രീഷ്മ കൂടി പട്ടികയില്‍ ഇടം പിടിച്ചതോടെ വധശിക്ഷ ലഭിച്ച വനിതകളുടെ എണ്ണം 3 ആയി.

    2022ലെ വിഴിഞ്ഞം ശാന്തകുമാരി വധക്കേസില്‍ കോവളം സ്വദേശി റഫീഖ ബീവി, കൊല്ലം വിധുകുമാരന്‍ തമ്പി വധക്കേസില്‍ തമ്പിയുടെ ഭാര്യ ബിനിത കുമാരി എന്നിവരാണ് മറ്റു സ്ത്രീകള്‍. ബിനിതയുടെ ശിക്ഷ പിന്നീട് മേല്‍ക്കോടതി ജീവപര്യന്തമാക്കി കുറച്ചു. റഫീഖ ബീവിയ്ക്കും മകനും വധശിക്ഷ വിധിച്ച അഡീഷണല്‍ സെഷന്‍സ് ജഡ്ജ് എ.എം ബഷീറാണ് ഇന്ന് ഗ്രീഷ്മയെയും ശിക്ഷിച്ചത്.

    സംസ്ഥാനത്ത് ഒരു കേസില്‍ ഏറ്റവും കൂടുതല്‍ പേര്‍ക്ക് വധശിക്ഷ വിധിച്ചത് കഴിഞ്ഞ വര്‍ഷം രഞ്ജിത്ത് ശ്രീനിവാസന്‍ കേസിലായിരുന്നു. 15പേര്‍ക്കാണ് ഈ കേസില്‍ വധശിക്ഷ വിധിച്ചത്. ആലുവയില്‍ ഇതര സംസ്ഥാന തൊഴിലാളിയുടെ മകളെ പീഡിപ്പിച്ച കൊലപ്പെടുത്തിയ കേസിലും മൂക്കന്നൂര്‍ കൂട്ടക്കൊലയിലും പ്രതികള്‍ക്ക് വധശിക്ഷയാണ് ലഭിച്ചത്. മുന്‍ പൊലീസ് ഉദ്യോഗസ്ഥരും വധശിക്ഷ വിധിക്കപ്പെട്ട് കഴിയുന്നവരുടെ പട്ടികയിലുണ്ട്. ഫോര്‍ട്ട് പൊലീസ് സ്റ്റേഷനിലെ ഉരുട്ടി കൊലക്കേസ് പ്രതി എ.എസ്.ഐ ജിതകുമാറാണ് അത്. ഇതേ കേസില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട സിവില്‍ പൊലീസ് ഓഫീസര്‍ ശ്രീകുമാര്‍ ജയില്‍ വാസത്തിനിടെ ക്യാന്‍സര്‍ ബാധിച്ച് മരിച്ചിരുന്നു. പെരുമ്പാവൂരില്‍ നിയമവിദ്യാര്‍ഥിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതി അമീറുല്‍ ഇസ്ലാമിനേയും കാത്തിരുന്നത് വധശിക്ഷയാണ്.

    പ്രതികളെ കോടതികള്‍ വധശിക്ഷയ്ക്ക് വിധിക്കുമ്പോഴും ശിക്ഷ നടപ്പാക്കുന്നത് അപൂര്‍വമാണ്. തിരുവനന്തപുരത്തും കണ്ണൂരുമാണ് സെന്‍ട്രല്‍ ജയിലുകളില്‍ കഴുമരമുളളത്. 34 കൊല്ലം മുന്‍പ് 1991ല്‍ കണ്ണൂരിലാണ് അവസാനമായി വധശിക്ഷ നടപ്പാക്കിയത്. 14 പേരെ ചുറ്റിക കൊണ്ട് അടിച്ച് കൊലപ്പെടുത്തിയ റിപ്പര്‍ ചന്ദ്രനെയാണ് അന്ന് തൂക്കിക്കൊന്നത്. പൂജപ്പുരയില്‍ അവസാനം കഴുവേറ്റിയത് 1974ല്‍ കളിയാക്കിവിള സ്വദേശി അഴകേശനേയും.

    മിക്കവാറും കേസുകളില്‍ മേല്‍ക്കോടതി ശിക്ഷ ഇളവ് ചെയ്യുകയാണ് പതിവ്. അല്ലെങ്കില്‍ രാഷ്ട്രപതിക്ക് ദയാഹര്‍ജി നല്‍കി വധശിക്ഷ ഒഴിവാക്കാനുളള നടപടികളും പ്രതിക്ക് സ്വീകരിക്കാന്‍ കഴിയും. നിര്‍ഭയ കേസില്‍ 2020ല്‍ നാലുപേരുടെ ശിക്ഷ നടപ്പാക്കിയതാണ് രാജ്യത്ത് ഏറ്റവും ഒടുവില്‍ നടപ്പാക്കിയ വധശിക്ഷ.


    No comments

    Post Top Ad

    Post Bottom Ad